മൂന്നാറിൽ പശുവൊന്നിനു മേയാൻ ഒരേക്കർ ഭൂമി; ടാറ്റയുടെ വിശുദ്ധ പശുക്കൾക്കു വിഹരിക്കാൻ 1220 ഏക്കർ

തൊഴിലാളികളുടെ പശുക്കളുടെ കണക്കു പറഞ്ഞു മാത്രം ലാൻഡ് ബോർഡിനോട് ആവശ്യപ്പെട്ട ഭൂമിയുടെ കണക്കുകേട്ടാൽ ഞെട്ടും. ഒരു പശുവിന് ആറേക്കർ ഭൂമി വെച്ച് 6950 പശുക്കൾക്കു വേണ്ട ഭൂമിയാണ് ടാറ്റ ആവശ്യപ്പെട്ടത്.

മൂന്നാറിൽ പശുവൊന്നിനു മേയാൻ ഒരേക്കർ ഭൂമി; ടാറ്റയുടെ വിശുദ്ധ പശുക്കൾക്കു വിഹരിക്കാൻ 1220 ഏക്കർ

പശുക്കൾക്കു പുല്ലുമേയാൻ ടാറ്റയുടെ കൈവശമുള്ളത് 1220 ഏക്കർ ഭൂമി. സെന്റിന് അമ്പതിനായിരം രൂപ വെച്ചു കണക്കാക്കിയാൽ അറുനൂറു കോടിയുടെ ഭൂമിയിലാണ് ടാറ്റയുടെ പശുക്കൾ മേയുന്നത്. തൊഴിലാളികൾ വളർത്തുന്ന പശുവിന്റെ പേരിൽ മാത്രം മൂന്നാറിൽ ടാറ്റ വരുതിയിലാക്കിയ വസ്തുവിന്റെ മൂല്യമാണിത്.

തൊഴിലാളികളുടെ പശുക്കളുടെ കണക്കു പറഞ്ഞു മാത്രം ലാൻഡ് ബോർഡിനോട് ആവശ്യപ്പെട്ട ഭൂമിയുടെ കണക്കുകേട്ടാൽ ഞെട്ടും. ഒരു പശുവിന് ആറേക്കർ ഭൂമി വെച്ച് 6950 പശുക്കൾക്കു വേണ്ട ഭൂമിയാണ് ടാറ്റ ആവശ്യപ്പെട്ടത്. ടാറ്റയുടെ അവകാശവാദങ്ങളെല്ലാം ശരിവെച്ച ലാൻഡ് ബോർഡിനുപോലും ഈ കണക്കു ദഹിക്കുന്നതായിരുന്നില്ല. It is clear that no estate could provide that much grazing acreage for their workers cows എന്നായിരുന്നു ഇതേക്കുറിച്ച് ലാൻഡ് ബോർഡിന്റെ പരാമർശം. എന്നിട്ടും 1220 ഏക്കർ കമ്പനിയ്ക്ക് ഈ ആവശ്യത്തിനു മാത്രം അനുവദിച്ചു.

കെഡിഎച്ചിൽ മാത്രം 28000 ഏക്കർ അധികഭൂമി, സർവെ വകുപ്പ് ചലിക്കുന്നത് ടാറ്റയ്ക്കു വേണ്ടി; റവന്യൂവകുപ്പു പൂഴ്ത്തിയ അന്വേഷണ റിപ്പോർട്ട് നാരദ ന്യൂസ് പുറത്തു വിടുന്നു...

ബിജു പ്രഭാകർ റിപ്പോർട്ട് തുറന്നടിക്കുന്നു; മൂന്നാറിലെ സർവെ മുടക്കുന്നത് സിപിഐയുടെ സർവീസ് സംഘടന; തലപ്പത്ത് ടാറ്റ കമ്പനിയുടെ സർവെയർ

മൂന്നാറിൽ ടാറ്റയുടെ സമാന്തരഭരണം: എസ്റ്റേറ്റു ബംഗ്ലാവുകൾ റിസോർട്ടുകളാക്കി; ആയിരക്കണക്കിന് ഏക്കർഭൂമി മറുപാട്ടത്തിന്


നിലവിൽ മൂന്നാറിലെ കന്നുകാലി സെൻസസ് എടുത്താൽ ഏറ്റവും കൂടിയത് 1200 കാലികൾ മാത്രമേ ഉണ്ടാകൂ എന്ന് ബിജു പ്രഭാകർ റിപ്പോർട്ട് തുറന്നടിക്കുന്നു. അതായത്, ഒരു പശുവിനു മേയാൻ ഒരേക്കർ ഭൂമി!

ഒരു സെന്റു ഭൂമി പോലുമില്ലാതെ സംസ്ഥാനത്ത് 14000 ആദിവാസികൾ ഉണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ കാര്യം റിപ്പോർട്ട് എടുത്തു പറയുന്നു. ആദിവാസികൾക്കും ഭൂരഹിതർക്കും നൽകാൻ ഭൂമി അന്വേഷിച്ച് റവന്യൂ വകുപ്പും സർക്കാരും പരക്കം പായുമ്പോഴാണ് പശുവിനു മേയാൻ മാത്രം 1220 ഏക്കർ ഭൂമി ടാറ്റ കൈവശം വെയ്ക്കുന്നത്.

പുല്ലുവളർത്താൻ ഒരു എസ്റ്റേറ്റിനും ഇത്രയളവു ഭൂമി മാറ്റിവെയ്ക്കാനാവില്ലെന്ന പരാമർശം ലാൻഡ് ബോർഡ് നടത്തിയിട്ടും 1220 ഏക്കർ ഭൂമി ഇക്കാര്യത്തിന് എങ്ങനെ അനുവദിച്ചുവെന്ന് ബിജു പ്രഭാകറിന്റെ റിപ്പോർട്ടു ചോദിക്കുന്നു. ടാറ്റയുടെ ആഡംബര ബംഗ്ലാവിൽ വെച്ചാണ് ലാൻഡ് ബോർഡ് അവാർഡ് തയ്യാറാക്കിയതെന്ന റിപ്പോർട്ടിലെ പരാമർശവും കൂട്ടി വായിച്ചാൽ പല ചോദ്യങ്ങൾക്കും ഉത്തരമാകും.