വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഡല്‍ഹി പത്രപ്രവര്‍ത്തക യൂണിയന്റെ ഐക്യദാര്‍ഢ്യം

മംഗളം വാര്‍ത്തയുടെ പേരില്‍ കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തൊഴില്‍പരമായും വ്യക്തിപരമായും അധിക്ഷേപിക്കപ്പെടുകയാണ്. ചാനലിന്റെ അധാര്‍മ്മികത നിമിത്തം മൊത്തം മാധ്യമങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുകയാണെന്നും യൂണിയന്‍ കുറ്റപ്പെടുത്തുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഡല്‍ഹി പത്രപ്രവര്‍ത്തക യൂണിയന്റെ ഐക്യദാര്‍ഢ്യം

മംഗളത്തിനെതിരേ നിലപാടെടുത്ത കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ ഐക്യദാര്‍ഢ്യം. ഡല്‍ഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശവും സെക്രട്ടറി എം പ്രശാന്തുമാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ക്കും പ്രതിഷേധത്തിനും ഐക്യദാര്‍ഢ്യമര്‍പ്പിച്ചത്.

മംഗളം വാര്‍ത്തയുടെ പേരില്‍ കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ തൊഴില്‍പരമായും വ്യക്തിപരമായും അധിക്ഷേപിക്കപ്പെടുകയാണ്. ചാനലിന്റെ അധാര്‍മ്മികത നിമിത്തം മൊത്തം മാധ്യമങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുകയാണെന്നും യൂണിയന്‍ കുറ്റപ്പെടുത്തുന്നു. മംഗളം സിഇഒയുടെ കുറ്റസമ്മതം പുറത്തുവന്നതിനു പിന്നാലെ വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരത്തും കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധ പ്രകടനങ്ങളും നടന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലേക്ക് പ്രകടനം നടന്നത്.


പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ പിന്തുണക്കുറിപ്പിന്റെ പൂര്‍ണരൂപം

മംഗളം ടെലിവിഷന്‍ കഴിഞ്ഞദിവസം സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ പേരില്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തൊഴില്‍ പരമായും വ്യക്തിപരമായും അപമാനിക്കപ്പെടുകയാണ്. മാധ്യമ ധാര്‍മ്മികതയ്ക്കു വേണ്ടി ശബ്ദിച്ച് ഒരു വനിതയടക്കം ചില മാധ്യമപ്രവര്‍ത്തകര്‍ സ്ഥാപനത്തില്‍ നിന്നും രാജിവെയ്ക്കുകയുമുണ്ടായി. മാധ്യമപ്രവര്‍ത്തനത്തിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും അന്തസ്സിനെയും മാനുഷിക ജനാധിപത്യമൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതാണ് വാര്‍ത്താശേഖരണത്തിലും സംപ്രേഷണത്തിലും ചാനല്‍ കാണിച്ച അധാര്‍മ്മികരീതി. ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്നതാണ് ഇത്തരം അനാരോഗ്യ പ്രവണതകള്‍. പ്രശ്‌നത്തില്‍ സമൂഹത്തിലെ ചര്‍ച്ചകളും സംവാദങ്ങളും മുന്നോട്ടുപോയതും ഈ ദിശയിലായിരുന്നു. ഈ പ്രശ്‌നത്തില്‍ വനിതാമാധ്യമ പ്രവര്‍ത്തകര്‍ കേരളത്തില്‍ നടത്തുന്ന പ്രതിഷേധത്തിനും പ്രതികരണത്തിനും കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന്റെ ഐക്യദാര്‍ഢ്യവും അഭിവാദ്യവും അറിയിക്കുന്നു. പ്രതിസന്ധികളെല്ലാം അതിജീവിച്ചും മാധ്യമരംഗത്ത് അടിയുറച്ചു നില്‍ക്കുകയും ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.


പ്രശാന്ത് രഘുവംശം
പ്രസിഡന്റ്
എം.പ്രശാന്ത്
സെക്രട്ടറി

Read More >>