മലപ്പുറം ജനവിധി: സർക്കാരിനെതിരായ വിധിയെഴുത്തല്ലെന്നു പിണറായി; എൽഡിഎഫിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നു കോടിയേരി; ഫലം ഉൾക്കൊള്ളണമെന്നു കാനം

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വോട്ടിങ് ശതമാനം ചൂണ്ടിക്കാട്ടിക്കൊണ്ടു ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരായ വിധിയെഴുതല്ലെന്നു പിണറായിയും എൽഡിഎഫ് നേട്ടമുണ്ടാക്കിയെന്നു കോടിയേരിയും അഭിപ്രായപ്പെട്ടപ്പോൾ തിരഞ്ഞെടുപ്പ് ഫലം ഉൾക്കൊള്ളണം എന്ന പ്രതികരണമാണ് കാനം രാജേന്ദ്രൻ നടത്തിയത്.

മലപ്പുറം ജനവിധി: സർക്കാരിനെതിരായ വിധിയെഴുത്തല്ലെന്നു പിണറായി; എൽഡിഎഫിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നു കോടിയേരി; ഫലം ഉൾക്കൊള്ളണമെന്നു കാനം

സംസ്ഥാനസര്‍ക്കാരിനെതിരായ വിധിയെഴുത്തല്ല മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ എല്‍ഡിഎഫിന്റെ വോട്ടിലും ശതമാനത്തിലും വന്‍ വര്‍ധനവുണ്ടായി. എന്നാല്‍ യുഡിഎഫിന് ആ നിലയില്‍ വര്‍ധനവുണ്ടായില്ല. ബിജെപിയുടെ വോട്ടിംഗ് ശതമാനം പുറകോട്ട് പോവുകയും ചെയ്തു. തെരഞ്ഞെടുപ്പ് രംഗത്ത് കടുത്ത മത്സരം തന്നെയാണ് ഉയര്‍ന്നുവന്നത്. നല്ല മത്സരം നടത്താന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് യുഡിഎഫിന് ഉദ്ദേശിച്ച വിജയം നടത്താന്‍ കഴിയാതെ പോയതെന്നും പിണറായി കൂട്ടിച്ചേർത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കാല്‍ലക്ഷം വോട്ട് കുറയ്ക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന്റെ നേട്ടമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. എല്‍ഡിഎഫിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരുലക്ഷം വോട്ട് വര്‍ധിച്ചു. യുഡിഎഫിന് 77502 വോട്ടാണ് വര്‍ധിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 77609 വോട്ടുകള്‍ എസ്ഡിപിഐക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും കിട്ടിയിരുന്നു. ആ വോട്ടുകള്‍ ഇക്കുറി ലീഗിന് കിട്ടി എന്നുമാത്രം. മുസ്ലീം സംഘടനകളെ ഏകോപിപ്പിക്കാന്‍ യുഡിഎഫ് ശ്രമിച്ചിരുന്നു. ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ബിജെപിക്കാണ്. ആറിരട്ടിവോട്ട് അധികംകിട്ടുമെന്ന് പറഞ്ഞ് മത്സരിച്ച ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടുവെന്നും കോടിയേരി വിശദീകരിച്ചു.

ബിജെപി രാഷ്ട്രീയത്തെ കേരളം നിരാകരിക്കുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. മതനിരപേക്ഷതയുടെ കൂടെയാണ് ജനങ്ങള്‍ എന്ന സൂചനയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ഫലം ഉൾക്കൊണ്ടു മുന്നോട്ടു പോകണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. നേരത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സിപിഐ ഉയർത്തിയ ആരോപണങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്യാനിരിക്കെ, ഉപതിരഞ്ഞെടുപ്പ് ഫലത്തെ ആയുധമാക്കുമെന്ന സൂചനയാണ് കാനം നൽകുന്നത്.

Story by