ശശി തരൂരിനെ തള്ളി എം എം ഹസന്‍; സ്വയം രക്ഷയ്ക്കുവേണ്ടി ചെറുത്തുനിന്ന പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിക്കുന്നെന്ന് കെ പി സി സി അദ്ധ്യക്ഷന്‍

ആക്രമണം ചെറുക്കാന്‍ സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെ പിന്തുണച്ച് കോണ്‍ഗ്രസ്. പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ നാരദാന്യൂസിനോട് പറഞ്ഞു. പെണ്‍കുട്ടി നിയമം കയ്യിലെടുക്കുന്നതിനു പകരം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു ചെയ്യേണ്ടതെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം

ശശി തരൂരിനെ തള്ളി എം എം ഹസന്‍; സ്വയം രക്ഷയ്ക്കുവേണ്ടി ചെറുത്തുനിന്ന പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിക്കുന്നെന്ന് കെ പി സി സി അദ്ധ്യക്ഷന്‍

പീഡിപ്പിക്കാന്‍ ശ്രമിച്ച് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് കെ പി സി സി അദ്ധ്യക്ഷന്‍ എം എം ഹസന്‍. പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിക്കുകയാണ്. സ്വയംരക്ഷയ്ക്കുവേണ്ടി പെണ്‍കുട്ടി ചെയ്ത കൃത്യം ധീരതയാണെന്നും എം എം ഹസന്‍ പറഞ്ഞു.

സന്ന്യാസിയെ തള്ളിപ്പറയുകയാണ്. ഇത്തരം മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ ആരു ചെയ്താലും നീതീകരിക്കാനാകില്ലെന്നും ഹസന്‍ വ്യക്തമാക്കി. നേരത്തെ പെണ്‍കുട്ടിയുടെ നടപടിയെ എതിര്‍ത്ത് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി നിയമം കൈയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നു തരൂര്‍ പറഞ്ഞു. നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമാണ് ആവശ്യമെങ്കില്‍ നിയമം നടപ്പാക്കാന്‍ പൊലീസിനെ അനുവദിക്കുകയാണു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം പന്മന ആശ്രമത്തിലെ ഹരിസ്വാമിയുടെ ജനനേന്ദ്രിയം ഇന്നലെ രാത്രിയാണ് 23കാരിയും നിയമവിദ്യാര്‍ഥിനിയുമായ തിരുവനന്തപുരം പേട്ട സ്വദേശിനി മുറിച്ചുമാറ്റിയത്. താന്‍ പ്ലസ് ടുവിനു പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു.

രാത്രി ഇയാള്‍ വീട്ടിലെത്തുമെന്നറിഞ്ഞ യുവതി തന്നെ ഉപദ്രവിച്ചാല്‍ നേരിടാന്‍ കത്തി കൈയില്‍ കരുതിയിരുന്നതായും പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവതി പേട്ട പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു.