ആലിലയില്‍ കെട്ടിയിട്ട കുരുന്ന് ജീവനോടെയുണ്ടോ? അന്വേഷിക്കാതെ ശിശുക്ഷേമസമിതിയും പൊലീസും

ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യല്‍മീഡിയയിലൂടെയുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത് തെളിവായി സ്വീകരിച്ച് സ്വമേധയാ കേസെടുക്കാമെന്നിരിക്കെ, ഇതുണ്ടായിട്ടില്ല. രേഖാമൂലം പരാതി ലഭിച്ചാലേ കേസെടുക്കാനാകൂ എന്നാണ് പയ്യന്നൂര്‍ പൊലീസിന്റെ നിലപാട്.

ആലിലയില്‍ കെട്ടിയിട്ട കുരുന്ന് ജീവനോടെയുണ്ടോ? അന്വേഷിക്കാതെ ശിശുക്ഷേമസമിതിയും പൊലീസും

കണ്ണൂര്‍ പയ്യന്നൂരിലെ ശോഭായാത്രയില്‍ കൊച്ചുകുട്ടിയെ കൃഷ്ണവേഷം കെട്ടിച്ച് ആലിലയുടെ മാതൃകയിലുള്ള നിശ്ചലദൃശ്യത്തില്‍ മണിക്കൂറുകള്‍ കെട്ടിയിട്ട സംഭവത്തില്‍ നടപടിയെടുക്കാതെ പൊലീസും ശിശുക്ഷേമസമിതിയും. കുട്ടി ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ പോലും ആര്‍ക്കും ഉത്തരമില്ല. കഴിഞ്ഞദിവസം പയ്യന്നൂര്‍ പുതിയസ്റ്റാന്‍ഡ് പരിസരത്ത് വിവേകാനന്ദ സേവാസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്രയിലാണ് പിഞ്ചുകുഞ്ഞിനെ പൊരിവെയിലത്ത് മൂന്നു മണിക്കൂറോളം കെട്ടിയിട്ടത്. സ്ഥലം എസ്‌ഐ ഉള്‍പ്പെടെ നിരവധി പൊലീസുകാരുടെ കണ്‍മുന്നിലായിരുന്നു സംഭവം. നിയമലംഘനം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ പോലും ശിശുക്ഷേമസമിതിയോ പൊലീസോ തയ്യാറായിട്ടില്ല.


കുട്ടികളോടുള്ള അതിക്രമത്തിന് തെളിവായി നിരവധി ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യല്‍മീഡിയയിലൂടെയുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത് തെളിവായി സ്വീകരിച്ച് സ്വമേധയാ കേസെടുക്കാമെന്നിരിക്കെ, ഇതുണ്ടായിട്ടില്ല. രേഖാമൂലം പരാതി ലഭിച്ചാലേ കേസെടുക്കാനാകൂ എന്നാണ് പയ്യന്നൂര്‍ പൊലീസിന്റെ നിലപാട്. കുട്ടിക്ക് അപകടമൊന്നുമുണ്ടാകാത്തതിനാലും രക്ഷിതാക്കള്‍ പരാതി നല്‍കാത്തതിനാലും കേസെടുത്തിട്ടില്ലെന്നാണ് ശിശുക്ഷേമസമിതി അധികൃതരുടെ വാദം. കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും നേരിട്ട് പരിശോധിക്കുമെന്നും ചൈല്‍ഡ്‌ലൈന്‍ അധിതൃതര്‍ പറഞ്ഞു. കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. പീഡനത്തിന്റെ കാഠിന്യമനുസരിച്ച് ജാമ്യമില്ലാവകുപ്പു പ്രകാരംപോലും കേസെടുക്കാനുമാകും. എന്നിട്ടും രക്ഷിതാക്കളുടെ പരാതിയില്ലെന്ന ന്യായംപറഞ്ഞ് തുടര്‍നടപടി സ്വീകരിക്കാതിരിക്കുകയാണ് പൊലീസും ശിശുക്ഷേമസമിതിയും.


ശ്രീകൃഷ്ണ ജയന്തിക്കിടെ കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന കാര്യം കയ്യൂര്‍ സ്വദേശിയായ ശ്രീകാന്ത് ഫേസ്ബുക്ക് പേജില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. കടുത്ത ബാലാവകാശ ലംഘനത്തെക്കുറിച്ച് സംഭവസ്ഥലത്തുവച്ചുതന്നെ ശ്രീകാന്ത് ചൈല്‍ഡ് ലൈനില്‍ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. കുട്ടിക്കോ രക്ഷിതാക്കള്‍ക്കോ പരാതിയുണ്ടോ എന്നതായിരുന്നു മറുപടിയെന്ന് ശ്രീകാന്ത് പറയുന്നു. ഏറെ നേരത്തെ ഫോണ്‍വിളികള്‍ക്കൊടുവില്‍ പൊലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്ന മറുപടി ലഭിച്ചെങ്കിലും പൊലീസിന്റെ കണ്‍മുന്നില്‍ത്തന്നെയായിരുന്നു ഈ നിയമലംഘനം അരങ്ങേറിയതെന്ന് ശ്രീകാന്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അതേസമയം ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ശ്രീകാന്തിനു നേരെ ഫോണില്‍ വധഭീഷണിയുണ്ടായതായി പരാതിയുണ്ട്.

Read More >>