പ്രാദേശിക രാഷ്ട്രീയ നേതൃത്വം മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്നുവെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍

മൂന്നാറില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏലമലക്കാടുകളിലടക്കം വ്യാപക കയ്യേറ്റം നടക്കുന്നുണ്ടെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രാദേശിക രാഷ്ട്രീയ നേതൃത്വം മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്നുവെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വം തടസ്സം നില്‍ക്കുന്നതായി ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്. മൂന്നാറില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷിയാവശ്യത്തിനായി നല്‍കിയ പാട്ടഭൂമി കൃഷിയേതര ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഏലമലക്കാടുകളിലടക്കം വ്യാപക കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യക്തമായ ധാരണയില്ലാതെ കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കുന്നുണ്ടെന്നും കുറ്റപ്പെടുത്തുന്നു.മൂന്നാറിലെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ചും ഭൂമി കയ്യേറ്റത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്കു മുമ്പാകെയാണ് സമര്‍പ്പിച്ചിട്ടുള്ളത്.