പ്രേമിക്കുന്നവരെ ചൂരലിനടിക്കാന്‍ നിങ്ങള്‍ ഏതു സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്; ശിവസേനയ്‌ക്കെതിരെ ലിജോ ജോസ് പെല്ലിശ്ശേരി

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ലിജോ ജോസിന്റെ പ്രതികരണം. 'ജീവിക്കൂ, മരിക്കൂ എന്തിനാ കൊണക്കുന്നേ സുഹൃത്തുക്കളേ' എന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

പ്രേമിക്കുന്നവരെ ചൂരലിനടിക്കാന്‍ നിങ്ങള്‍ ഏതു സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്; ശിവസേനയ്‌ക്കെതിരെ ലിജോ ജോസ് പെല്ലിശ്ശേരി

മറൈന്‍ ഡ്രൈവില്‍ നടന്ന ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പ്രേമിക്കുന്ന ആളുകളെ ചൂരലിനടിക്കാന്‍ നിങ്ങള്‍ ഏതു സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആണെന്ന് തനിക്ക് ഇതുവരെ മനസ്സിലായില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി അഭിപ്രായപ്പെട്ടു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ലിജോ ജോസിന്റെ പ്രതികരണം. 'ജീവിക്കൂ, മരിക്കൂ എന്തിനാ കൊണക്കുന്നേ സുഹൃത്തുക്കളേ' എന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു. തീയേറ്ററുകളില്‍ വിജയകരമായി ചിത്രീകരണം തുടരുന്ന അങ്കമാലി ഡയറീസ് എന്ന സിനിമയുടെ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.

വനിതാ ദിനമായ ഇന്നലെ കൊച്ചി മറൈന്‍ ഡ്രൈവിലായിരുന്നു ശിവസേനയുടെ സദാചാര ഗുണ്ടായിസം. ഒരുമിച്ചിരുന്ന യുവതീ യുവാക്കളെ ചൂരലിനടിച്ചും കേട്ടാലറയ്ക്കുന്ന അശ്ലീലവാക്കുകള്‍ ഉപയോഗിച്ചും ഇവര്‍ വിരട്ടിയോടിക്കുകയായിരുന്നു. എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇത് സോഷ്യല്‍മീഡിയകളില്‍ അടക്കം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സംഭവത്തില്‍ ആറു ശിവസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്്തു. അതേസമയം, മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പൊലീസിനു വീഴ്ച സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നുരാവിലെ വ്യക്തമാക്കിയിരുന്നു.

Read More >>