മണിയുടെ പരാമർശം അങ്ങേയറ്റം തെറ്റെന്നു കോടിയേരി; സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യും

മണി പ്രസ്താവന നടത്താനിടയായ സാഹചര്യവും പ്രസംഗത്തിന്റെ പൂർണരൂപവും അറിയില്ലെന്ന് പറഞ്ഞ കോടിയേരി, മണിയുടെ പ്രസ്താവന സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി.

മണിയുടെ പരാമർശം അങ്ങേയറ്റം തെറ്റെന്നു കോടിയേരി; സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യും

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരമാണെങ്കിൽ പെമ്പിള ഒരുമൈയുമായി ബന്ധപ്പെട്ട പരാമർശം അങ്ങേയറ്റം തെറ്റാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മണി പ്രസ്താവന നടത്താനിടയായ സാഹചര്യവും പ്രസംഗത്തിന്റെ പൂർണരൂപവും അറിയില്ലെന്ന് പറഞ്ഞ കോടിയേരി, മണിയുടെ പ്രസ്താവന സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി.

നേരത്തെ മണിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു. മണിയുടെ പരാമർശം ശരിയായില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായ സ്ത്രീകളുടെ ഒരു പ്രതിഷേധക്കൂട്ടായ്മയാണ് പെമ്പിളൈ ഒരുമൈയെന്നും പറഞ്ഞിരുന്നു. അതിനെ മോശമായി പറയുന്നത് ശരിയല്ല. പ്രസ്താവന നടത്തിയ ആളുമായി സംസാരിച്ച ശേഷം നടപടിയെടുക്കണമോ എന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മണിയുടെ അസഭ്യ പരാമർശത്തിൽ പ്രതിഷേധിച്ച് പെമ്പിളൈ ഒരുമൈ ഇന്ന് ഉച്ചയോടെ മൂന്നാർ ടൗണിൽ പ്ര​​ക്ഷോഭം നടത്തിയിരുന്നു. കാലിൽ വീണു മാപ്പ് പറയാതെ എം എം മണിയെ വെറുതെ വിടില്ലെന്നു പ്രഖ്യാപിച്ചായിരുന്നു പെമ്പിളൈ ഒരുമൈ പ്രവർത്തകരുടെ പ്രതിഷേധം. ലോകത്തിലെ എല്ലാ സ്ത്രീകളെയും അധിക്ഷേപിക്കുകയാണ് മണിയെന്നും അവർ വ്യക്തമാക്കിയിരുന്നു.

പെമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്നായിരുന്നു എം എം മണിയുടെ പ്രസ്താവന. ഇന്നലെ അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസം​ഗത്തിലായിരുന്നു മണിയുടെ അധിക്ഷേപ പരാമർശം. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും എംഎം മണി പറഞ്ഞിരുന്നു.