ജാതിമതില്‍ പൊളിക്കല്‍: 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ക്ഷേത്ര ഭരണസമിതി; സ്ഥലത്ത് വന്‍പൊലീസ് സന്നാഹം

അംബേദ്കര്‍ ജന്മദിനത്തില്‍ എറണാകുളത്ത് ദളിതര്‍ ജാതിമതില്‍ പൊളിച്ച സംഭവത്തില്‍ ഹൈന്ദവ ക്ഷേത്രം ഭാരവാഹികള്‍ വിശദീകരണം നല്‍കുന്നു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പതിച്ചു നല്‍കിയ സ്ഥലത്ത് മതില്‍ കെട്ടുകയായിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍

ജാതിമതില്‍ പൊളിക്കല്‍: 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ക്ഷേത്ര ഭരണസമിതി; സ്ഥലത്ത് വന്‍പൊലീസ് സന്നാഹം

അബേദ്കര്‍ ദിനത്തില്‍ ജാതിമതില്‍ ദളിതര്‍ പൊളിച്ചെറിഞ്ഞ സംഭവത്തില്‍ 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹൈന്ദവ ക്ഷേത്രം ഭരണസമിതി. 38 ദിവസമായി ദളിതരുടെ സമരം തുടരുകയാണിവിടെ. പൊലീസ് സ്ഥലത്ത് തമ്പടിക്കുന്നു. 1981ല്‍ സര്‍ക്കാര്‍ സ്ഥലം ക്ഷേത്രത്തിന് പതിച്ചു നല്‍കിയെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ ആവര്‍ത്തിക്കുന്നു.

കോലഞ്ചേരി ചൂണ്ടി ഭജനമഠത്തിനു സമീപത്തെ ജനവിഭാഗങ്ങളും ഉപയോഗിച്ചിരുന്ന ക്ഷേത്രമൈതാനം ദളിതര്‍ കയറി അശുദ്ധമാക്കാതിരിക്കാന്‍ നിര്‍മ്മിച്ച ജാതി മതില്‍ ദളിത് സമരമുന്നണി പൊളിച്ചു നീക്കിയ സംഭവത്തില്‍ സമരവുമായി മുന്നോട്ടെന്ന് സ്ഥലം സന്ദര്‍ശിച്ച 'നാരദ ന്യൂസി'നോട് പറഞ്ഞു. ദളിത് ഭൂസമരമുന്നണി പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനാലാണ് തുടര്‍സമരങ്ങളിലേയ്ക്ക് പോകുന്നത്.ക്ഷേത്ര ഭാരവാഹികളുടെ കടുത്ത നിലപാടുകള്‍ക്ക് എതിരെയാണ് ഇവര്‍ കഴിഞ്ഞ 38 ദിവസമായി സമരം ചെയ്യുന്നത്. റവന്യു പുറമ്പോക്കില്‍ ക്ഷേത്രഭാരവാഹികള്‍ കെട്ടിയ മതില്‍ അവിടുത്തെ ജനവിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുകയും. തുടര്‍ന്ന് കഴിഞ്ഞ അംബേദ്കര്‍ ദിനത്തില്‍ മുന്നൂറോളം വരുന്ന ജനങ്ങള്‍ ജാതി മതില്‍ പൊളിച്ചു നീക്കുകയായിരുന്നു. സംഭവശേഷം പൊലീസ് സുരക്ഷയിലാണ് ഭജനമഠം ക്ഷേത്രം പരിസരം. മതിലിനുള്ളില്‍ പൊലീസും പുറത്ത് ദളിത് ജനത സ്ത്രീകളും കുട്ടികളുമായി സമരത്തില്‍ പങ്കെടുക്കുന്ന കാഴ്ചയാണ് കാണാനായത്.

''1981ലാണ് ഭൂമി ക്ഷേത്രത്തിന് പതിച്ച് കിട്ടുന്നത്. ക്ഷേത്രം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അതിന്റെ തച്ചുശാസ്ത്ര പ്രകാരം ചുറ്റുമതില്‍ പണിയാന്‍ തീരുമാനിച്ചത് ജനങ്ങള്‍ അതിനെ തടയുകയായിരുന്നു. പിന്നെ പഞ്ചായത്തില്‍ മതിലിനായി എന്‍ഒസിക്ക് അപേഷിച്ചു. പഞ്ചായത്ത് എന്‍ഒസി നല്‍കുകയാണെങ്കില്‍ തടയില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. പക്ഷെ പഞ്ചായത്ത് എന്‍ഒസി തരുകയും അവര്‍ ആര്‍ഡിഒയുടെ അടുത്ത് പരാതി കൊടുക്കയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം താലൂക്ക് സര്‍വ്വേയര്‍ വന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും തുടര്‍ന്ന് ആര്‍ഡിഒ മതില്‍ കെട്ടാന്‍ അനുമതി തന്നു. അവര്‍ വീണ്ടും തടഞ്ഞപ്പോള്‍ സ്വാഭാവികമായി ഞങ്ങള്‍ ഹൈക്കോര്‍ട്ടില്‍ പോയി. അവിടെ നിന്ന് മതില്‍ പണിയാനുള്ള അനുമതി കിട്ടി. എന്നാല്‍ പുറമ്പോക്ക് ഭൂമി ആണെന്ന് തെളിയിക്കാനുള്ള യാതൊരുവിധ തെളിവുകളും കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ആ കേസ് തള്ളുകയും ചെയ്തു''- ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് രമേശ് നാരദയോട് പറഞ്ഞു.

''മതില്‍ കെട്ടുമ്പോള്‍ ഇവിടെയുള്ള എല്ലാ ആളുകള്‍ക്കും സഞ്ചാരിക്കാനും അകത്ത് പ്രവേശിപ്പിക്കുന്നതിനും വേണ്ടി നാല് വശങ്ങളിലും ഗെയ്റ്റ് പണിതിരുന്നു. ഏകദേശം 16 ലക്ഷം രൂപയുടെ നഷ്ടമാണ് മതില്‍ പൊളിക്കലിലൂടെ ക്ഷേത്രത്തിനുണ്ടായിട്ടുള്ളത്. ദേശവിളക്കുമായി ബന്ധപ്പെട്ട് ക്ഷേത്രമൈതാനത്തില്‍ പരിപാടി സംഘടിപ്പിക്കാന്‍ ഭജനമഠം നിവാസികള്‍ അനുവാദം ചോദിച്ചിരുന്നു എന്നാല്‍ ക്ഷേത്രം തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അവിടെ നടത്താന്‍ കഴിയില്ലായിരുന്നു. കാരണം, അയ്യപ്പ സാന്നിദ്ധ്യം ഇല്ലാത്തതുകൊണ്ട് ക്ഷേത്രത്തില്‍ വെച്ച് നടത്താന്‍ പാടില്ല. എല്ലാവരും കൂടി ക്ഷേത്രത്തിന്റെ സമീപമുള്ള മറ്റൊരു ഗ്രൗണ്ടില്‍ നടത്താന്‍ തീരുമാനം പറഞ്ഞപ്പോള്‍ തന്നെ അതില്‍ നിന്നും അവര്‍ പിന്മാറുകയായിരുന്നു, തുടര്‍ന്നാണ് ഇത്തരം പ്രതിഷേധത്തിലേക്ക് അവര്‍ പോയത്''- രമേശ് വിശദീകരിക്കുന്നു.

'' ജാതീയമാമായോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന സ്ഥലമാണ് ഭജനമഠം പ്രദേശം. ഇത്തരത്തില്‍ സംഭവങ്ങള്‍ നടക്കുന്നതില്‍ വലിയ ആശങ്കയുണ്ട്. ക്ഷേത്രത്തില്‍ കയറുന്നതിനോ മൈതാനിയില്‍ സഞ്ചരിക്കുന്നതിനോ ആരു തടഞ്ഞിട്ടില്ല.ജാതിപേര് വിളിച്ച് അധിഷേപിച്ചു എന്നുള്ള പ്രചരണം തെറ്റാണ്. ഞങ്ങള്‍ ചെറുപ്പം മുതല്‍ കളിച്ചുവളര്‍ന്ന മണ്ണാണ്. ഇവിടെ എല്ലാവരും പരസ്പരം അറിയുന്നവരും അത്തരത്തില്‍ ആരോപണം നടത്തുവാന്‍ ഞങ്ങള്‍ക്കാവില്ല. ഇതില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തില്‍ വാക്കുകളോ ഒന്നും തന്നെ ക്ഷേത്ര ഭരണ സമിതിയില്‍ നിന്നും ഉണ്ടായിട്ടില്ല'

''മതില്‍ കെട്ടുന്നതിനെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരവധി തവണ ഒത്തുതീര്‍പ്പുകളും നടന്നതാണ്. എന്നാല്‍ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനായില്ല. ഇപ്പോള്‍ മതില്‍ പൊളിച്ച സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്. രാത്രിയിലും പകലും ക്ഷേത്രത്തിന്റെ സുരക്ഷക്കായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്''- പുത്തന്‍ കുരിശ് എസ് ഐ ജയപ്രസാദ് നാരദയോട് പറഞ്ഞു.

വിശദമായ വായനയ്ക്ക്: കേരളത്തിലും ജാതിമതില്‍: അംബേദ്കര്‍ ദിനത്തില്‍ ദളിതര്‍ പൊളിച്ചെറിഞ്ഞു