ഇന്ത്യയില്‍ ലൗജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; സെന്‍കുമാര്‍ പറയുന്നത് നുണ: കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്‍ തലവന്‍ ജോണ്‍. വി. ജോര്‍ജ്ജ്

സെന്‍കുമാര്‍ കേരളത്തില്‍ ലൗജിഹാദ് നടക്കുന്നു എന്നു പ്രസ്താവിച്ചതിനെ കുറിച്ചുള്ള നാരദ ന്യൂസ് അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു ഹരിയാന മുന്‍ ലോആന്‍ഡ് ഓര്‍ഡര്‍ ഡിജിപി ജോണ്‍ വി. ജോര്‍ജ്ജ്.

ഇന്ത്യയില്‍ ലൗജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; സെന്‍കുമാര്‍ പറയുന്നത് നുണ: കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്‍ തലവന്‍ ജോണ്‍. വി. ജോര്‍ജ്ജ്

ഇന്ത്യയില്‍ ലൗജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതിന് നാരദയ്ക്ക് സ്ഥിരീകരണം ലഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐബി) മുന്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറും മുന്‍ ഹരിയാന ഡിജിപിയുമായ ഡോ. ജോണ്‍ വി. ജോര്‍ജാണ് ലൗജിഹാദിനെ കുറിച്ച് സെന്‍കുമാര്‍ പ്രചരിപ്പുക്കുന്നത് വെറും ഭാവനകള്‍ മാത്രമാണെന്ന് നാരദയോട് പറഞ്ഞു.

കേരളത്തില്‍ ലൗജിഹാദ് നടന്നു എന്ന് ഡിജിപി സ്ഥാനം ഒഴിഞ്ഞ സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ലൗജിഹാദ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജോണ്‍ വി. ജോര്‍ജ് നാരദയോട് വ്യക്തമാക്കിയത്.

രാജ്യത്തെ മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ വിവാഹം കഴിക്കുന്നതിനെയാണ് ലൗജിഹാദ് എന്ന പേരുള്ള തീവ്രവാദ പ്രവര്‍ത്തനമായി സംഘപരിവാര്‍ സംഘടനകള്‍ ചിത്രീകരിക്കുന്നതിന്. ലൗജിഹാദ് തടയാനെന്ന പേരില്‍ ഹിന്ദു ഹെല്‍പ്പ് ലൈനുകള്‍ രാജ്യത്താകമാനമുണ്ട്. കേരളത്തിലും പ്രവര്‍ത്തനമുണ്ട്.

'മതമൊന്നും നോക്കാതെ യുവതീ യുവാക്കള്‍ അന്യോന്യം ഇഷ്ടപ്പെട്ട് കല്യാണം കഴിക്കുന്നുണ്ടാകും. എന്നാല്‍ ഇത് ലൗജിഹാദാണെന്നു പറയുന്നത് ഔദ്യോഗികമായി തെറ്റാണ്. അങ്ങനെ ഒരെണ്ണം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉണ്ടെന്നു പറയുന്നത് അടിസ്ഥാനമുള്ളതല്ല. ഇങ്ങനെ ഒരു ലൗജിഹാദ് ഉണ്ടായിരുന്നു എങ്കില്‍ ഇത് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയ്ക്ക് നിര്‍ബന്ധമായി റിപ്പോര്‍ട്ട് ചെയ്തിരിക്കേണ്ടതാണ്. സെന്‍കുമാര്‍ ഈ പറയുന്ന സമയത്ത് ഡല്‍ഹിയില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സീനിയര്‍ അഡീഷണല്‍ ജോയിന്റ് ഡയറക്ടറായി ജോലിനോക്കിയയാളാണ് ഞാന്‍. കേരളത്തില്‍ നിന്നും ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സെന്‍കുമാര്‍ പറയുന്നത് വാസ്തവ വിരുദ്ധമാണ്'- ജോണ്‍ വി.ജോര്‍ജ് പറഞ്ഞു.

മറ്റ് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ വിമര്‍ശിക്കുന്നതിനെ കുറിച്ച്- 'മേലുദ്യോഗസ്ഥര്‍ ചതിച്ചു എന്നു പറയുമ്പാള്‍ സെന്‍കുമാര്‍ എത്രപേരെ ഇതേപോലെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സ്വയം ആലോചിച്ചാല്‍ മതി'യെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ സെന്‍കുമാറിന്റെ ലൗജിഹാദ് വാദത്തെ തള്ളിക്കളയുകയാണ്. കേരളത്തില്‍ ലൗജിഹാദ് നടന്നിട്ടുണ്ടോ എന്ന് സെന്‍കുമാര്‍ ഇനി വ്യക്തമാക്കേണ്ടി വരും.

ആലപ്പുഴ സ്വദേശിയാണ് ഡോ. ജോണ്‍ വി.ജോര്‍ജ്. തിരുവല്ല മാര്‍ത്തോമ കോളേജിലെ അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് ഐപിഎസ് ലഭിച്ച് ജോണ്‍ വി. ജോര്‍ജ് സര്‍വ്വീസില്‍ എത്തുന്നത്. നാല്‍പ്പതു വര്‍ഷത്തോളം സര്‍വ്വീസിലുണ്ടായിരുന്നു. ഹരിയാനയിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിജിപിയായിരുന്നു. രാഷ്ടപതിയില്‍ നിന്നും രഹസ്യന്വേഷണ മികവിന് വിവിധ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. കേരള ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസിന്റെ ബാച്ച്‌മേറ്റായിരുന്നു.

'ഐപിഎസുകാര്‍ക്ക് ഒരു മാന്യതയുണ്ട്. വിരമിച്ചു കഴിഞ്ഞാലും അത് പാലിക്കാനുള്ള മര്യാദ എല്ലാവരിലും അര്‍പ്പിതമാണ്. ഇത്രയും കാലം പൊലീസ് സര്‍വ്വീസില്‍ ഇരുന്ന ശേഷം ഇങ്ങനെ തെറിപറഞ്ഞു നടക്കുന്നതിനെ കുറിച്ച് അദ്ദേഹം തന്നെ സ്വയമേ ചിന്തിക്കണം'- സെന്‍കുമാറിനെ രൂക്ഷമായ രീതിയിലാണ് ജോണ്‍. വി. ജോര്‍ജ്ജ് വിമര്‍ശിക്കുന്നത്.

Read More >>