പാലക്കാട്ടെ കോരയാർ വിഷപ്പുഴയാക്കി: രണ്ടു പേർ അറസ്റ്റിൽ

പാലക്കാട്ടെ കോരയാര്‍ പുഴയില്‍ രാസമാലിന്യം ഒഴുക്കിയതിന് റെഫല കമ്പനി എംഡി ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെഫല എംഡി ജി.കൃഷ്ണകുമാര്‍, എച്ച് ആര്‍ മാനേജര്‍ ജിജോ എന്നിവരെയാണ് വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട്ടെ കോരയാർ വിഷപ്പുഴയാക്കി: രണ്ടു പേർ അറസ്റ്റിൽ

പാലക്കാട്ടെ കോരയാര്‍ പുഴയില്‍ രാസമാലിന്യം ഒഴുക്കിയതിന് റെഫല കമ്പനി എംഡി ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെഫല എംഡി ജി.കൃഷ്ണകുമാര്‍, എച്ച് ആര്‍ മാനേജര്‍ ജിജോ എന്നിവരെയാണ് വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവത്തില്‍ മലിനീകരണ നിയന്ത്രണ വകുപ്പും പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു.

കഴിഞ്ഞ ദിവസം കഞ്ചിക്കോട് കൊയ്യാമരക്കോട്ടെ ആശാരിത്തറയിലെ പരമേശ്വരന്റെ വീട്ടിലെ പത്ത് ആടുകള്‍ കോരയാര്‍ പുഴയിലെ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് പിടഞ്ഞ് വീണ് ചത്തിരുന്നു. ന്യൂ ഇന്‍ഡസ്ട്രിയല്‍ പ്രദേശത്തെ റെഫല എന്ന കമ്പനിയില്‍ നിന്നും പുറന്തള്ളിയ രാസമാലിന്യം കലര്‍ന്ന പുഴവെള്ളം കുടിച്ചതാണ് മരണകാരണമെന്ന് വിദഗ്ദര്‍ പറഞ്ഞ കാര്യം നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങളായി രാസമാലിന്യങ്ങള്‍ ഈ കമ്പനി പുഴയിലേക്ക് ഒഴുക്കിക്കളയുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. ആടുകള്‍ ചത്തത് പുഴയിലെ രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ചത് കൊണ്ടാണെന്ന് വാര്‍ത്ത വന്നതിന് പുറകെയാണ് പൊലീസ് കേസെടുത്ത് കമ്പനി മാനേജരേയും മറ്റും അറസ്റ്റ് ചെയ്തത്.

രാസമാലിന്യം കലര്‍ന്ന പുഴവെള്ളം കുടിച്ച് ആടുകള്‍ ചത്ത സംഭവത്തില്‍ ആടുകളുടെ മരണകാരണം ആനതൊട്ടാവാടിയെന്ന ചെടിയുടെ ഇല കഴിച്ചത് കൊണ്ടാണെന്നായിരുന്നു പ്രചരണം. ആടുകളുടെ പോസ്റ്റ്‌മോര്‍ട്ടം ഇനിയും പുറത്തു വന്നിട്ടില്ലെന്നിരിക്കെയാണ് രാസമാലിന്യം പുഴയിലേക്ക് ഒഴുക്കിയ കമ്പനിയെ സഹായിക്കുന്ന വിധത്തില്‍ ചില കേന്ദ്രങ്ങള്‍ പ്രചരണം നടത്തുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ലെന്നും വിഷാശം ഉള്ളില്‍ ചെന്നാണ് ആടുകള്‍ ചത്തതെന്നും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് എങ്ങിനെയാണ് സംഭവിച്ചതെന്ന് അറിയാന്‍ റിപ്പോര്‍ട്ട് പുറത്തു വരണമെന്നും സ്ഥലത്തെ പഞ്ചായത്ത് മെമ്പര്‍ കൂടിയായ ബാലമുരളി പറഞ്ഞു.

കേരളത്തിലെ രണ്ടാമത്തെ വ്യവസായ കേന്ദ്രമായ കഞ്ചിക്കോട്ടുള്ള കോരയാറിനോട് ചേര്‍ന്ന് ഏകദേശം 250 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളില്‍ നിന്നെല്ലാം രാസമാലിന്യങ്ങള്‍, കക്കൂസ് മാലിന്യം തുടങ്ങിയവയെല്ലാം കോരയാറിലേക്കാണ് ഒഴുകുന്നത്. കോരയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നത് പുഴയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനികളാണെന്നിരിക്കെ ഈ കമ്പനികള്‍ ചേര്‍ന്ന് നടപ്പിലാക്കിയ കോരയാര്‍പ്പുഴ സംരക്ഷണ പദ്ധതി എം.ബി രാജേഷ് എംപി ഉല്‍ഘാടനം ചെയ്തതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. പേരിന് പുതുശ്ശേരി പഞ്ചായത്തിന്റേയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും സഹകരണം ഉറപ്പാക്കി നടപ്പിലാക്കിയ പദ്ധതിയില്‍ കോരയാര്‍പ്പുഴ സംരക്ഷണത്തിന് വേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്തില്ലെന്നാണ് കഞ്ചിക്കോടുള്ള പരിസ്ഥിതി സംരക്ഷണ സമിതിയുടേയും മറ്റും ആരോപണം. പുഴയിലുള്ള കുറ്റിക്കാടുകള്‍ വെട്ടിമാറ്റുകയും വെള്ളം താഴ്ഭാഗത്തേക്ക് ഒഴുകി പോകാന്‍ ചാലു കീറുകയുമാണ് പുഴ സംരക്ഷണ പദ്ധതിയിൽ പ്രധാനമായും ചെയ്തത്. കമ്പനികളില്‍ നിന്നുള്ള രാസമാലിന്യങ്ങളും മറ്റ് വിസര്‍ജ്ജ്യങ്ങളും പുഴയിലേക്ക് ഒഴുക്കി വിടുന്നത് തടയാനുള്ള കാര്യങ്ങളൊന്നും അന്ന് ചെയ്തിരുന്നില്ല. ഒട്ടുമിക്ക കമ്പനികളും കോരയാറിനോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ കോരയാറിനോട് ചേര്‍ന്ന് മിക്ക കമ്പനികളും മതിലുകള്‍ കെട്ടിയിരുന്നു. പുഴയില്‍ നിന്ന് ജെസിബി ഉപയോഗിച്ച് മണ്ണെടുത്ത് ഈ മതിലുകളുടെ അടിഭാഗത്ത് മണ്ണിട്ട് നികത്തി മതിൽ സംരക്ഷിക്കാനാണു ശ്രമിച്ചത്. അതിലൂടെ ഒഴുക്ക് തടയലും ഇതിന്റെ മറവില്‍ നടത്തിയെന്നാണ് ആരോപണം. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ ദിവസങ്ങളെടുത്താണ് ഈ പ്രവൃത്തി നടത്തിയത്. ഈ പദ്ധതിക്ക് വേണ്ടി ആവശ്യമായ തുക മുടക്കിയത് വിവിധ കമ്പനികളായിരുന്നു. എന്നാല്‍ എത്ര തുകയെന്ന് പരസ്യപ്പെടുത്താത്തതിന് പുറകിലും നികുതി വെട്ടിപ്പ് തുടങ്ങിയ തട്ടിപ്പുകള്‍ ഉണ്ടെന്നാണ് ആരോപണം. മൂന്നു മാസം മുമ്പാണ് കോരയാര്‍ പുഴ സംരക്ഷണത്തിന് വേണ്ടി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്. പക്ഷെ ഇപ്പോഴും ഒരു തുള്ളി വെള്ളം കുടിച്ചാല്‍ ചത്തു വീഴുന്ന തരത്തിലുള്ള വിഷജലവുമായാണ് കോരയാറൊഴുകുന്നത്.

വെള്ളം കുടിച്ചാല്‍ ആടോ കന്നുകാലിയോ എന്ന് വേണ്ട , മനുഷ്യർ വരെ മരിച്ചു വീഴുന്ന അത്രയും വിഷം വഹിച്ചു കൊണ്ടാണ് കഞ്ചിക്കോട്ടെ കൊയ്യാമരക്കാട് ഭാഗത്ത് കോരയാര്‍ ഒഴുകുന്നത്. ഒഴുകി വരുന്ന പുഴവെള്ളത്തില്‍ മത്സ്യം, തവള, ഉള്‍പ്പടെ ഒരു ജലജീവിയും ഇല്ല. വിഷത്തിന്റെ തീവ്രതയില്‍ പായലുകളുടെയും മറ്റും ഇലകള്‍ കരിഞ്ഞാണ് നില്‍ക്കുന്നത്. പുഴയുടെ അടുത്ത് ചെന്നാൽ രൂക്ഷമായ ദുര്‍ഗന്ധം കൊണ്ട് മൂക്കുപൊത്തണം. കറുത്ത വെള്ളത്തില്‍ നിന്ന് പലയിടത്തും പതയും നുരയും ഉയരുന്നു. വെള്ളത്തില്‍ തൊട്ടാല്‍ ചൊറിഞ്ഞു തുടങ്ങും. കഴിഞ്ഞ ദിവസം അന്യനാട്ടുകാരനായ യുവാവ് ഈ പുഴയില്‍ ഒന്നിറങ്ങിയതാണ്. രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. കന്നുകാലികളേയോ ആടുകളേയോ മറ്റ് ജീവികളേയോ പുഴയുടെ ഭാഗത്തേക്ക് കൊണ്ടു പോകാതേയാണ് ഈ പ്രദേശത്ത് താമസിക്കുന്നവര്‍ ജീവിച്ചു വരുന്നത്. ഒന്നുമറിയാതെ പുഴയിലെ വെള്ളം കുടിക്കുന്നവര്‍ ചത്ത് വീഴുമെന്ന് ഉറപ്പാണ്.

Story by
Read More >>