ദുർമന്ത്രവാദത്തിന്റെ പേരിൽ കൊലപാതകം; മന്ത്രവാദിക്ക് ജീവപര്യന്തം

ഹസീനയെ കമഴ്ത്തി കിടത്തി മുകളില്‍ കയറിയിരുന്ന് തല വലിച്ച്‌ ഉയ‌ര്‍ത്തി. ഇതോടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായി.

ദുർമന്ത്രവാദത്തിന്റെ പേരിൽ കൊലപാതകം; മന്ത്രവാദിക്ക് ജീവപര്യന്തം

കൊല്ലത്ത് ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ അരുംകൊല നടത്തിയ മന്ത്രവാദിക്ക് ജീവപര്യന്തം. മൈനാ​ഗപ്പള്ളി സ്വദേശി മുഹമ്മദ് സിറാജിനെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2014 ജൂലൈ12 നാണ് കേസിനാസ്പദമായ സംഭവം. മൈനാ​ഗപ്പള്ളി സ്വദേശിനി ഹസീനയ്ക്കാണ് ദുർമന്ത്രവാദി സിറാജിന്റെ ക്രൂര പീഡനത്തെ തുടർന്ന് ജീവൻ നഷ്ടമായത്.

ഉറക്കമില്ല എന്നു പറഞ്ഞാണ് ഹസീനയെ വീട്ടുകാർ ദു‍ര്‍മന്ത്രിവാദിയായ സിറാജിന്റെ മുന്നില്‍ എത്തിച്ചത്. പ്രേത ബാധ ഉണ്ടന്നും ബാധ ഒഴിപ്പിക്കുന്നതിനായി മൂന്നു ദിവസത്തെ പൂജ വേണമെന്നും സിറാജ് പറഞ്ഞു. തുടര്‍ന്ന് ജൂലൈ 12ന് ബാധ ഒഴിപിക്കാനെന്ന പേരിൽ പൂജകള്‍ തുടങ്ങി. തുടർന്ന് അത്യന്തം ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഹസീനയ്ക്ക് പ്രതിയിൽ നിന്നും ഏല്‍ക്കേണ്ടി വന്നത്.

ഹസീനയെ കമഴ്ത്തി കിടത്തി മുകളില്‍ കയറിയിരുന്ന് തല വലിച്ച്‌ ഉയ‌ര്‍ത്തി. ഇതോടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണ കാരണമായതെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വ്യക്തമാക്കി. ഇത് മുഖവിലയ്ക്കെടുത്താണ് സിറാജിന് കോടതി ജീവ പര്യന്തം ശിക്ഷ വിധിച്ചത്.

ഹസീനയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികല്‍. ഹസീനയുടം അച്ഛനെയും കേസിൽ പ്രതിചേര്‍ത്തിരുന്നു. ഇയാളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ബന്ധുക്കള്‍ക്ക് നേരിട്ട് പങ്കില്ലാത്തതിനാല്‍ ശിക്ഷയില്‍ നിന്ന് അവരെയും ഒഴിവാക്കുകയായിരുന്നു.