കോഴിക്കോട് മിഠായിത്തെരുവിലെ കെട്ടിടങ്ങളധികവും അനധികൃതം; ഒരാഴ്ച്ചയ്ക്കകം സുരക്ഷാ സംവിധാനങ്ങളൊരുക്കിയില്ലെങ്കില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ജില്ലാഭരണകൂടം

തീപിടുത്തതിന് ശേഷം നടന്ന അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ ഒന്നുംതന്നെ പാലിക്കാത്ത സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ ഇടപെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപരികളുടെ യോഗം വിളിച്ച ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 25നകം കടകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പൂര്‍ണ്ണമായും വ്യാപാരികള്‍ തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

കോഴിക്കോട് മിഠായിത്തെരുവിലെ കെട്ടിടങ്ങളധികവും അനധികൃതം; ഒരാഴ്ച്ചയ്ക്കകം സുരക്ഷാ സംവിധാനങ്ങളൊരുക്കിയില്ലെങ്കില്‍ വ്യാപാരസ്ഥാപനങ്ങള്‍  അടച്ചുപൂട്ടാന്‍  ജില്ലാഭരണകൂടം

കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം തുടര്‍ക്കഥയായ സാഹചര്യത്തില്‍ ജില്ലാഭരണകൂടം നടത്തിയ പരിശോധനയിലാണ് കെട്ടിടങ്ങളിലധികവും അനധികൃതമാണെന്നുള്ള കണ്ടെത്തല്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്ക വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. തീപിടുത്തതിന് ശേഷം നടന്ന അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ ഒന്നുംതന്നെ പാലിക്കാത്ത സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ ഇടപെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപരികളുടെ യോഗം വിളിച്ച ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 25നകം കടകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പൂര്‍ണ്ണമായും വ്യാപാരികള്‍ തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

മാര്‍ച്ച് 28മുതല്‍ ഏപ്രില്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ മിഠായി തെരുവിലെ സ്ഥാപനങ്ങള്‍ പരിശോധിച്ച് സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനാണ് വിവിധ വകുപ്പ് തലവന്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തീപിടുത്തത്തിന് ശേഷം നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ക്കനുസൃതമായി അധികൃതര്‍ നിര്‍ദേശിച്ച രീതിയില്‍ ഇതുവരെയും ആരുംതന്നെ സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ചിട്ടില്ല.

മാര്‍ച്ച് 28മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ തയ്യാറായില്ലെങ്കില്‍ കടകള്‍ പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്. പരിശോധന നടക്കുന്ന ഏഴ് ദിവസത്തില്‍ മിഠായിത്തെരുവിലെ 1300 കടകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ റവന്യൂ, കെ എസ് ഇ ബി, ഫയര്‍ഫോഴ്‌സ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് മിഠായി തെരുവ് തീപിടുത്തവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്.

Read More >>