പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് എംഡിയുടെ ഉറപ്പ്; കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ സമരം പിൻവലിച്ചു

ജീവനക്കാർക്ക് വിശ്രമ സൗകര്യവും രാത്രി ജോലി കഴി‍ഞ്ഞു മടങ്ങാനുള്ള സൗകര്യവും ലഭ്യമാക്കുമെന്നും ജോലി സമയത്തെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും എംഡി ഉറപ്പുനൽകി.

പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് എംഡിയുടെ ഉറപ്പ്; കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ സമരം പിൻവലിച്ചു

ഒറ്റ ഡ്യൂട്ടി സമ്പ്രദായം അം​ഗീകരിക്കില്ലെന്നു കാട്ടി കെഎസ്ആർടിസിയിൽ ഒരു വിഭാ​ഗം മെക്കാനിക്കൽ ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു. എംഡി രാജമാണിക്യവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പത്തു ദിവസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് താത്ക്കാലിക സമരം പിൻവലിക്കാൻ ജീവനക്കാർ തയ്യാറായത്.

ജീവനക്കാർക്ക് വിശ്രമ സൗകര്യവും രാത്രി ജോലി കഴി‍ഞ്ഞു മടങ്ങാനുള്ള സൗകര്യവും ലഭ്യമാക്കുമെന്നും ജോലി സമയത്തെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും എംഡി ഉറപ്പുനൽകി.

മെക്കാനിക്കൽ ജീവനക്കാരുടെ സമരത്തെ തുടർന്ന് സംസ്ഥാനത്ത് നിരവധി സർവീസുകൾ മുടങ്ങിയിരുന്നു. വിഷയത്തിൽ ഇന്നലെ ​ഗതാ​ഗത മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം സമരം അവസാനിപ്പിക്കുന്നതായി യൂണിയൻ പ്രതിനിധികൾ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ യൂണിയനുകൾ ഉണ്ടാക്കിയ സമവായ വ്യവസ്ഥകൾ അം​ഗീകരിക്കില്ലെന്നും സമരം തുടരുമെന്നുമുള്ള നിലപാടുമായി ഒരു വിഭാ​ഗം ജീവനക്കാർ രം​ഗത്തെത്തുകയായിരുന്നു. ഇതോടെ, പണിമുടക്കുന്ന തൊഴിലാളികളെ പിരിച്ചുവിടുമെന്ന കര്‍ശന നിലപാടാണ് ഇന്നലെ കെഎസ്ആര്‍ടിസി മാനേജ്മെന്റ് കൈക്കൊണ്ടത്.

എന്നാൽ, ആവശ്യത്തിൽ ജീവനക്കാർ ഉറച്ചുനിന്ന സാഹചര്യത്തിലാണ് സർവീസുകളെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ജീവനക്കാരുമായി ചർച്ച നടത്താൻ എംഡി തയ്യാറായതും സമരം പിൻവലിച്ചതും.