കാനത്തിനു മറുപടിയുമായി കോടിയേരി; 'ശത്രുപക്ഷത്തിന് മുന്നണി നേതാക്കള്‍ ആയുധം നല്‍കരുത്, ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളേ മുന്നണിയിലുള്ളൂ'

'സിപിഐക്ക് തങ്ങളേക്കാള്‍ ഭരണപരിചയം കൂടുതലുണ്ട്. ഭരണത്തെക്കുറിച്ച് നിര്‍ദേശങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നോട്ടുപോകും. ഇടതുമുന്നണിയെ ശക്തിപ്പെടുത്താന്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കോടിയേരി പറഞ്ഞു.'

കാനത്തിനു മറുപടിയുമായി കോടിയേരി; ശത്രുപക്ഷത്തിന് മുന്നണി നേതാക്കള്‍ ആയുധം നല്‍കരുത്, ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളേ മുന്നണിയിലുള്ളൂ

ഇടതുമുന്നണിയിലെ അഭിപ്രായഭിന്നതകളില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാനംരാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം എണ്ണിയെണ്ണി മറുപടി പറഞ്ഞു. മുന്നണിനേതാക്കളുടെ പ്രസ്താവനകള്‍ ശത്രുപക്ഷത്തിന് ആയുധമാകരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കുന്നവര്‍ക്ക് ഇടതുനേതാക്കള്‍ വടികൊടുക്കരുത്. കാനം രാജേന്ദ്രന്റെ പ്രസ്താവന തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിച്ചത്. പക്ഷെ അത് കേരളത്തില്‍ നടക്കില്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഐക്യം ശക്തിപ്പെടുത്താന്‍ സിപിഐഎമ്മും സിപിഐയും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പ്രശ്‌നങ്ങളില്‍ വിവിധ പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. രാഷ്ട്രീയ വിഷയത്തില്‍ അഭിപ്രായം തുറന്നുപറയുന്നതില്‍ തെറ്റില്ല. അതു പറയാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാലൊരു മുന്നണിയായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഭരണ നടപടികളെ ദുര്‍ബലപ്പെടുത്തുന്ന വിധത്തിലേക്ക് അത് നീങ്ങരുത്. ഭരണത്തിലെ അഭിപ്രായ ഭിന്നത പരസ്യമായി പറയുന്നത് ശരിയല്ലെന്നാണ് നിലപാട് -അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ 11 മാസക്കാലമായി മികച്ച നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍ വിവാദങ്ങളുയരുന്നത് സര്‍ക്കാരിന്റെ സല്‍പ്രവര്‍ത്തികള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ കാരണമാകും. ഇത് കണക്കിലെടുത്തുകൊണ്ടാകണം മുന്നണിയിലെ ഓരോ കക്ഷികളും പ്രവര്‍ത്തിക്കാന്‍. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയില്‍ക്കൂടി പരിഹരിക്കണം. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളൊന്നും ഇടതുമുന്നണിയിലില്ല. യോജിച്ച നിലപാട് സ്വീകരിക്കാവുന്ന വിഷയങ്ങളേ കേരളത്തിലുള്ളൂവെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ അഭിപ്രായങ്ങള്‍ എതിരാളികള്‍ നന്നായി ആഘോഷിച്ചു. ഇടതുപക്ഷ മുന്നണി ശിഥിലമാകുന്നുവെന്നുവരെ വ്യാഖ്യാനമുണ്ടായി. എന്നാല്‍ അത്തരത്തിലൊരു പ്രശ്‌നവും കേരളത്തിലില്ലെന്നും എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. നിലമ്പൂര്‍ വെടിവെപ്പ് കേസില്‍ മാവോയിസ്റ്റ് സംഘടനകള്‍ പോലും ഉപയോഗിക്കാത്ത ആരോപണങ്ങളാണ് സിപിഐ ഉന്നയിച്ചത്. ഒരാളെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്ന് മാവോയിസ്റ്റുകള്‍ പോലും ആരോപിച്ചിട്ടില്ല. നക്‌സലൈറ്റ് വര്‍ഗീസിനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമല്ല നിലമ്പൂരില്‍ നടന്നത്. മജിസ്‌ട്രേറ്റ്തല അന്വേഷണത്തില്‍ പോലീസിനെതിരേ റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.

യുഎപിഎ വിഷയത്തില്‍ സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ട്. ആ കരിനിയമം എടുത്തുകളയണമെന്നാണ് പാര്‍ട്ടി നിലപാട്. പി ജയരാജനുള്‍പ്പെടെ യുഎപിഎയുടെ ഇരയായിരുന്നു. യുഎപിഎ തെറ്റായി ഉപയോഗിക്കുന്നതിന് സിപിഐഎം കൂട്ടുനില്‍ക്കില്ല. ആ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരേ നടത്തുന്ന പ്രചാരണം വസ്തുതാപരമായിരുന്നില്ല. വസ്തുതകളെ ശരിയായ നിലക്ക് കാണാത്ത വിധമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിക്കപ്പെടണമെന്നതാണ് സര്‍ക്കാര്‍ നയം. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളിലെത്തുന്നതില്‍ ഒരു വിലക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അത് താമസമില്ലാതെ ജനങ്ങളിലെത്തിക്കാനുള്ള നയങ്ങളാണ് എല്‍ഡിഎഫ് കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവായി പുറപ്പെടുവിക്കുന്നതിനൊപ്പം അത് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഒരപേക്ഷയുമില്ലാതെ തന്നെ കുറിപ്പും തീരുമാനവും ഉത്തരവും വെബ്‌സൈറ്റില്‍ നിന്നെടുക്കാനുള്ള സംവിധാനമുണ്ട്. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ തടസം നിന്നിട്ടില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ പൂര്‍ണമാകുമ്പോഴേ വിവരങ്ങള്‍ പുറത്തുവിടൂ.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലവിവാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റിനെതിരേ നടപടി സ്വീകരിക്കുന്നത്, കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പക്ഷെ, ഹൈക്കോടതിയും സുപ്രീംകോടതിയും പ്രതികള്‍ക്ക് അനുകൂലമായ നിലപാടെടുത്തു. ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അത് വസ്തുതകള്‍ ശരിയായ നിലയില്‍ മനസിലാക്കാതെയുള്ള വിമര്‍ശനമാണ്. വളയത്തെ നന്ദിഗ്രാമാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കുറേ ശ്രമിച്ചെങ്കിലും അത് വിലപ്പോയില്ല.

മൂന്നാറുള്‍പ്പെടെ ഇടുക്കി ജില്ലയില്‍ പട്ടയം കിട്ടാത്ത ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയവിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. യാതൊരു വിധ കയ്യേറ്റവും മൂന്നാറില്‍ പാടില്ല, എന്നാല്‍ നിയമവിധേമായി കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതി കൊടുക്കണം. പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധമുള്ള കെട്ടിടങ്ങളേ പാടുള്ളൂ. മൂന്നാറിന്റെ സംരക്ഷണത്തിനായി പ്രത്യേക നിയമത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.

ഇതിലൊന്നും മുന്നണിക്ക് അഭിപ്രായ വ്യത്യാസമില്ല. നിശ്ചയമായും മൂന്നാറില്‍ സര്‍ക്കാര്‍ നിലപാട് നടപ്പാക്കുകയാണ് വേണ്ടത്. വ്യത്യസ്ത നിലപാട് അക്കാര്യത്തില്‍ പ്രകടിപ്പിക്കേണ്ട കാര്യമില്ല. വ്യത്യസ്തമായ കാര്യങ്ങള്‍ ഭരണകാര്യത്തിലുണ്ടെങ്കില്‍ അത് എല്‍ഡിഎഫിനകത്ത് ചര്‍ച്ചചെയ്യാം. ഉഭയകക്ഷി ചര്‍ച്ചയാകാം. അങ്ങനെ പരിഹരിക്കാം. സിപിഐക്ക് തങ്ങളേക്കാള്‍ പത്തുവര്‍ഷത്തെ ഭരണപരിചയം കൂടുതലുണ്ട്. ഇടതുമുന്നണി ശക്തിപ്പെടണമെന്ന സിപിഐ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഇതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു. ആരോപണങ്ങളില്‍ നിന്നെല്ലാം കുറ്റവിമുക്തി നേടിയ ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. അദ്ദേഹത്തെ മുഖ്യമന്തിയുടെ ഉപദേഷ്ടാവായി നിയമിക്കുന്നതില്‍ ഒരു തെറ്റുമില്ല. പഴയകാര്യങ്ങള്‍ ചികഞ്ഞാല്‍ ഒരാളെയും നിയമിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.