മംഗളം ഹണിട്രാപ് കേസിൽ അഭിനവ മെത്രാപ്പോലീത്ത കെ പി യോഹന്നാൻ കുടുങ്ങുമോ? നിക്ഷേപകരിൽ ബിലീവേഴ്സ് ചർച്ചുമുണ്ടെന്ന ആരോപണം അന്വേഷണ പരിധിയിൽ

മംഗളം വാർത്തയുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ആത്മീയ നേതാവാകും കെ പി യോഹന്നാൻ. കെ പി ശശീന്ദ്രനെതിരെ ചാനൽ സംപ്രേഷണം ചെയ്ത ശബ്ദരേഖ നിക്ഷേപകർ കേട്ടതാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുള്ള തെളിവുകളും കൂടി ലഭിച്ചാൽ ഗൂഡാലോചനാ വകുപ്പുകളും കെ പി യോഹന്നാനെതിരെ ചുമത്തേണ്ടി വരും.

മംഗളം ഹണിട്രാപ് കേസിൽ അഭിനവ മെത്രാപ്പോലീത്ത കെ പി യോഹന്നാൻ കുടുങ്ങുമോ? നിക്ഷേപകരിൽ ബിലീവേഴ്സ് ചർച്ചുമുണ്ടെന്ന ആരോപണം അന്വേഷണ പരിധിയിൽ

മംഗളം ഹണിട്രാപ് കേസിൽ പൊലീസ് അന്വേഷണം ചാനലിന്റെ നിക്ഷേപകരിലേക്കും നീളുന്നു. ഡയറക്ടർ ബോർഡിൽ നേരിട്ടു പ്രാതിനിധ്യമില്ലെങ്കിലും മംഗളം ചാനൽ സാക്ഷാത്കരിക്കാൻ പണം നിക്ഷേപിച്ചവരിൽ ബിലീവേഴ്‌സ് ചർച്ച് സ്ഥാപകൻ കെ പി യോഹന്നാനും ഉള്ളതായാണ് സംശയിക്കപ്പെടുന്നത്. ഹണിട്രാപ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച പണസ്രോതസ്സിലേക്കുള്ള അന്വേഷണമാണ് കെ പി യോഹന്നാനിലേക്ക് എത്തുന്നത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

മംഗളം പത്രാധിപസമിതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിട്ടുള്ള ഒൻപതു പേരെ മാത്രമാണു നിലവിൽ കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്നാണ് പൊലീസ് പറയുന്നത്.

കെ പി ശശീന്ദ്രനെതിരെ ചാനൽ സംപ്രേഷണം ചെയ്ത ശബ്ദരേഖ നിക്ഷേപകർ കേട്ടതാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുള്ള തെളിവുകളും കൂടി ലഭിച്ചാൽ ഗൂഡാലോചനാ വകുപ്പുകൾ നിക്ഷേപകർക്കെതിരെയും ചുമത്തേണ്ടി വരും.

നേരത്തേ കെ പി യോഹന്നാനെതിരെ നിരന്തരം വാർത്ത നല്കിക്കൊണ്ടിരുന്ന മംഗളം പത്രത്തെ പരസ്യ ഇനത്തിലും അല്ലാതെയും പണം നൽകി സ്വന്തം പക്ഷത്തേക്ക് അനുകൂലമാക്കുകയായിരുന്നു. അഭിനവ മെത്രാപ്പോലീത്തയെന്നു വിശേഷിപ്പിച്ചിരുന്ന പല പത്രങ്ങൾക്കും 'പെയ്‌ഡ്‌ ന്യൂസ്' നൽകി തന്നെ മെത്രാപ്പോലീത്തയെന്നും 'തിരുമേനി' എന്നും വിളിപ്പിക്കുന്നതിൽ കെ പി യോഹന്നാൻ വിജയിച്ചിരുന്നു.

ഇത്തരത്തിൽ മംഗളം പത്രവുമായി സ്ഥാപിച്ച ബന്ധമാണ് ചാനലിന്റെ നിക്ഷേപകന്റെ സ്ഥാനത്തേക്ക് യോഹന്നാനെ നയിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ചാനൽ ഇപ്പോൾ ലോഞ്ചിങ് നടത്തിയതു തന്നെ യോഹന്നാന്റെ പണം ലഭിച്ചതിനു ശേഷമാണ്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഗോസ്പെല്‍ ഫോര്‍ ഏഷ്യ'യുടെ സ്ഥാപകനായ കെപി യോഹന്നാന്‍ അമേരിക്കയിലും നിയമക്കുരുക്കിലാണ്. ഗോസ്പെല്‍ ഫോര്‍ ഏഷ്യയും മറ്റു ചില വ്യാജ സംഘടനകളും ചേര്‍ന്ന് സംഭാവനയുടെ പേരില്‍ അമേരിക്കയില്‍ 1344 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി അമേരിക്കന്‍ കോടതി കണ്ടെത്തിയിരുന്നു.

യോഹന്നാന് എതിരെ അറസ്റ്റ് വാറന്റ് ഉണ്ടെന്നും അമേരിക്കയില്‍ എത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അറസ്റ്റ് ഭയന്ന് കഴിഞ്ഞ കുറെ മാസങ്ങളായി യോഹന്നാൻ അമേരിക്ക സന്ദര്‍ശിക്കാറില്ല. അമേരിക്കന്‍ പ്രസിഡന്‍റ് ഡിന്നറിനു ക്ഷണിക്കുന്ന പ്രമുഖരുടെ പട്ടികയില്‍ നിന്നും കെ പി യോഹന്നാന്‍റെ പേര് നീക്കം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ചാനൽ രംഗത്തുൾപ്പെടെ നിക്ഷേപിച്ചിരിക്കുന്ന തുക ചാരിറ്റി ഫണ്ടുകളിൽ നിന്നും എടുത്തതാണ് എന്ന കണ്ടെത്തൽ ഉണ്ടായാൽ കെ പി യോഹന്നാൻ കൂടുതൽ കുരുക്കുകളിലേക്ക് പോകും. അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ആത്മീയ നേതാവാകും കെ പി യോഹന്നാൻ.