തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിക്കു കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ വിജിലന്‍സുമായി കൈകോര്‍ക്കുന്നു; കര്‍ശന നടപടിയെന്നു മന്ത്രി

സര്‍ക്കാര്‍ വകുപ്പുകളില്‍ നടക്കുന്ന അഴിമതിയില്‍ തദ്ദേശഭരണ വകുപ്പാണ് ഒന്നാമതെന്ന വിജിലന്‍സിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളിലെ ക്രമക്കേടുകള്‍ക്കു കൂച്ചുവിലങ്ങിടാന്‍ വകുപ്പു മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. അഴിമതിയാരോപണത്തിനു വിധേയരാകുന്നവരുടെ സ്വത്തു വിവരം പ്രത്യേകം വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കും. അഴിമതിക്കാരുടേയും കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തുന്നവരുടേയും കുഴിമടിയന്‍മാരുടേയും കാര്യത്തില്‍ സ്ഥലം മാറ്റുക എന്നുള്ള പരമ്പരാഗത രീതിക്കു പകരം ആവശ്യമെങ്കില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്ന നടപടിക്കു വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപന തലങ്ങളില്‍ തുടക്കം കുറിക്കും- മന്ത്രി പറയുന്നു.

തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിക്കു കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ വിജിലന്‍സുമായി കൈകോര്‍ക്കുന്നു; കര്‍ശന നടപടിയെന്നു മന്ത്രി

തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. സര്‍ക്കാര്‍ വകുപ്പുകളില്‍ നടക്കുന്ന അഴിമതിയില്‍ തദ്ദേശഭരണ വകുപ്പാണ് ഒന്നാമതെന്ന വിജിലന്‍സിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളിലെ ക്രമക്കേടുകള്‍ക്കു കൂച്ചുവിലങ്ങിടാന്‍ വകുപ്പു മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. അഴിമതി കുമിഞ്ഞുകൂടിയ സാഹചര്യത്തില്‍ വിജിലന്‍സ് വകുപ്പുമായി ചേര്‍ന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളേയും നാലുവര്‍ഷത്തിനുള്ളില്‍ ശുദ്ധീകരിക്കാനുള്ള നീക്കമാണ് വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ ഓഫീസുകളും ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസുകളും ചീഫ് ടൗണ്‍ പ്ലാനറുടെ കാര്യാലയവും വിജിലന്‍സിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു.

അഴിമതിയാരോപണത്തിനു വിധേയരാകുന്നവരുടെ സ്വത്തു വിവരം പ്രത്യേകം വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കും. അഴിമതിക്കാരുടേയും കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തുന്നവരുടേയും കുഴിമടിയന്‍മാരുടേയും കാര്യത്തില്‍ സ്ഥലം മാറ്റുക എന്നുള്ള പരമ്പരാഗത രീതിക്കു പകരം ആവശ്യമെങ്കില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്ന നടപടിക്കു വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപന തലങ്ങളില്‍ തുടക്കം കുറിക്കും. സന്നദ്ധ പ്രവര്‍ത്തകരും യുവജന- രാഷ്രീയ സംഘടനകളും തദ്ദേശസ്ഥാപങ്ങളിലെ അഴിമതി ഉള്‍പ്പെടെ ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ 'ഫോര്‍ ദ പീപ്പിള്‍' എന്ന വെബ് പോര്‍ട്ടലില്‍ പരാതി അയക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറയുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരു കോര്‍പ്പറേഷന്‍ സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി എന്നിവരുള്‍പ്പെടെ എന്‍ജിനീയര്‍മാരടക്കം 17 പേരെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. ഒരു സര്‍ട്ടിഫിക്കറ്റ് നിശ്ചയിക്കപ്പെട്ട കാലാവധിക്കുള്ളില്‍ നല്‍കിയിട്ടില്ലെങ്കില്‍ അതു നല്‍കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍ സര്‍ക്കാരിലേക്കു പിഴയൊടുക്കണമെന്നാണ് നിലവിലുള്ള നിയമമെങ്കിലും ഇക്കാലമത്രയും അത്തരം സംഭവങ്ങള്‍ അനുവര്‍ത്തിക്കപ്പെട്ടിട്ടില്ല. ഇനി മേലില്‍ ഈ നിയമം തദ്ദേശസ്ഥപനങ്ങളില്‍ കര്‍ശനമായി നടപ്പാക്കണമെന്നു മന്ത്രി ആവശ്യപ്പെടുന്നു.

തദ്ദേശസ്ഥാപനം എന്ന ഈജീയന്‍ തൊഴുത്തു നന്നാക്കാനുള്ള ശ്രമം ഏതെങ്കിലും ഒരാള്‍ മാത്രം വിചാരിച്ചാല്‍ കഴിയുന്നതല്ലെന്നു പറയുന്ന മന്ത്രി എല്ലാവരും ഒത്തൊരുമിച്ചു ശ്രമിച്ചാലെ ജനങ്ങള്‍ക്കു പരാതിയില്ലാത്ത കേന്ദ്രങ്ങളാക്കി തദ്ദേശസ്വയംഭരണ ഓഫീസുകളെ മാറ്റാനാകൂവെന്നും അഭിപ്രായപ്പെടുന്നു. ചെയ്തുകൊടുക്കുന്ന സേവനത്തിനു പണം ആവിശ്യപ്പെടുകയോ കാലതാമസം വരുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയോ അവരോടു മാന്യമല്ലാതെ പെരുമാറുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായി ശക്തമായ നിലപാടു തദ്ദേശഭരണ സമിതികള്‍ സ്വീകരിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓരോ തദ്ദേശ സ്ഥാപനങ്ങളാണ് ശമ്പളം നല്‍കുന്നതെന്നതിനാല്‍ അവരുടെ മേലിലുള്ള പൂര്‍ണ നിയന്ത്രണം ഭരണസമിതികള്‍ക്കുണ്ട്. അങ്ങനെ അല്ലാത്ത വിഭാഗം എന്‍ജീയറിങ്് വിങ്ങാണ്. ഇവരെക്കൂടി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരുവാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറയുന്നു.

അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ജീവനക്കാരെ സര്‍വീസ് സംഘടനകള്‍ ഒരു കാരണവശാലും സംരക്ഷിക്കരുതെന്നും ഇക്കാര്യം സര്‍വീസ് സംഘടനാ നേതാക്കളുമായി ഉടന്‍തന്നെ ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറയുന്നു. ഒരു ചെറിയ വിഭാഗം ജീവനക്കാരുമായി ബന്ധപ്പെട്ടാണ് ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നത്. ഇത്തരക്കാരെ ശരിയായ വഴിക്കു കൊണ്ടുവരാനും തുടര്‍ന്നും അഴിമതിമുഖമുദ്രയാക്കി പോകുന്നവരെ ഒറ്റപ്പെടുത്തി വിവരം സര്‍ക്കാരിനെ അറിയിക്കാനും ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് കേസുകളില്‍ പലപ്പോഴും അവരുടെ റിട്ടയര്‍മെന്റിനുശേഷം വിധികല്‍പ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു മാറ്റി ആറു മാസത്തിനുള്ളില്‍ ഇത്തരം കേസുകള്‍ മുഴുവന്‍ തീര്‍പ്പാക്കി ബന്ധപ്പെട്ടവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന് സെക്രട്ടറിയേറ്റില്‍ പ്രത്യേക സംവിധാനമൊരുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങളുടേയും വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഓഫീസുകളുടേയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സമ്പൂര്‍ണമായി ഇവയെ അഴിമതി മുക്തമാക്കാനും ആരംഭിച്ചിരിക്കുന്ന 'ധര്‍മയുദ്ധ'ത്തില്‍ പങ്കാളികളാകാന്‍ ജനങ്ങളുടെ പിന്തുണയും അഭ്യര്‍ത്ഥിച്ചാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്