ഐആര്‍ഡിഎയുമായി നടത്തിയ ചര്‍ച്ച വിജയം: ചരക്കു ലോറി സമരം പിന്‍വലിച്ചു

വര്‍ധിപ്പിച്ച വാഹന ഇന്‍ഷുറന്‍സ് തുക കുറയ്ക്കാമെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ലോറി ഉടമകൾ അറിയിച്ചു.

ഐആര്‍ഡിഎയുമായി നടത്തിയ ചര്‍ച്ച വിജയം: ചരക്കു ലോറി സമരം പിന്‍വലിച്ചു

ഇൻഷുറൻസ് പ്രീമിയം വർധനയിൽ പ്രതിഷേധിച്ച് ദക്ഷിണേന്ത്യയിൽ ചരക്കുലോറികൾ നടത്തിവന്ന സമരം പിൻവലിച്ചു. ലോറി ഉടമകൾ ഇൻഷുറൻസ് റെ​​ഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎ)യുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

വര്‍ധിപ്പിച്ച വാഹന ഇന്‍ഷുറന്‍സ് തുക കുറയ്ക്കാമെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ലോറി ഉടമകൾ അറിയിച്ചു.

ഡല്‍ഹിയിലും ഹൈദരാബാദിലും നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇന്ന് അർധരാത്രി മുതല്‍ രാജ്യവ്യാപകമായി സമരം വ്യാപിപ്പിക്കുമെന്നു ലോറി ഉടമകള്‍ അറിയിച്ചതിനു പിന്നാലെയാണ് സമവായ ചര്‍ച്ച വിജയിച്ചത്. ലോറി സമരം ശക്തമായതോടെ ഇത് വിപണിയേയും ബാധിച്ചിരുന്നു. കൂടാതെ, ചരക്കുമായെത്തുന്ന ലോറികള്‍ തടയുമെന്നു ഉടമകളുടെ ഭീഷണി വന്നതോടെ ഇത് വിഷു വിപണിയെ തകിടം മറിക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു.

ഒരു വിഭാ​ഗം ലോറി ഉടമകൾ സമരത്തിൽ നിന്നും പിൻമാറിയതോടെയാണ് ലോറികൾ തടയുടമെന്ന ഭീഷണി ഉയർന്നത്. കഴിഞ്ഞ മാർച്ച് 30 നാണ് ദക്ഷിണേന്ത്യയിലെ ലോറി ഉടമകൾ സമരം ആരംഭിച്ചത്. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ ചരക്ക് ലോറികള്‍ക്കു പുറമെ മിനിലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍, ടിപ്പര്‍ ലോറികള്‍, ഗ്യാസ് ടാങ്കര്‍ ലോറികള്‍ എന്നിവ അടക്കമുള്ളവ സമരത്തില്‍ പങ്കെടുക്കുമെന്നും ഉടമകൾ അറിയിച്ചിരുന്നു. ഇതിനിടെയാണ് പൊടുന്നനെ സമവായ ചർച്ച വിജയകരമായത്.

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, ആര്‍ടിഒ ഫീസുകള്‍ കുറയ്ക്കുക, ടോളുകള്‍ കുറയ്ക്കുക, കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഓടാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോറി ഉടമകള്‍ സമരം ആരംഭിച്ചത്.