ആര്‍എസ്എസ് പ്രചാരകിന്റെ കൊലപാതകം: കണ്ണൂരില്‍ സിപിഐഎം ആഹ്ലാദപ്രകടനം നടത്തിയെന്നാരോപിച്ച് ദൃശ്യങ്ങളുമായി കുമ്മനം

ബിജുവിന്റെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നടത്തുന്ന പ്രകടനമെന്ന പേരില്‍ വീഡിയോയും പുറത്തുവിട്ടാണ് കുമ്മനം ട്വിറ്ററില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്.

ആര്‍എസ്എസ് പ്രചാരകിന്റെ കൊലപാതകം: കണ്ണൂരില്‍ സിപിഐഎം ആഹ്ലാദപ്രകടനം നടത്തിയെന്നാരോപിച്ച് ദൃശ്യങ്ങളുമായി കുമ്മനം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രചാരക് ബിജുവിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഐഎം ആഹ്ളാദ പ്രകടനം നടത്തിയെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജുവിന്റെ മരണത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നടത്തുന്ന പ്രകടനമെന്ന പേരില്‍ വീഡിയോയും പുറത്തുവിട്ടാണ് കുമ്മനം ട്വിറ്ററില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്.ക്രൂരത അതിന്റെ ഏറ്റവും മോശം അവസ്ഥയിലാണ്. കമ്മ്യൂണിസ്റ്റുകാര്‍ ആര്‍എസ്എസ് കാര്യകര്‍ത്ത പബിജുവിന്റെ കൊലപാതകം ആഘോഷിക്കുന്നു എന്ന കുറിപ്പോടെയാണ് കുമ്മനം വീഡിയോ പോസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനും പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയുമായ ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടത്. പയ്യന്നൂരിനടുത്തു പാലക്കോട് പാലത്തിനു മുകളില്‍വച്ച് വാഹനത്തിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞശേഷം ബിജുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ധനരാജ് വധക്കേസില്‍ അറസ്റ്റിലായ ബിജു, ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.