കൊച്ചി മെട്രോയിൽ ലിംഗ വൈവിധ്യം: ആദ്യമായി 'സര്‍ക്കാര്‍ ജോലി' നേടി കൊച്ചിയിലെ 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

കേരളം വീണ്ടും രാജ്യത്തിനു മാതൃകയാകുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിയുള്ള സ്ഥാപനത്തില്‍ ആദ്യമായി ട്രാന്‍സിനു ജോലി. കൊച്ചി മെട്രോ റെയിലാണ് 23 ട്രാന്‍സ് ജെന്‍ഡേഴ്‌സിനു ജോലി നല്‍കി അവരുടെ അഭിമാനം ഉയര്‍ത്തുന്നത്.

കൊച്ചി മെട്രോയിൽ ലിംഗ വൈവിധ്യം: ആദ്യമായി സര്‍ക്കാര്‍  ജോലി നേടി കൊച്ചിയിലെ 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

ലിംഗസമത്വത്തിന്റെ പാതയില്‍ വഴിമുറിയാതെ കൊച്ചി മെട്രോ. 23 ട്രാന്‍ജെന്‍ഡറുകള്‍ക്കു ജോലി നല്‍കിക്കൊണ്ടാണു കൊച്ചി മെട്രോ മാതൃകയായത്. 530 കുടുംബശ്രീ തൊഴിലാളികള്‍ക്കൊപ്പം പതിനൊന്നു സ്റ്റേഷനുകളില്‍ ട്രാന്‍ജെന്‍ഡര്‍മാരും ജോലി ചെയ്യും. ടിക്കറ്റ് കൗണ്ടറുകള്‍ മുതല്‍ ഹൗസ്‌കീപ്പിങ് വരെയുള്ള ജോലികളായിരിക്കും അവരെ ഏല്‍പ്പിക്കുക.

'സ്റ്റേഷനുകളിലെ ജോലികളില്‍ ട്രാന്‍ജെന്‍ഡറുമാര്‍ക്ക് അവകാശപ്പെട്ട ജോലികള്‍ നല്‍കണമെന്നാണു ഞങ്ങളുടെ ആഗ്രഹം. സ്ത്രീകളും അവരുമായി യാതൊരു വിവേചനവും ഉണ്ടാവില്ല,' കൊച്ചി മേട്രോ എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു. ട്രാന്‍ജെന്‍ഡര്‍ സമൂഹവുമായി നേരിട്ടുള്ള ഇടപാടുകള്‍ ഉണ്ടായാലേ അവരെപ്പറ്റിയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ട്രാന്‍ജെന്‍ഡറുമാരെ ജോലിയ്ക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണു കൊച്ചി മെട്രോ. കേരളത്തിലെ മറ്റു സ്ഥാപനങ്ങളും ട്രാന്‍ജെന്‍ഡര്‍മാര്‍ക്കു തൊഴിലവസരങ്ങള്‍ കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഏലിയാസ് ജോര്‍ജ്ജ് പ്രത്യാശ പ്രകടിപ്പിച്ചു.

എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ്, 530 തൊഴിലാളികളെ നിയമിച്ചിട്ടുള്ളത്. ഹൗസ് കീപ്പിങ്, പാര്‍ക്കിങ്, കസ്റ്റമര്‍ റിലേഷന്‍സ്, ടിക്കറ്റ് വെന്‍ഡിങ്, ഗാര്‍ഡനിങ്, ക്യാന്റീന്‍ ജോലികള്‍ എന്നിവയിലേയ്ക്കാണ് അവരെ നിയമിച്ചിട്ടുള്ളത്. സാങ്കേതികവൈദഗ്ധ്യത്തിലും സുരക്ഷാക്രമീകരണങ്ങളിലും അവര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. മൂന്നു സ്റ്റേഷനുകളിലായിരിക്കും അവരെ നിയോഗിക്കുക.

കൊച്ചിയില്‍ ട്രാന്‍ജെന്‍ഡറുകളെ പൊലീസ് ആക്രമിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളാണു മെട്രോയുടെ കണ്ണുതുറപ്പിച്ചത്. ആരും ജോലി നല്‍കാത്തതിനാല്‍ തീവണ്ടികളിലും മറ്റും യാചിച്ചാണു പലരും ജീവിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഈ വിഭാഗത്തിലുണ്ട്. എന്നാല്‍ ഈ ലൈംഗിക വൈവിധ്യത്തെ അംഗീകരിക്കാന്‍ തൊഴിലുടമകള്‍ക്കു കഴിയാറില്ല.