കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ദുരൂഹമരണം: അമ്മയുള്‍പ്പെടെ ഒമ്പതുപേര്‍ കസ്റ്റഡിയില്‍; സംഭവത്തില്‍ ഉരുണ്ടുകളിച്ച് ബന്ധുക്കള്‍

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായ സാഹചര്യത്തിലാണ് ഇത്. മരണത്തില്‍ പിതാവിനെ കേസില്‍ വ്യാജമായി പ്രതി ചേര്‍ത്തതാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ഇതോടെ കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചെന്ന കേസ് പുനരന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മരണപ്പെട്ട കുട്ടിയുടെ സഹോദരിയെ കൗണ്‍സില്‍ ചെയ്യാനും അമ്മ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിക്കുകയായിരുന്നു.

കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ദുരൂഹമരണം: അമ്മയുള്‍പ്പെടെ ഒമ്പതുപേര്‍ കസ്റ്റഡിയില്‍; സംഭവത്തില്‍ ഉരുണ്ടുകളിച്ച് ബന്ധുക്കള്‍

കൊല്ലം കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയടക്കം ഒമ്പതു പേര്‍ കസ്റ്റഡിയില്‍. മാതാപിതാക്കളുടെ ബന്ധുക്കളും അയല്‍ക്കാരുമാണ് കസ്റ്റഡിയിലുള്ളത്.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായ സാഹചര്യത്തിലാണ് ഇത്. മരണത്തില്‍ പിതാവിനെ കേസില്‍ വ്യാജമായി പ്രതി ചേര്‍ത്തതാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ഇതോടെ കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചെന്ന കേസ് പുനരന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മരണപ്പെട്ട കുട്ടിയുടെ സഹോദരിയെ കൗണ്‍സില്‍ ചെയ്യാനും അമ്മ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിക്കുകയായിരുന്നു.

അച്ഛനും അമ്മയും തമ്മിലുള്ള കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു മൃതദേഹത്തിനു സമീപത്തുനിന്നും ലഭിച്ച കുറിപ്പിലെ പരാമര്‍ശം. എന്നാല്‍ ഈ ആത്മഹത്യാ കുറിപ്പ് പത്തുവയസ്സുകാരി എഴുതിയതാണെന്ന കാര്യത്തില്‍ പൊലീസിനും സംശയമുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടിയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കത്ത് വ്യാജമാണെന്നു കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്.

മാത്രമല്ല, കത്തിലെ അക്ഷരങ്ങള്‍ പഴയ ലിപിയിലുള്ളതായിരുന്നു. ഇതാണ് കത്ത് വ്യാജമാണെന്ന സാധ്യത തള്ളിക്കളയാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കുട്ടി നിരവധി തവണ പീഡനത്തിനിരയായതായി വ്യക്തമായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ 22 മുറിവാണ് കണ്ടെത്തിയത്. എന്നാല്‍ ഇവയൊന്നും പരിഗണിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാബുവിനെ ദക്ഷിണ മേഖല ഐജി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ, പിതാവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസിനെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതേസമയം, എന്തെങ്കിലും ഭീഷണിയുടേയോ സമ്മര്‍ദ്ദത്തിന്റേയോ പുറത്തായിരിക്കാം കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചതെന്നാണ് പൊലീസ് കരുതുന്നത്. അതിനാല്‍ അമ്മയേയും ബന്ധുക്കളേയും അയല്‍ക്കാരേയും ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മുമ്പ് കുട്ടിയുടെ മാതാവ് നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും പീഡനം സംബന്ധിച്ച് ഇവര്‍ക്ക് അറിയാമെന്നുമാണ് പൊലീസിന്റെ വിശ്വാസം.

അതേസമയം, കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തോട് ബന്ധുക്കള്‍ സഹകരിക്കുന്നില്ലെന്ന് കൊല്ലം റൂറല്‍ എസ്പി പറഞ്ഞു. എന്നാല്‍ രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 15നാണ് വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.