കാനം രാജേന്ദ്രന് പാര്‍ട്ടി ഫണ്ട് കൊടുത്താല്‍ വനഭൂമി തട്ടിയെടുക്കാം; നാരദ സ്റ്റിങ്ങില്‍ കുടുങ്ങി നേതാക്കളുടെ പേരുകള്‍; മന്ത്രി രാജുവും എംപിമാരും സഹായിക്കുമെന്ന് കയ്യേറ്റക്കാരന്‍

പാലക്കാട്ടെ കയ്യേറ്റമാഫിയ തലവന്‍ ജെയിംസ് നാരദ ന്യൂസ് സ്റ്റിങ്ങില്‍ കുടുങ്ങി. പാലക്കാട്ടെ നെല്ലിയാമ്പതി സംരക്ഷിത വനഭൂമിയില്‍ സ്ഥലം വില്‍ക്കാനുണ്ടെന്ന് അറിഞ്ഞാണ് നാരദ ജെയിംസിന് സമീപിച്ചത്. മന്ത്രി കെ. രാജുവും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കെ.ഇ ഇസ്മയിലും മാത്രമല്ല സിപിഐഎം, മാണി വിഭാഗം എംപിമാരും കയ്യേറ്റത്തിനു സഹായിക്കുമെന്ന് ഇയാള്‍ വെളിപ്പെടുത്തുന്നു.

കാനം രാജേന്ദ്രന് പാര്‍ട്ടി ഫണ്ട് കൊടുത്താല്‍ വനഭൂമി തട്ടിയെടുക്കാം; നാരദ സ്റ്റിങ്ങില്‍ കുടുങ്ങി നേതാക്കളുടെ പേരുകള്‍; മന്ത്രി രാജുവും എംപിമാരും സഹായിക്കുമെന്ന് കയ്യേറ്റക്കാരന്‍

നെല്ലിയാമ്പതിയിലെ സംരക്ഷിത വനഭൂമിയുടെ കച്ചവടത്തിനും കാട്ടിലൂടെയുള്ള റോഡ് നിര്‍മ്മാണത്തിനും വനം മന്ത്രി അഡ്വ. കെ രാജുവിന്റേയും സിപിഐ ഉന്നത നേതാക്കളുടെയും പിന്തുണയുണ്ടെന്ന് കയ്യേറ്റക്കാരനായ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പാര്‍ട്ടി ഫണ്ട് നല്‍കണമെന്നും കെ ഇ ഇസ്മയിലിന്റെ സംഹായമുണ്ടാകുമെന്നും വിശദീകരണം. ആലത്തൂര്‍ എംപി പി കെ ബിജുവും കോട്ടയം എംപി ജോസ് കെ മാണിയും സഹായം വാഗ്ദാനം ചെയ്തെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

നെല്ലിയാമ്പതിയിലെ പ്രമുഖ കയ്യേറ്റക്കാരനും വനഭൂമി വില്പനക്കാരനുമായ പാലക്കാട് സ്വദേശി ജെയിംസിന്റേതാണ് വെളിപ്പെടുത്തല്‍. റിസോര്‍ട്ട് ആരംഭിക്കാനായി 50 ഏക്കര്‍ ഭൂമി വാങ്ങാനാണെന്ന നിലയില്‍ ജെയിംസിനെ സമീപിച്ച നാരദാ ന്യൂസ് സംഘത്തോടാണ് ഇയാള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2003 മുതല്‍ ഇതുവരെ നെല്ലിയാമ്പതിയില്‍ 200 ഓളം പേര്‍ക്ക് വ്യാജരേഖകള്‍ ചമച്ച് വനഭൂമി വിറ്റ വ്യക്തിയാണ് ജെയിംസ്.

അമ്പത് ഏക്കര്‍ ഭൂമി റിസോര്‍ട്ട് തുടങ്ങാനായി വേണമെന്ന് സൂചിപ്പിച്ചാണ് നാരദാ ന്യൂസ് സംഘം ജെയിംസിനെ സമീപിച്ചത്. പാലക്കാട്ടെ വിവിധ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരിലൂടെയുള്ള അന്വേഷണമാണ് ജെയിംസില്‍ എത്തിയത്. ആഴ്ചകളോളം സമയമെടുത്ത് വിശ്വാസ്യത നേടിയെടുത്തു. അഞ്ഞൂറേക്കര്‍ വരെ ഭൂമി വില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു ജയിംസിന്റെ മറുപടി.

തുടര്‍ന്ന് പാലക്കാട് നഗരത്തില്‍ നിന്നും ജയിംസിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പില്‍ നെല്ലിയാമ്പതിയിലേക്ക് യാത്ര. യാത്രയ്ക്കിടെയാണ് സ്ഥലത്തെക്കുറിച്ചും വനത്തിലൂടെയുള്ള നിര്‍മിക്കാനുദ്ദേശിക്കുന്ന റോഡിനെക്കുറിച്ചും ജെയിംസ് വാചാലനായത്. നെല്ലിയാമ്പതിയില്‍ നിന്നും തേക്കടി എന്ന ആദിവാസി ഊരിലൂടെ പറമ്പിക്കുളത്തേക്ക് വനഭൂമി കയ്യേറി റോഡ് നിര്‍മിക്കാന്‍ നേതൃത്വം നല്‍കുന്നത് ജെയിംസ് ആണ്. അനധികൃത റോഡ് നിര്‍മാണം നേരത്തെ നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊടുംകാട്ടിലെ റോഡ്


ചില ആളുകള്‍ ഇടപെട്ട് വാര്‍ത്തയായതിനാലാണ് റോഡ് നിര്‍മാണം നിലച്ചതെന്നും അടുത്തു തന്നെ ഇതിന്റെ ജോലി പുനരാരംഭിക്കുമെന്നും ജെയിംസ് പറഞ്ഞു. വനം മന്ത്രി അഡ്വ. കെ രാജു ഇതുസംബന്ധിച്ച് ഉറപ്പു നല്‍കിയിട്ടുണ്ട്. രെജിസ്റ്റര്‍ ചെയ്യാനും ഭൂമിക്ക് കരമടക്കാനും മറ്റും സിപിഐ നേതാക്കള്‍ സഹായിക്കുമെന്ന് ജെയിംസ് പറഞ്ഞു. ഇതിനു ചെലവ് വരുമോ എന്ന ചോദ്യത്തിന് പണം നല്‍കേണ്ടത് കാനം രാജേന്ദ്രനാണ് - വ്യക്തിപരമായല്ല - പാര്‍ട്ടി ഫണ്ടിലേക്കാണ് പണം നല്‍കേണ്ടത് എന്നായി ജെയിംസ്. സിപിഐ നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ കെ കെ ഇസ്മയിലിന്റെ സഹായം ഉണ്ടാവും. വനത്തിനുള്ളിലൂടെ റോഡ് വന്നുകഴിഞ്ഞാല്‍ സ്ഥലത്തിന്റെ വില കുത്തനെ ഉയരുമെന്നും റോഡ് നിര്‍മാണത്തിന് എംപി പി കെ ബിജു ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പുനല്കിയതായും ജെയിംസ് പറയുന്നു. ജോസ് കെ മാണിയുടെ പിന്തുണയും ഇയാള്‍ അവകാശപ്പെടുന്നു.

ജെസിബി ഉപയോഗിച്ച് നിർമിച്ച റോഡുകൾ


രാഷ്ട്രീയ നേതൃത്വത്തെ ബന്ധപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും, പരിചയമില്ലാത്ത ആളുകളുമായി അവരെ പോയി കാണാന്‍ കഴിയില്ലെന്നാണ് ജെയിംസ് പറഞ്ഞത്. സമീപകാലത്ത് ഇയാളില്‍ നിന്നും സ്ഥലം വാങ്ങിയ ഹൈക്കോടതി അഭിഭാഷകന്‍ ഇയാള്‍ക്കൊപ്പം വനം മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ജയിംസിന്റെ അവകാശവാദങ്ങളെ കച്ചവടക്കാരന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ എന്ന് തള്ളിക്കളയാന്‍ ആകില്ല. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇയാള്‍ വനം മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച ചെയ്തിട്ടുണ്ട്. മന്ത്രി കെ രാജുവിന്റെ നെല്ലിയാമ്പതി സന്ദര്‍ശനത്തിനിടെയായിരുന്നു ഇത്. നെല്ലിയാമ്പതി പുലയമ്പാറ എന്ന സ്ഥലത്ത് നിന്നും പതിനെട്ട് കിലോമീറ്റര്‍ ദൂരം കൊടും വനത്തിലൂടെ യാത്ര ചെയ്താലെ ജെയിംസ് തന്റേതെന്ന് പറയുന്ന പെരിയച്ചോല എസ്റ്റേറ്റിലേക്ക് എത്തുകയുള്ളു. പറമ്പിക്കുളം കടുവസങ്കേതത്തിന് ഏകദേശം 5 കിലോമീറ്റര്‍ അടുത്തായാണ് പെരിയച്ചോല എസ്റ്റേറ്റുള്ളത്. വനംവകുപ്പിന്റെ വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാനുള്ള റോഡിലൂടെയും സ്വയം വെട്ടിയുണ്ടാക്കിയ റോഡിലൂടെയും സഞ്ചരിക്കവേ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജെയിംസിനെ കൈ വീശി പരിചയം കാട്ടുന്നു. കൊടും കാടിനുള്ളിലേക്ക് യാതൊരു വിധ തടസ്സങ്ങളുമില്ലാതെ സഞ്ചരിച്ച് വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച് മടങ്ങാന്‍ ഞങ്ങള്‍ക്കായതു തന്നെ ജെയിംസിന് വനം വകുപ്പിലുള്ള ഉന്നത സ്വാധീനം വ്യക്തമാക്കുന്ന ഉദാഹരണമാണ്.

2003 മുതല്‍ ഇതുവരെ നെല്ലിയാമ്പതിയില്‍ 200 ഓളം പേര്‍ക്ക് ഇയാള്‍ വ്യാജരേഖകള്‍ ചമച്ച് വനഭൂമി വിറ്റിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെയിംസ് മുഖേന നെല്ലിയാമ്പതിയില്‍ ഭൂമി വാങ്ങിയ 134 ചെറുകിട കര്‍ഷകരില്‍ ഓരോരുത്തര്‍ക്കും ലക്ഷക്കണക്കിന് രൂപ നഷ്ടമായി. സ്ഥലത്തിന് പണം വാങ്ങിയെങ്കിലും അളന്ന് തിരിച്ച് കൊടുത്ത് രജിസ്ട്രര്‍ ചെയ്തു കൊടുക്കാന്‍ ജെയിംസിന് കഴിഞ്ഞില്ല. 'ചെറുകിട കര്‍ഷക സംഘം' എന്ന പേരില്‍ ഇവര്‍ ഒരു യൂണിയന്‍ തന്നെയുണ്ടാക്കി ജെയിംസിനെതിരെ കേരളത്തിലെ വിവിധ കോടതികളില്‍ കേസ് നല്‍കി കാത്തിരിക്കുകയാണ്. പക്ഷെ കേസൊന്നും ഇയാള്‍ക്ക് ഒരു പ്രശ്നമല്ല. ഉന്നതബന്ധങ്ങളാണ് ഇയാള്‍ക്ക്.

'കാട്ടുരാജാവ്' ജെയിംസ്


ഇപ്പോഴും നെല്ലിയാമ്പതി പറമ്പിക്കുളം കടുവസങ്കേതത്തിനടുത്തുള്ള കൊടും വനം വില്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോട് ചേര്‍ന്ന 200 ഏക്കറോളം ഏക്കര്‍ ഹൈക്കോടതിയിലെ ഒരു പ്രമുഖ അഭിഭാഷകനുള്‍പ്പടെ ഇയാള്‍ വിറ്റു കഴിഞ്ഞിട്ടുണ്ട്. നെല്ലിയാമ്പതിയില്‍ ഇയാള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും ഇല്ലെന്ന് വനംവകുപ്പ് തന്നെ വെളിപ്പെടുത്തിയിട്ടും 750 ഏക്കറിലേറെ ഭൂമി തനിക്കുണ്ടെന്നാണ് ഇയാള്‍ ഇപ്പോഴും അവകാശപ്പെടുന്നത്. മാത്രമല്ല മറ്റൊരു 400 ഏക്കറും തന്റെയാണെന്ന് പറഞ്ഞ് വില്‍പ്പനക്കുള്ള ശ്രമവും സജീവമാണ്. നെല്ലിയാമ്പതിയില്‍ എത്തുന്ന ഉന്നതരെല്ലാം ജെയിംസ് മുതലാളിയുടെ ആതിഥ്യമറിയും എന്നാണ് എസ്റ്റേറ്റ് തൊഴിലാളികളടക്കമുള്ളവര്‍ പറയുന്നത്.


Read More >>