ഒരു തുള്ളി വെള്ളം കുടിച്ചാല്‍ ചത്ത് വീഴും; ഇത് വിഷമൊഴുകുന്ന കഞ്ചിക്കോട്ടെ കോരയാര്‍

ഒരു തുള്ളി വെള്ളം കുടിച്ചാല്‍ ആടോ കന്നുകാലിയോ മാത്രമല്ല, മനുഷ്യർ പോലും മരിച്ചു വീഴുന്ന അത്രയും വിഷം വഹിച്ചു കൊണ്ടാണ് കഞ്ചിക്കോട്ടെ കൊയ്യാമരക്കാട് ഭാഗത്ത് കോരയാര്‍ ഒഴുകുന്നത്. ന്യൂ ഇന്‍ഡസ്ട്രിയല്‍ പ്രദേശത്തെ റൂബ്‌ഫില എന്ന കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യം കലര്‍ന്ന പുഴവെള്ളം കുടിച്ചതാണ് മരണ കാരണമെന്ന് വിദഗ്ദർ പറഞ്ഞു. മൃഗഡോക്ടറുടെ പരിശോധനയിലും ഇത് വ്യക്തമായിട്ടുണ്ട്. ഒഴുകിവരുന്ന കോരയാര്‍ പുഴയിൽ മത്സ്യം, തവള, ഉള്‍പ്പടെ ഒരു ജലജീവിയും ഇല്ല. എന്നാൽ അധികൃതർ ഇത് വരെ ജാഗ്രതാ നിർദ്ദേശം പോലും നൽകിയിട്ടില്ല.

ഒരു തുള്ളി വെള്ളം കുടിച്ചാല്‍ ചത്ത് വീഴും; ഇത്  വിഷമൊഴുകുന്ന കഞ്ചിക്കോട്ടെ കോരയാര്‍

കേരളത്തിൽ ആളെ കൊല്ലുന്ന പുഴയുണ്ട് - കോരയാർപുഴ. എന്നാൽ അധികൃതർ ഇക്കാര്യം മറച്ചു വച്ചിരിക്കുകയാണ്. പുഴയിലെ വെള്ളം കുടിച്ച ആടുമാടുകൾ കൂട്ടത്തോടെ പിടഞ്ഞു ചത്തു. ഒരു തുള്ളി വെള്ളം കുടിച്ചാല്‍ ആടോ കന്നുകാലിയോ മാത്രമല്ല, മനുഷ്യർ പോലും മരിച്ചു വീഴുന്ന അത്രയും വിഷം വഹിച്ചു കൊണ്ടാണ് കഞ്ചിക്കോട്ടെ കൊയ്യാമരക്കാട് ഭാഗത്ത് കോരയാര്‍ ഒഴുകുന്നത്. ഒഴുകിവരുന്ന പുഴവെള്ളത്തില്‍ മത്സ്യം, തവള, ഉള്‍പ്പടെ ഒരു ജലജീവിയും ഇല്ല. വിഷത്തിന്റെ തീവ്രതയില്‍ പായലുകളും മറ്റും ഇലകള്‍ കരിഞ്ഞാണ് നില്‍ക്കുന്നത്. പുഴയുടെ അടുത്ത് ചെന്നാലെ രൂക്ഷമായ ദുര്‍ഗന്ധം കൊണ്ട് മൂക്കുപൊത്തണം. കറുത്ത വെള്ളത്തില്‍ നിന്ന് പലയിടത്തും പതയും നുരയും ഉണ്ടാകും. വെള്ളത്തില്‍ തൊട്ടാല്‍ ചൊറിഞ്ഞു തുടങ്ങും. കഴിഞ്ഞ ദിവസം അന്യനാട്ടുകാരനായ യുവാവ് ഈ പുഴയില്‍ ഒന്നിറങ്ങിയതാണ്. രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.


Image Titleഇന്നലെ മാത്രം മണിക്കൂറുകളുടെ ഇടവേളയിൽ പരമശിവന്റേയും ഭാര്യ മഹേശ്വരിയുടേയും ഒമ്പത് ആടുകളാണ് വീട്ടുമുറ്റത്ത് ചത്ത് വീണത്. ഇന്നും ഒരെണ്ണെം ചത്തു. നാലഞ്ചു ആടുകള്‍ എപ്പോള്‍ വേണമെങ്കിലും ചത്തു വീഴാവുന്ന നിലയില്‍ ഗുരുതരാവസ്ഥയിലുമാണ്. ഡോക്ടര്‍ വന്നു ഇഞ്ചക്ഷന്‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നും പറയാന്‍ പറ്റില്ലെന്നും പറഞ്ഞാണ് പോയത്.

25 വര്‍ഷമായി ആടുകളെ വളര്‍ത്തി ജീവിക്കുന്ന പരമേശ്വരനും കുടുംബത്തിനും ഒറ്റദിവസം കൊണ്ട് നഷ്ടം ഉണ്ടായത് ഒരു ലക്ഷത്തിലേറെ രൂപ. ആടുകളെ മേയ്ക്കാന്‍ കൊണ്ടു പോയപ്പോള്‍ തൊട്ടടുത്ത കോരയാര്‍ പുഴയിലെ വെള്ളം കുടിച്ചതാണ് മരണത്തിന് കാരണമായത്. വൈകിട്ടോടെ പുഴയിലെ വെള്ളം കുടിച്ച ആടുകള്‍ രാത്രിയോടെ കരഞ്ഞു പിടയാൻ തുടങ്ങി. പുലര്‍ച്ചയും പിറ്റേന്ന് ഉച്ചയോടുമായി ആടുകള്‍ ചത്തുവീണു. പാലക്കാട് ജില്ലയിലാണ് മനുഷ്യ ജീവന് പോലും ഭീഷണിയുയർത്തുന്ന തരത്തിൽ വിഷജലമൊഴുകുന്ന കോരയാര്‍ ഒഴുകുന്നത്.


Image Titleന്യൂ ഇന്‍ഡസ്ട്രിയല്‍ പ്രദേശത്തെ റൂബ്‌ഫില എന്ന കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യം കലര്‍ന്ന പുഴവെള്ളം കുടിച്ചതാണ് ആടുകളുടെ മരണ കാരണമെന്ന് വിദഗ്ദർ പറഞ്ഞു. മൃഗഡോക്ടറുടെ പരിശോധനയിലും ഇത് വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച്ച ഈ പ്രദേശത്തു് കനത്ത മഴ പെയ്തിരുന്നു. കോരയാര്‍ പുഴയില്‍ വെള്ളമൊഴുക്ക് വര്‍ധിച്ചപ്പോള്‍ കമ്പനിയിലെ രാസമാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിയതാണെന്നും സംശയമുണ്ട്. വര്‍ഷങ്ങളായി ഈ കമ്പനി രാസമാലിന്യങ്ങള്‍ ചേര്‍ന്ന മാലിന്യം പുഴയിലേക്ക് ഒഴുകി വിടുകയാണ് എന്ന് നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ആടുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ കമ്പനിയിലെത്തിയപ്പോള്‍ രാസമാലിന്യങ്ങള്‍ ഒരു വലിയ കോണ്‍ക്രീറ്റ് ടാങ്കില്‍ സംഭരിച്ച് പുഴയിലേക്ക് ഒഴുക്കി വിടുന്നത് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന്`ജില്ലാ പൊലീസ് സൂപ്രണ്ട് പ്രതീഷ്‌കുമാര്‍ ഇടപെട്ട് കമ്പനിയുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനും കമ്പനിക്കെതിരെ കേസെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ അധികൃതർ ഇത് വരെ ജാഗ്രതാ നിർദ്ദേശം പോലും നൽകിയിട്ടില്ല.

ഏകദേശം നൂറു മീറ്റര്‍ ദൂരത്തില്‍ കോരയാറിന്റെ കൊയ്യാമരക്കാട് ഭാഗത്തെ അവസ്ഥയാണിത്. ഇവിടെ തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. നല്ല മഴയത്ത് തടയണ കവിഞ്ഞൊഴുകുന്ന വെള്ളവും മറ്റുഭാഗങ്ങളില്‍ നിന്ന് തടയണയുടെ താഴെ ഭാഗത്തേക്ക് വരുന്ന വെള്ളവും ചേര്‍ന്നാണ് കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലേക്ക് വരെ ചെന്നെത്തുന്നത്. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ കന്നുകാലികളേയോ ആടുകളേയോ മറ്റ് ജീവികളേയോ പുഴയുടെ ഭാഗത്തേക്ക് കൊണ്ടു പോകാതേയും ഒഴുകി വരുന്ന വിഷപുഴ എന്ന് പരസ്പരം മുന്നറിയിപ്പ് നല്‍കിയുമാണ് ഇതിന്റെ പരിസരത്ത് ജീവിച്ചു വരുന്നത്. ഒന്നുമറിയാതെ പുഴയിലെ വെള്ളം കുടിക്കുന്നവര്‍ ചത്ത് വീഴുമെന്ന് ഉറപ്പാണ്.

കോരയാറിനോട് ചേര്‍ന്ന് ഏകദേശം 250 ലേറെ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളില്‍ നിന്നെല്ലാം രാസമാലിന്യങ്ങള്‍, കക്കൂസ് മാലിന്യം തുടങ്ങിയവയെല്ലാം കോരയാറിലേക്കാണ് ഒഴുകുന്നത്. വികസനത്തിന് വേണ്ടി വന്ന വ്യവസായ കമ്പനികള്‍ ചെയ്യുന്ന പുഴ മലനീകരണം ജലവകുപ്പും, പൊലുഷന്‍ വകുപ്പെല്ലാം കണ്ടില്ലെന്ന് നടിച്ചു. വിഷമേറ്റ് വാങ്ങി കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലേക്കാണ് കോരയാര്‍ ചെന്നു ചേരുന്നത് എന്നറിഞ്ഞിട്ടും ഒരിടപെടലും ഉണ്ടായില്ല. ആടുകള്‍ ചത്ത് വീണത് ഒരു മുന്നറിയിപ്പാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇനിയും പുഴയിലേക്ക് വിഷമൊഴുക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു . കമ്പനികള്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.

ആടുകള്‍ ചത്തതോടെ പരമശിവനും, ഭാര്യ മഹേശ്വരിയുടെയും ജീവിതം വഴി മുട്ടി. ആടുകളെ വളര്‍ത്തി വിറ്റാണ് ഈകുടുംബം ജീവിച്ചു കൊണ്ടിരിക്കുന്നത്. തന്റെ രണ്ട് പെണ്‍മക്കളേയും പരമശിവന്‍ കെട്ടിച്ചയച്ചത് ആടുകളെ വളര്‍ത്തിയാണ്. 30 ആടുകളാണ് ഉണ്ടായിരുന്നത്. സാധാരണ കാട്ടിനുള്ളിലാണ് ആട് മേയ്ക്കാന്‍ പോകാറുള്ളത്. പക്ഷെ ഇന്നലെ (07 .08 .2017) കോരയാര്‍ ഭാഗത്തേക്കാണ് പോയത്. അറിയാതെ ആടുകള്‍ പുഴ വെള്ളം കുടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ജില്ലാ കലക്ടറും തഹസില്‍ദാരുമൊക്കെ സ്ഥലം സന്ദര്‍ശിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തെ കുറിച്ചൊന്നും പറഞ്ഞില്ലെന്ന് മഹേശ്വരിയമ്മ പറഞ്ഞു.


Read More >>