മഴയെത്തും മുമ്പേ മെട്രോ ഓടും: പ്രധാനമന്ത്രിക്കായി ഉദ്ഘാടനം വൈകിപ്പിക്കണമെന്ന് ബിജെപി

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ നീളുന്ന പെരുമഴക്കാലത്തിനു മുന്‍പ് കൊച്ചി മെട്രോ ഓടിത്തുടങ്ങും. 30ന് ഉദ്ഘാടനം പ്രഖ്യാപിച്ച് സര്‍ക്കാര്‍.അതേസമയം പ്രധാനമന്ത്രിക്കായി ഉദ്ഘാടനം വൈകിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം

മഴയെത്തും മുമ്പേ മെട്രോ ഓടും: പ്രധാനമന്ത്രിക്കായി ഉദ്ഘാടനം വൈകിപ്പിക്കണമെന്ന് ബിജെപി

കേരളം കാത്തിരുന്ന മെട്രോ ട്രെയിന്‍ ഈ മാസം 30 മുതല്‍ കൊച്ചിയിൽ കുതിച്ചു തുടങ്ങും. എന്നാല്‍ ഉദ്ഘാടനം സംബന്ധിച്ച് തടസവാദങ്ങളുമായി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിയ്ക്കായി ഉദ്ഘാടനം വൈകിപ്പിക്കണമെന്നാണ് ബിജെപിയുടെ വാദം. പ്രധാനമന്ത്രി രാജ്യത്തില്ലാത്ത സമയം നോക്കി ഉദ്ഘാടനം വെച്ചു എന്നാണ് ആരോപണം. ഇതിനെതിരെ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചതോടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വാഗ്വാദമായി ഉദ്ഘാടനം മാറുകയാണ്.

പ്രധാനമന്ത്രിക്ക് അസൗകര്യമുള്ള ദിവസം നോക്കി ഉദ്ഘാടന തിയതി തീരുമാനിച്ചുവെന്നും സംസ്ഥാനം രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജൂണില്‍ മഴയയാതിനാല്‍ സംസ്ഥാനത്തെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്താണ് മെയില്‍ തന്നെ ഉദ്ഘാടനം നടത്തുന്നത്. ജൂണില്‍ പെരുമഴയായിരിക്കും. ആ സമയത്ത് പ്രധാനമന്ത്രിക്ക് സുരക്ഷാകാരണങ്ങളാല്‍ തന്നെ ഉദ്ഘാടനത്തിന് എത്താന്‍ തടസ്സങ്ങളുണ്ടാകും. നിലവിലെ ഉദ്ഘാടനം പ്രധാനമന്ത്രിക്കായി മാറ്റിവെച്ചാല്‍ ഓഗസ്റ്റ് വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലം കഴിഞ്ഞു മാത്രമേ ഉദ്ഘാടനം നടത്താനാവൂ.

ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നു. എന്നാല്‍ മെയ് 29 മുതല്‍ ജൂണ്‍ നാലുവരെ പ്രധാനമന്ത്രി യൂറോപ്പ് പര്യടനത്തിലാണ്. ഒന്നരമാസം മുമ്പ് നിശ്ചയിച്ചതാണ് വിദേശ പര്യടനം. ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. എന്നാല്‍ പ്രധാനമന്ത്രിക്കായി കാത്തുനിൽക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികദിനത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിനിടെ ഉത്‌ഘാടനത്തീയതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പ്രതികരിച്ചു. ഉത്‌ഘാടനത്തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയതി ലഭ്യമാവാൻ ഏപ്രിൽ പതിനൊന്നിന് കത്തെഴുതിയതായും ഇതിനുള്ള മറുപടിക്ക് കാത്തു നിൽക്കുന്നതായും പോസ്റ്റിൽ വിശദീകരിക്കുന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത മെട്രോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കേണ്ടതുണ്ട്. മെട്രോയുടെ തുടര്‍ന്നുള്ള പാതകളടക്കമുള്ളവയ്ക്ക് കേന്ദ്രസഹായവും ആവശ്യമുണ്ട്. എന്നാല്‍, നിലവില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപി തടസമുന്നയിക്കുന്നത് മറ്റൊരു തരത്തില്‍ ഇടതുമുന്നണി നേട്ടവുമാക്കും. കാക്കനാട്ടേയ്ക്ക് പാത നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും ഭരണാനുമതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്രം പിന്മാറിയാല്‍ സംസ്ഥാനത്തോട് ശത്രുതാപരമായി പെരുമാറുന്നത് ഉദ്ഘാടനം പ്രധാനമന്ത്രിക്കായി വൈകിപ്പിക്കാത്തതുമൂലമാണെന്ന പ്രചാരണം ഉയരും.

നിലിവില്‍ ഉദ്ഘാടനത്തില്‍ നിന്ന് കേന്ദ്ര മന്ത്രിമാര്‍ മാറി നിന്നാലും സംസ്ഥാനത്തോട് വൈരാഗ്യത്തോടെ പെരുമാറുന്നു എന്ന തോന്നലുണ്ടാക്കും. ബിജെപിയുടെ സംസ്ഥാന നേതൃത്വം വിഷയത്തോട് വൈകാരികമായാണ് പ്രതികരിക്കുന്നത്. ഇത് അണികളും ഏറ്റെടുക്കുന്ന സാഹചര്യമാണുള്ളത്.