വസ്തുവിൽപന കരാറുണ്ടാക്കി എം എം ലംബോധരൻ 64 ലക്ഷം തട്ടിച്ചുവെന്ന് ആരോപണം; എട്ടുവർഷമായിട്ടും വസ്തുവിൽ പ്രവേശിക്കാൻ ഉടമകൾക്ക് അനുവാദമില്ല

വസ്തുവിൽപന കരാറുണ്ടാക്കി മന്ത്രി എം എം മണിയുടെ സഹോദരൻ എം.എം ലംബോധരനും മക്കളും ബന്ധുക്കളും 64 ലക്ഷം തട്ടിച്ചുവെന്ന് ആരോപണം. തിരുവല്ല തുകലശ്ശേരി സ്വദേശികളായ ജേക്കബ്ബ് ചാക്കോ, സഹോദരൻ ഡോ. സ്റ്റീഫൻ ചാക്കോ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. പണം മടക്കിക്കിട്ടാൻ പലതവണ എം എം മണിയെ സമീപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും അവർ ആരോപിക്കുന്നു. എട്ടുവർഷമായിട്ടും വസ്തുവിൽ പ്രവേശിക്കാൻ ഉടമകൾക്ക് അനുവാദമില്ല.

വസ്തുവിൽപന കരാറുണ്ടാക്കി എം എം ലംബോധരൻ 64 ലക്ഷം തട്ടിച്ചുവെന്ന് ആരോപണം; എട്ടുവർഷമായിട്ടും വസ്തുവിൽ പ്രവേശിക്കാൻ ഉടമകൾക്ക് അനുവാദമില്ല

ഭൂമി വിൽപ്പന കരാറുണ്ടാക്കി തിരുവല്ല സ്വദേശികളിൽ നിന്ന് മന്ത്രി എം എം മണിയുടെ സഹോദരൻ എം എം ലംബോധരനും മക്കളും ബന്ധുക്കളും ചേർന്ന് 64 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപണം. തിരുവല്ല തുകലശ്ശേരി സ്വദേശികളായ ജേക്കബ്ബ് ചാക്കോ, സഹോദരൻ ഡോ. സ്റ്റീഫൻ ചാക്കോ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. പണം മടക്കിക്കിട്ടാൻ പലതവണ എം എം മണിയെ സമീപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.


2008 ലാണ് സംഭവം. രാജാക്കാട്, കാന്തിപ്പാറ വില്ലേജിൽ, ഉടുമ്പൻചോല താലൂക്കിൽ പെട്ട മുണ്ടയ്ക്കൽ എസ്റ്റേറ്റ് എന്ന് അറിയപ്പെട്ടിരുന്ന 50 ഏക്കർ വസ്തു വാങ്ങുന്നതിനാണ് 2008 ജനുവരി 24 ന് ലംബോധരന്റെ അടുത്ത ബന്ധുക്കളായ മനോഹരൻ , സുകുമാരൻ, ഷൈജു എന്നിവരുമായി ജേക്കബ്ബ് ചാക്കോയും സ്റ്റീഫൻ ചാക്കോയും ആദ്യമായി വിൽപ്പന കരാറുണ്ടാക്കിയത്.


ഇതിൻ പ്രകാരം 38 ഏക്കർ 61 സെന്റ് പട്ടയ വസ്തുവും എട്ട് ഏക്കർ കുത്തകപ്പാട്ട വസ്തുവുമാണ് വിൽക്കാൻ സമ്മതിച്ചത്. പട്ടയ ഭൂമിയിൽ 10 ഏക്കർ 45 സെന്റ് ലംബോധരന്റെ അളിയൻ സുകുമാരന്റെ പേരിലും 16 ഏക്കർ 16 സെന്റ് മറ്റൊരു ബന്ധു മനോഹരന്റെ പേരിലും 12 ഏക്കർ അനന്തിരവൻ ഷൈജുവിന്റെ പേരിലുമായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ സുകുമാരൻ കർഷകനും മനോഹരൻ കള്ള് ഷാപ്പ് തൊഴിലാളിയും ഷൈജു അടിമാലിയിൽ തുണിക്കച്ചവടം ചെയ്യുന്ന ആളുമാണ്.

കരാർ പ്രകാരം വസ്തുവിന് 1.60 കോടി രൂപ വില സമ്മതിച്ച് 64 ലക്ഷo അഡ്വാൻസ് വാങ്ങി. സ്ഥലത്തിന് മൂന്നാർ SBT യിൽ ഒന്നാം കക്ഷികൾ അടക്കേണ്ടിയിരുന്ന ബാധ്യതയായ ഒരു കോടിയോളം രൂപ രണ്ടാം കക്ഷികളുടെ പേരിലേക്ക് മാറ്റി കൊടുക്കാമെന്ന ഉറപ്പിൻ മേലാണ് 64 ലക്ഷം രൂപ ലംബോധരൻ കൈപ്പറ്റിയത്.

എന്നാൽ കരാറിനു വിരുദ്ധമായി ലോൺ രണ്ടാം കക്ഷികളുടെ പേർക്ക് കൈമാറ്റം ചെയ്യാൻ ലംബോധരൻ തയ്യാറായില്ല. മതിയായ സാമ്പത്തിക സ്രോതസുകൾ അന്നുണ്ടായിരുന്ന ജേക്കബ്ബ് ചാക്കോയ്ക്കും സഹോദരനും ലോൺ കൈമാറ്റം ചെയ്തു നൽകാൻ ബാങ്ക് ഒരുക്കവുമായിരുന്നു. എന്നാൽ കരാർ പ്രകാരം വസ്തു നൽകാതെ ഷൈജുവിന്റെ പേരിലുണ്ടായിരുന്ന 12 ഏക്കർ മറിച്ചു വിൽക്കുകയും ചെയ്തു. വിൽപനകരാറിലേർപ്പെട്ടവരെ അറിയിക്കാതെയായിരുന്നു ഈ കച്ചവടം.

കരാർ കാലാവധി കഴിഞ്ഞതോടെ അഡ്വാൻസ് കൊടുത്ത സ്ഥലത്തും മുഴുവൻ തുകയും കൊടുത്തു വാങ്ങിയ സ്ഥലത്തും കയറാനോ ആദായമെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ജേക്കബ്ബ് ചാക്കോ നാരദാ ന്യൂസിനോടു പറഞ്ഞു. "വിഷയങ്ങൾ പരിഹരിക്കാൻ വളരെ പ്രതീക്ഷയോടെയാണ് മണി ആശാനെ സമീപിച്ചത് . പല തവണ അദ്ദേഹത്തെ കണ്ടെങ്കിലും വളരെ മാന്യമായി തങ്ങളെ പറഞ്ഞു വിട്ടു. ഒന്നും നടന്നില്ല"

- അദ്ദേഹം പറഞ്ഞു.


ഡോ സ്റ്റീഫൻ ചാക്കോ വിദേശത്ത് ഐക്യരാഷ്ട്ര സംഘടനയുടെ പാനൽ ഡോക്ടറാണ്. ഈ ഇടപാടിൽപെട്ട് ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ തിരുവല്ലയിലെ പെട്രോൾ പമ്പ് വിൽക്കേണ്ടി വന്ന ജേക്കബ്ബ് ചാക്കോയ്ക്ക് കഴിഞ്ഞ എട്ടുവർഷമായി വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ പ്രവേശിക്കാനാവുന്നില്ല.

ലംബോധരന്റെ ബന്ധുക്കൾക്കും ഈ ഭൂമി പൈതൃകമായി കിട്ടിയതല്ല. ഇത്രയും ഭൂമി വില കൊടുത്തു വാങ്ങാൻ ശേഷി ഉള്ളവരുമല്ല. ഇവരെല്ലാം ലംബോധരന്റെ ബിനാമികളാണെന്നും ഭൂസംരക്ഷണ നിയമപ്രകാരമുള്ള സർക്കാർ നിബന്ധന മറികടക്കുന്നതിനാണ് ഈ കള്ളക്കളി നടത്തിയതെന്നും വ്യക്തം.