മരിച്ച് ദിവസമൊന്നു കഴി‍ഞ്ഞിട്ടും ബില്ലിന്റെ പേരിൽ മൃതദേഹം തട‍ഞ്ഞുവച്ച് ലേക് ഷോർ ആശുപത്രിയുടെ വിലപേശൽ: നാരദ എക്‌സ്‌ക് ളൂസീവ്

ഗൾഫ് വ്യവസായിയായ യൂസഫലിയുടെ മരുമകൻ ഡോക്ടർ ഷംസീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണ് മൃതദേഹം തടഞ്ഞു വച്ചു ബില്ലിനായി വിലപേശല്‍ നടക്കുന്നത്

മരിച്ച് ദിവസമൊന്നു കഴി‍ഞ്ഞിട്ടും ബില്ലിന്റെ പേരിൽ മൃതദേഹം തട‍ഞ്ഞുവച്ച് ലേക് ഷോർ ആശുപത്രിയുടെ വിലപേശൽ: നാരദ എക്‌സ്‌ക് ളൂസീവ്

ചികിത്സയ്ക്കിടെ മരണമട‍ഞ്ഞ മദ്ധ്യവയസ്കയുടെ മൃതദേഹം തടഞ്ഞുവച്ച്, പഞ്ചനക്ഷത്ര ആശുപത്രിയുടെ വിലപേശൽ. മരിച്ച് നേരത്തോടുനേരമായിട്ടും മൃതദേഹം വിട്ടുകൊടുക്കുന്നില്ലെന്നതാണു പരാതി. ബിൽതുക പൂർണ്ണമായും അടച്ചുതീർക്കാതെ ശവശരീരം നൽകാനാവില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ കാഷ്യർ ആയിരുന്ന ചങ്ങനാശ്ശേരി പെരുന്ന സ്വദേശി രാജമ്മ രാജു എന്ന ദളിത് സ്ത്രീയുടെ മൃതദേഹമാണ്, ലേക് ഷോർ ഹോസ്പിറ്റൽ പിടിച്ചുവച്ചിരിക്കുന്നത്.

ഗൾഫ് വ്യവസായിയായ യൂസഫലിയുടെ മരുമകൻ ഡോക്ടർ ഷംസീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്.

കഴിഞ്ഞ മാർച്ച് 16നാണ് കുടൽ സംബന്ധമായ അസുഖം ബാധിച്ച രാജമ്മ (50) വിദഗ്ദ്ധ ചികിത്സയ്ക്കായി ലേക് ഷോർ ആശുപത്രിയിലെ ഗ്യാസ്ട്രോ എൻറോളജി വിഭാഗത്തിലെത്തിയത്. രോഗം ഗുരുതരമായിരുന്നതിനാൽ തുടർച്ചയായ മൂന്നു ശസ്ത്രക്രിയകൾക്ക് രാജമ്മ വിധേയയായി. പിന്നീട് അവരെ വെന്റിലേറ്ററിലേക്കു മാറ്റുകയും പലയാവർത്തി ഡയാലിസിസിനു വിധേയ ആക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ തന്നെയാണ്, ഇന്നലെ (ജൂൺ 06) വൈകിട്ട് രാജമ്മ മരണത്തിനു കീഴടങ്ങിയത്. രാജമ്മയുടെ ചികിത്സയ്ക്കായി ആകെ 19 ലക്ഷം രൂപയുടെ ബിൽ ആണ് ആശുപത്രി അധികൃതർ നൽകിയത്. അതിൽ എട്ടരലക്ഷം രൂപ കൂടി ഇനി അടയ്ക്കാനുണ്ട്. അത്രയും പണം ഒരുമിച്ചു നൽകാൻ രാജമ്മയുടെ കുടുംബാംഗങ്ങൾക്കു സാധിച്ചില്ല.

ടൈൽസ് പാകുന്ന പണി ഏറ്റെടുത്തു നടത്തുന്ന കോൺട്രാക്റ്ററാണ് രാജമ്മയുടെ ഭർത്താവ് രാജു. തന്റെ വീടിന്റെ ആധാരം ഏൽപ്പിക്കാമെന്നും ചെക്ക് തരാമെന്നും രാജു പറ‍‍‍‍ഞ്ഞെങ്കിലും സമ്മതിക്കാൻ ലേക് ഷോർ ആശുപത്രി തയ്യാറായില്ല. തുടർന്ന്, രാജമ്മ ജോലി ചെയ്യുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ തന്നെ ആശുപത്രിയിൽ ബന്ധപ്പെടുകയും സാവകാശം നൽകിയാൽ പണം അവർ അടച്ചുകൊള്ളുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ തങ്ങൾ ദളിതരായിപ്പോയതുകൊണ്ടാവാം, ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടനില പോലും അംഗീകരിക്കാൻ ആശുപത്രിക്കാർ വിസമ്മതിച്ചതെന്ന്, രാജു നാരദാ ന്യൂസിനോടു പറ‍ഞ്ഞു.

മൂന്നു മാസത്തിനകം തന്റെ വീടും പുരയിടവും വിറ്റ് മുഴുവൻ തുകയും അടച്ചുതീർത്തുകൊള്ളാമെന്നും അതു സംബന്ധിച്ച പ്രോമിസറി നോട്ട് കൂടി നൽകാമെന്നും വാഗ്ദാനം ചെയ്തെങ്കിലും അതൊന്നും നടപ്പില്ല എന്നായിരുന്നു ലേക് ഷോറിന്റെ നിലപാട്. തുടർന്ന്, രാജമ്മ ജോലി ചെയ്യുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ തന്നെ ആവശ്യപ്പെട്ടതനുസരിച്ച് അവർ പനങ്ങാട് പൊലീസിനെ സമീപിച്ചു. പൊലീസ് ഇടപെട്ടതോടെ എസ്ഐയുടെ പേരിൽ ചെക്ക് നൽകുകയോ എസ്ഐ മദ്ധ്യസ്ഥത വഹിക്കുകയോ ചെയ്താൽ മൃതദേഹം വിട്ടുനൽകാമെന്നും അല്ലാത്ത പക്ഷം സാധിക്കില്ലെന്നുമാണ്, ആശുപത്രി അധികൃതർ നിലപാടെടുത്തത്.

മദ്ധ്യസ്ഥം വഹിക്കാമെന്ന് എസ്ഐ പറ‍‍ഞ്ഞതിനെ തുടർന്ന് ചെക്കിനായി ചങ്ങനാശ്ശേരിയിലേക്കു പോയിരിക്കയാണ്, രാജമ്മയുടെ ഭ‍ർത്താവ്. ഈ വാർത്ത തയ്യാറാക്കുമ്പോഴും മൃതദേഹം വിട്ടുകൊടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. പരാതി ലഭിച്ചതായും മൃതദേഹം വച്ച് വിലപേശിയ ലേക് ഷോർ ആശുപത്രിയുടെ നിലപാട് ന്യായീകരിക്കാനാവാത്തതാണെന്നും പനങ്ങാട് എസ്ഐ ദിലീപ് കുമാർ നാരദാ ന്യൂസിനോടു പറ‍ഞ്ഞു.

പരാതിയുള്ളതായി ലേക് ഷോർ ആശുപത്രിയുടെ മാനേജർ (ഓപ്പറേഷൻസ്) ഐസക്ക് നാരദാ ന്യൂസിനോടു സ്ഥിരീകരിച്ചു