വിദേശ ഫണ്ട് വിവാദത്തിൽ സിപിഐഎം പുറത്താക്കിയ ജോയ് ഇളമൺ കിലയുടെ തലപ്പത്ത്; ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കാനായി പിണറായി സർക്കാർ ചുമതലപ്പെടുത്തുന്നത് വിവാദനായകനെ

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കവെ പരിശീലന പരിപാടികൾക്കായി സ്വിസ്സ് ഏജൻസിയിൽ നിന്നും പാർട്ടിയറിയാതെ വിദേശ ഫണ്ട് കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ഇത് പാർട്ടിക്കകത്ത് വലിയ വിവാദമുണ്ടാക്കുകയും വിഭാഗീയതയുടെ ഭാഗമായി കടുത്ത ചർച്ചകൾ രൂപപ്പെടുകയും ചെയ്തിരുന്നു. വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വി എസ് പക്ഷം തോമസ് ഐസക്കിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ജോയ് ഇളമണിന് എതിരെ മാത്രമാണ് നടപടിയുണ്ടായത്.

വിദേശ ഫണ്ട് വിവാദത്തിൽ സിപിഐഎം പുറത്താക്കിയ ജോയ് ഇളമൺ കിലയുടെ തലപ്പത്ത്; ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കാനായി പിണറായി സർക്കാർ ചുമതലപ്പെടുത്തുന്നത് വിവാദനായകനെ

ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡോ. ജോയ് ഇളമണിനെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ഡയറക്ടറായി പിണറായി സർക്കാർ നിയമിച്ചു. നേരത്തെ ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായുള്ള പരിശീലന പദ്ധതികൾക്ക് പാർട്ടിയറിയാതെ വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആരോപണത്തെത്തുടർന്ന് സിപിഐഎം ജോയ് ഇളമണിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ കപ്പാസിറ്റി ബില്‍ഡിങ് പ്രോജക്ട് ഫോര്‍ ഡിസെന്‍ട്രലൈസേഷന്‍ ഇന്‍ കേരളയുടെ മേധാവിയായി പ്രവർത്തിക്കവെ പരിശീലന പരിപാടികൾക്കായി സ്വിസ്സ് ഏജൻസിയിൽ നിന്നും പാർട്ടിയറിയാതെ വിദേശ ഫണ്ട് കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ഇത് പാർട്ടിക്കകത്ത് വലിയ വിവാദമുണ്ടാക്കുകയും വിഭാഗീയതയുടെ ഭാഗമായി കടുത്ത ചർച്ചകൾ രൂപപ്പെടുകയും ചെയ്തിരുന്നു. വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വി എസ് പക്ഷം തോമസ് ഐസക്കിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ജോയ് ഇളമണിന് എതിരെ മാത്രമാണ് നടപടിയുണ്ടായത്.

പിണറായി സർക്കാർ അധികാരമേറ്റശേഷം ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കാനുള്ള ചുമതല ജോയ് ഇളമണിനെ ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നവംബർ മുതൽ ഇതിനുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. സിപിഐഎമ്മിൽ വ്യക്തമായ ധാരണയുണ്ടാക്കിയ ശേഷമാണ് നിയമനം എന്നാണു പാർട്ടിക്കകത്ത് നിന്നും ലഭിക്കുന്ന വിവരം. സാധാരണയായി ഡെപ്യൂട്ടേഷനിലോ നേരിട്ടോ ഉള്ള നിയമനമായിരുന്നു കില ഡയറക്ടറുടേത്. ഇ പി ജയരാജന്റെ ബന്ധു നിയമന വിവാദത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ട് നിയമിക്കാതെ അപേക്ഷകൾ ക്ഷണിച്ച് അഭിമുഖം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ജോയ് ഇളമണിനെ നിയമിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ പ്രാദേശികവികസനവുമായി ബന്ധപ്പെട്ട ഒരു എൻജിഒയുടെ മേധാവിയാണ് ജോയ് ഇളമൺ നിലവിൽ പ്രവർത്തിച്ചു വരുന്നത്. കില ഡയറക്ടറായ ഡോ. പി.പി. ബാലന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ജോയ് ഇളമണിനെ നിയമിക്കുന്നത്.