'എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി, സാക്ഷരകേരളം മതനിരപേക്ഷ രാഷ്ട്രീയത്തെ വിജയിപ്പിച്ചു'; കുഞ്ഞാലിക്കുട്ടി

ലീഗിനെതിരേ ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണ് തന്റെ വിജയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി, സാക്ഷരകേരളം മതനിരപേക്ഷ രാഷ്ട്രീയത്തെ വിജയിപ്പിച്ചു; കുഞ്ഞാലിക്കുട്ടി

വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിപറഞ്ഞ് നിയുക്ത മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടി. തന്റെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൂടി വിജയമാണ്. സാക്ഷരകേരളം മതനിരപേക്ഷതയെ വിജയിപ്പിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത് വളരെമോശം പ്രകടനമായിരുന്നു. ലീഗിനെതിരേ ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണ് തന്റെ വിജയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രീയത്തിന് കേരളത്തില്‍ സ്ഥാനമില്ല. ഉത്തരേന്ത്യയിലെ നിരക്ഷര ജനതയെപ്പോലെയല്ല കേരളത്തിലെ സാക്ഷരത ജനത. കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയം വിലപ്പോവില്ലെന്ന് ഇതോടെ തെളിയുകയാണ്. യുപിഎ രാഷ്ട്രീയത്തിന് പ്രാധാന്യമുണ്ടെന്ന് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മനസിലായി.

എല്ലാ മണ്ഡലത്തിലും വന്‍ ലീഡാണ് തനിക്ക് ലഭിച്ചത്. കഴിഞ്ഞ അസംബ്ലിയുടെ കണക്ക് നോക്കിയാല്‍ ആയിരവും അഞ്ഞൂറുമുള്ളിടത്തൊക്കെ ഇക്കുറി വന്‍ ലീഡായി. കേന്ദ്രസര്‍ക്കാരിനുള്ള കനത്ത തിരിച്ചടിയാണ് തന്റെ വിജയം. ഒരു കൊല്ലത്തേക്കുള്ള തിരിച്ചടി എല്‍ഡിഎഫിനും കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് പുറത്ത് ഒരു സംഘടനയും പിന്തുണ പ്രഖ്യാപിച്ചില്ല. മനസാക്ഷി വോട്ട് ചെയ്തവര്‍ ആര്‍ക്കാണ് ചെയ്തത് എന്നറിയില്ല. പിഡിപി മാത്രമാണ് പിന്തുണ പ്രഖ്യാപിച്ചത്, അത് എല്‍ഡിഎഫിനാണ്. അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.