മകളുടെ പ്രണയം പൊളിക്കാൻ ഐഎസ് കഥ മെനഞ്ഞ് കാസർ​ഗോട്ടെ അഭിഭാഷകയായ അമ്മ; തന്ത്രം പൊളിച്ച് പൊലീസ്

പെൺകുട്ടിയെ ഐഎസിലേക്കു കടത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചു പുറത്തുവന്ന വ്യാജ വാർത്തകളും കൂടിയാണ് ഇതോടെ പൊളിയുന്നത്. കാസർ​ഗോട്ടെ അഭിഭാഷകയായ മാതാവാണ് മകളുടെ കാമുകനെ കുറിച്ച് വ്യാജ പരാതി നൽകിയത്. ചില നി​ഗൂഢ ശക്തികൾ മകളെ തെറ്റിദ്ധരിപ്പിച്ച് പ്രണയക്കുരുക്കിൽപ്പെടുത്തിയിരിക്കുകയാണെന്നും മോചിപ്പിച്ചു തരണമെന്നുമായിരുന്നു പരാതി. എന്നാൽ, പൊലീസ് നടത്തിയ പരിശോധനയിൽ പരാതിക്കു പിന്നിൽ അമ്മയുടെ സംശയരോ​ഗവും വെപ്രാളവുമാണെന്നു തെളിയുകയായിരുന്നു.

മകളുടെ പ്രണയം പൊളിക്കാൻ ഐഎസ് കഥ മെനഞ്ഞ് കാസർ​ഗോട്ടെ അഭിഭാഷകയായ അമ്മ; തന്ത്രം പൊളിച്ച് പൊലീസ്

മകൾക്ക് ഉത്തരേന്ത്യൻ യുവാവുമായുള്ള പ്രണയബന്ധം പൊളിക്കാൻ ഐഎസ് റിക്രൂട്ട്മെന്റ് കഥയാരോപിച്ചു പരാതി നൽകിയ അമ്മയുടെ തന്ത്രം പൊളിഞ്ഞു. യഥാർത്ഥ സത്യം തെളിഞ്ഞത് പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ. കാസർ​ഗോഡ് സ്വദേശിനിയായ അമ്മയുടെ പരാതിക്കു പിന്നിൽ സംശയരോ​ഗവും വെപ്രാളവുമാണെന്നു പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയെ ഐഎസിലേക്കു കടത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചു പുറത്തുവന്ന വ്യാജ വാർത്തകളും കൂടിയാണ് ഇതോടെ പൊളിയുന്നത്. കാസർ​ഗോട്ടെ അഭിഭാഷകയായ മാതാവാണ് മകളുടെ കാമുകനെ കുറിച്ച് വ്യാജപരാതി നൽകിയത്. ചില നി​ഗൂഢ ശക്തികൾ മകളെ തെറ്റിദ്ധരിപ്പിച്ച് പ്രണയക്കുരുക്കിൽപ്പെടുത്തിയിരിക്കുകയാണെന്നും മോചിപ്പിച്ചു തരണമെന്നും അമ്മ കാസർ​ഗോഡ് സിഐയ്ക്ക് പരാതി നൽകുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഇവർ പൊലീസിനു പരാതി നൽകുന്നത്.

തുടർന്ന്, പെൺകുട്ടിയോടും അമ്മയോടും കാസര്‍ഗോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ സൈക്യാട്രിസ്റ്റിനു മുന്നിൽ കൗൺസിലിങ്ങിനു ഹാജരാവാൻ പൊലീസ് പറഞ്ഞെങ്കിലും അമ്മ ഇതിനു തയ്യാറായില്ല. ഇതോടെ പെൺകുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കിയതായും ഇതിൽ പ്രശ്നം ഐഎസ് അല്ല, അമ്മയുടെ മാനസിക പ്രശ്നവും സംശയരോ​ഗവും വെപ്രാളവുമാണു കാരണമെന്നും കാസര്‍ഗോഡ് ടൗൺ സിഐ അബ്ദുർറഹീം നാരദാ ന്യൂസിനോടു പറഞ്ഞു.

അമ്മയ്ക്ക് മാനസികപ്രശ്നങ്ങൾ ഉള്ളതായും ഇതിന്റെ പേരിൽ പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞുനടക്കുകയാണെന്നും സിഐ വിശദമാക്കി. അതേസമയം, മകളുമായി പ്രണയത്തിലായ യുവാവിനെ കുറിച്ച് അമ്മ പരാതി നൽകിയതോടെ, പഠനത്തില്‍ മിടുക്കിയും സുന്ദരിയുമായ കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ ഐഎസിലേക്കു റിക്രൂട്ട് ചെയ്യാനുള്ള ശ്രമം തുടങ്ങിയെന്ന തരത്തിൽ വ്യാജ പ്രചാരണമുണ്ടായിരുന്നു. അമ്മയുടെ പരാതി പൊലീസ് തന്നെ വ്യാജമാണെന്നു തെളിയിച്ചതോടെ ഈ കുപ്രചാരണങ്ങളെല്ലാം പൊളിയുകയാണ്.