ബിജെപി- സംഘപരിവാർ നേതാക്കളുടെ വാർത്താസമ്മേളനം ബഹിഷ്കരിച്ച് പത്രപ്രവർത്തക യൂണിയൻ

കെ പി ശശികല, പി എസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ എന്നിവരുടെ പത്ര സമ്മേളനങ്ങളാണ് ബഹിഷ്കരിച്ചത്.

ബിജെപി- സംഘപരിവാർ നേതാക്കളുടെ വാർത്താസമ്മേളനം ബഹിഷ്കരിച്ച് പത്രപ്രവർത്തക യൂണിയൻ

ഹർത്താലിനിടെ സംസ്ഥാനത്തൊട്ടാകെ ബിജെപി-സംഘപരിവാർ പ്രവർത്തകർ മാധ്യമപ്രവർത്തകർക്കു നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നേതാക്കളുടെ വാർത്താസമ്മേളനങ്ങൾ ബഹിഷ്കരിച്ച് കെയുഡബ്ല്യുജെ. കേരളത്തിലെ വിവിധ പ്രസ്ക്ലബ്ബുകളിൽ നടത്താൻ തീരുമാനിച്ചിരുന്ന വാർത്താസമ്മേളനങ്ങളാണ് ബഹിഷ്കരിച്ചത്.

ശബരിമല കർമ സമിതി വർക്കിങ് പ്രസിഡന്റും ഹിന്ദു ഐക്യവേദി അധ്യക്ഷയുമായ കെ പി ശശികലയുടെ വാര്‍ത്ത സമ്മേളനത്തിന് പ്രസ് ക്ലബ്ബ് വേദി വിട്ടു നല്‍കാനാവില്ലെന്ന് കോട്ടയം പ്രസ് ക്ലബ്ബ് നിലപാടെടുത്തു.

കോഴിക്കോട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. ജനം, അമൃത ചാനലുകള്‍ മാത്രമാണ് കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

ഇതു കൂടാതെ, തിരുവനന്തപുരത്ത് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകർ ബഹിഷ്കരിച്ചു. ജനം ടിവി മാത്രമാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

നിരവധി മാധ്യമപ്രവർത്തകരെയാണ് സംഘപരിവാർ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ആക്രമിച്ചത്. ഇതിൽ വനിതാ മാധ്യമപ്രവർത്തരും ഉൾപ്പെടും. ഇവരുടെ ക്യാമറകൾ പിടിച്ചുവാങ്ങുകയും തല്ലിപ്പൊട്ടിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കേരളാ പത്രപ്രവർത്തക യൂണിയന്റെ നടപടി.