കേരളമൊട്ടുക്കും ചെയ്യും; യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യകശാപ്പിനെ പിന്തുണച്ച് എം എം ഹസന്‍

കശാപ്പ് നിരോധനത്തിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരമാര്‍ഗ്ഗം ആവര്‍ത്തിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. കോണ്‍ഗ്രസിന്റെ പിന്തുണ യൂത്ത് കോണ്‍ഗ്രസിനുണ്ടെന്നും എം എം ഹസന്‍ പറഞ്ഞു.

കേരളമൊട്ടുക്കും ചെയ്യും; യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യകശാപ്പിനെ പിന്തുണച്ച് എം എം ഹസന്‍

കശാപ്പ് നിരോധനത്തിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരസ്യ കശാപ്പിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതൃത്വം. ഇനിയും ഇത്തരം സമരങ്ങള്‍ നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് നടപടിയെ പിന്തുണക്കുന്നുവെന്നും കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ നാരദാന്യൂസിനോട് പറഞ്ഞു. മനുഷ്യന്റെ മൗലികാവകാശത്തെ തടയുന്നതാണ് കേന്ദ്ര തീരുമാനമെന്നും സംഘപരിവാറിന്റെ ശ്രമങ്ങളെ പരസ്യമായി തന്നെ എതിര്‍ക്കുമെന്നും ഹസന്‍ വ്യക്തമാക്കി.

കശാപ്പു നിരോധനത്തിനെതിരായ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. കേരളം മുഴുവന്‍ ഇത്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. ഡിവൈഎഫ്‌ഐക്കാര്‍ എത്രയോ നാളായി ഇത്തരം പ്രതിഷേധങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഹസന്‍ പറഞ്ഞു. ഗോവധ നിരോധനമുള്ള സംസ്ഥാനമല്ല കേരളം. മനുഷ്യന്റെ മൗലികാവകാശത്തെ തടയുന്ന തീരുമാനത്തിനെതിരെ കേരളമൊട്ടുക്കും പ്രതിഷേധിക്കുമെന്നും ഹസന്‍ വ്യക്തമാക്കി.

ബീഫ് നിരോധനത്തിനെതിരേ കണ്ണൂര്‍ തായത്തെരു ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മാടിനെ പരസ്യമായി അറുത്തുവിറ്റത്. നൂറുകണക്കിന് ജനങ്ങളുടെ കണ്‍മുന്നില്‍ വച്ച് മാടിനെ പരസ്യമായി കശാപ്പു ചെയ്തതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.