ഈ പോസ്റ്റിന്റെ ലൈക്കും ഷെയറും കണ്ട് ഈ കൗമാരക്കാരൻ ഞെട്ടിക്കാണും... സംവരണ വിരുദ്ധതയ്ക്ക് ഇത്രയും സ്വീകാര്യതയോ?

പ്ലസ് ടു പരീക്ഷയ്ക്ക് 79.7 % മാർക്ക് കിട്ടിയിട്ടും സീറ്റ് ലഭിക്കാത്തതിനു കാരണം സംവരണമാണെന്നും അതിനാൽ താൻ കൃഷിപ്പണിക്കു പോവുകയാണെന്നും പറഞ്ഞുള്ള കൗമാരക്കാരൻ ലിജോ ജോയിയുടെ പോസ്റ്റിനെ കേരളം സ്വീകരിച്ചത് എങ്ങനെയെന്നു കാണാം.

ഈ പോസ്റ്റിന്റെ ലൈക്കും ഷെയറും കണ്ട് ഈ കൗമാരക്കാരൻ ഞെട്ടിക്കാണും... സംവരണ വിരുദ്ധതയ്ക്ക് ഇത്രയും സ്വീകാര്യതയോ?

കേവലം മുന്നൂറും നാന്നൂറും ലൈക്കുകളൊക്കെ വാങ്ങിക്കൊണ്ടിരുന്നൊരു കൗമാരക്കാരൻ ലിജോ ജോയ് ശരിക്കും ഞെട്ടിക്കാണും. താനിട്ട് ഒരു പോസ്റ്റിന് 20 മണിക്കൂർ കൊണ്ട് ലഭിച്ച ലൈക്കും ഷെയറും കണ്ടപ്പോൾ. ഇവിടെയൊരു സൂപ്പർ സ്റ്റാറിനും എല്ലാ വിവരങ്ങളും ഫേസ്ബുക്കിലൂടെ അറിയിക്കുന്ന മുഖ്യമന്ത്രിക്കു പോലും കിട്ടാത്തത്ര പിന്തുണ. എന്തിനെ സംബന്ധിച്ചിട്ട പോസ്റ്റാണെന്ന് അറിയുമ്പോഴേ മലയാളിയുടെ ജാതിബോധം എത്രമാത്രം ഉണ്ടെന്നു ബോധ്യമാവൂ.

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയിട്ടും സീറ്റ് ലഭിച്ചില്ല എന്നതാണ് ലിജോയുടെ പരാതി. ഡി​ഗ്രിക്ക് സീറ്റ് കിട്ടാത്തതിനാൽ കൃഷിപ്പണിക്ക് പോവുന്നുവെന്നു പറഞ്ഞ് പുല്ലുള്ള പറമ്പിൽ രണ്ട് കിള കിളക്കുന്നതാണ് ലിജോ പോസ്റ്റ് ചെയ്ത ചിത്രം. അതിനൊപ്പം തനിക്ക് സീറ്റ് കിട്ടാത്തത് സംവരണം മൂലമാണെന്നു പറയുമ്പോഴേ ലൈക്കുകൾ വീണു തുടങ്ങിക്കാണും. പോസ്റ്റ് സംവരണം അവസാനിപ്പിക്കണം എന്നു പറഞ്ഞ് ഫുൾസ്റ്റോപ്പിടുമ്പോൾ പെയ്തു ഷെയറുകളുടെ പെരുമഴ.

ലിജോ ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്


അഞ്ച് അലോട്ട്മെന്റ് വന്നിട്ടും അഡ്മിഷൻ കിട്ടിയില്ല. എന്നുകരുതി ജീവിക്കണ്ടേയെന്നു ലിജോ ചോദിക്കുന്നു. താൻ ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാൻ പോകുവാണ് എന്ന് സൂചിപ്പിച്ച് തൂമ്പയും തോളത്തുവച്ച് നടക്കുന്നതിന്റെ ചിത്രം താഴെ കാണാം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശെരിയല്ല. അല്ലെങ്കിൽ പിന്നെ കൂടെ പഠിച്ചവരൊക്കെ കോളേജിൽ പോകുമ്പോ താൻ ഈ കാട് കിളക്കേണ്ട അവസ്ഥ വരുമായിരുന്നോ എന്ന് സ്വന്തം അനുഭവം കുത്തുവാക്കായി പറഞ്ഞുവയ്ക്കുന്നു.

തൊട്ടുപിന്നാലെ കാര്യം പറയുന്നു. പ്ലസ് ടുവിന് 79.7 % മാർക്ക് മേടിച്ചിട്ടും അഡ്മിഷൻ കിട്ടാത്ത അവസ്ഥ (കരച്ചിലിന്റെ രണ്ട് ഇമോജി).

അഡ്മിഷനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ താൻ ആ സത്യം മനസിലാക്കി. ഇവിടെ അഡ്മിഷനുള്ള മാനദണ്ഡം മാർക്ക് മാത്രമല്ല.

50% മാർക്കുള്ള താഴ്ന്ന ജാതിയിൽപ്പെട്ട കൂട്ടുകാർക്ക് എവിടെ വേണമെങ്കിലും അഡ്മിഷൻ കിട്ടും.

അഡ്മിഷനുള്ള മറ്റൊരു മാനദണ്ഡം പൈസയാണ്. ഇത് രണ്ടും ഇല്ലാത്തതുകൊണ്ടാവാം എനിക്ക് ഈ അവസ്ഥ വന്നത്. സാരമില്ല. ആരോടും ദേഷ്യമില്ല. മണ്ണിന്റെ മണം ഞാൻ ആസ്വദിച്ച് തുടങ്ങുന്നു.

ഇതിനു ശേഷമാണ് ലിജോ ആ ഹാഷ്ടാ​ഗ് ഇടുന്നത്- നിങ്ങളെന്നെ_കർഷകനാക്കി. ഇനിയുള്ള തലമുറയ്ക്ക് സംവരണത്തിന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക എന്നു പറഞ്ഞാണ് ലിജോ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പിന്നെ കമന്റുകളുടെ സംവരണ വിരുദ്ധതയായി. രാജ്യത്ത് സംവരണ വിരുദ്ധത പ്രചരിപ്പിക്കുന്ന സംഘപരിവാർ കൂട്ടം ലിജോ ജോയിയുടെ പോസ്റ്റിനു താഴെ സ്നേഹപ്പൊങ്കാല ഇടുകയാണ്. കേരളം എത്രമാത്രം സംവരണ വിരുദ്ധമാണ് എന്നതിന് ഈ പോസ്റ്റും ഇതിലെ ലൈക്കുകളും ഷെയറുകളും പ്രകടമായ ഉദാ​ഹരണമാകുന്നു.


Read More >>