വെള്ളാപ്പള്ളി കോളേജിലെ അന്വേഷണത്തില്‍ പൊലീസിനു വീഴ്ച; മൊഴിയെടുക്കാനെത്തിയത് പ്രതിയുടെ വാഹനത്തില്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസുദ്യോഗസ്ഥര്‍ മൊഴിയെടുക്കാനെത്തിയത് കേസിലെ പ്രതിയും കോളേജ് ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസുവിന്റെ വാഹനത്തിലായിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വള്ളിക്കുന്നം എഎസ്‌ഐ സതീഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ്‌കുമാറിനെ സ്ഥലം മാറ്റിയിട്ടുണ്ട്.

വെള്ളാപ്പള്ളി കോളേജിലെ അന്വേഷണത്തില്‍ പൊലീസിനു വീഴ്ച; മൊഴിയെടുക്കാനെത്തിയത് പ്രതിയുടെ വാഹനത്തില്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി ആര്‍ഷ് ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിലെ അന്വേഷണത്തില്‍ പൊലീസിനു വീഴ്ച. കേസിലെ രണ്ടാം പ്രതിയും കോളേജ് ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസുവിന്റെ വാഹനത്തിലാണ് എഎസ്‌ഐയും സിവില്‍ പൊലീസ് ഓഫീസറും മൊഴിയെടുക്കാന്‍ പോയത്. സംഭവത്തില്‍ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സതീഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് രതീഷ്‌കുമാറിനെ സ്ഥലം മാറ്റി.

സുഭാഷ് വാസുവിന്റെ ഡ്രൈവറായിരുന്നു വാഹമോടിച്ചിരുന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ശിവസുതന്‍ പിള്ളയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ എസ്പി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. പൊലീസ് ക്യാംപിലേക്കാണ് രതീഷ്‌കുമാറിനെ രണ്ടാഴ്ചത്തേക്കു സ്ഥലം മാറ്റിയത്. ഇതിനു ശേഷം ഇയാളെ സ്ഥലം മാറ്റാനും എസ്പി ഉത്തരവിട്ടു.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് കോളേജ് ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്നലെ രാവിലെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ആര്‍ഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞരമ്പ് മുറിച്ചശേഷം വിദ്യാര്‍ത്ഥി ഫാനില്‍ കെട്ടിത്തൂങ്ങാന്‍ ശ്രമിക്കുകയായിരുന്നു.

ഹോസ്റ്റലിലെ ഭക്ഷണം മോശമായതു കാരണം പുറത്തുപോയി ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ആര്‍ഷിനെതിരെ നടപടി എടുക്കുമെന്ന് കോളേജ് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി സഹപാഠികള്‍ പറയുന്നു. ഹോസ്റ്റല്‍ മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടതായും പരാതിയുണ്ട്. മാതാപിതാക്കളെ വിളിച്ച് വിദ്യാര്‍ഥിയെപ്പറ്റി പരാതി പറയുന്നതും പതിവാണ്.