കണ്ണടച്ച് കൊച്ചി നഗരത്തിലെ സിസിടിവി ക്യാമറകള്‍; 99 ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ്

തട്ടിക്കൊണ്ട് പോകലും, കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ കൊച്ചി നഗരത്തിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതം. പ്രധാന റോഡുകളിലും കവലകളിലുമായി സ്ഥാപിച്ച 99 നിരീക്ഷണക്യാമറകളില്‍ ഒന്നു പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കണ്ണടച്ച് കൊച്ചി നഗരത്തിലെ സിസിടിവി ക്യാമറകള്‍; 99 ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ്

കൊച്ചി നഗരത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളെല്ലാം പ്രവര്‍ത്തനരഹിതം. പ്രധാന റോഡുകളിലും കവലകളിലുമായി സ്ഥാപിച്ച 99 നിരീക്ഷണ ക്യാമറകളാണ് പണിമുടക്കിയിരിക്കുന്നത്. കേടായവ നന്നാക്കാന്‍ കെല്‍ട്രോണിനെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് വിവരാവകാശനിയമ പ്രകാരം നല്‍കിയ മറുപടിയില്‍ പൊലീസ് വ്യക്തമാക്കുന്നു.

2015 ജൂലൈ 28-നും ആഗസ്റ്റ് 23നും ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കെല്‍ട്രോണിന് കത്തെഴുതിയിരുന്നു. 59 സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നെങ്കിലും അതില്‍ 20 ക്യാമറകള്‍ ഒരു മാസത്തിനിടെ പ്രവര്‍ത്തന രഹിതമായിരുന്നു. ബാക്കിയുള്ള 39 ക്യാമറകളില്‍ 19 എണ്ണത്തില്‍ റെക്കോര്‍ഡിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു.

സെര്‍വറുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്നായിരുന്നു റെക്കോര്‍ഡിംഗ് സംവിധാനം പ്രവര്‍ത്തിക്കാതിരുന്നത്. 36 ഡോം ക്യാമറകളും 63 ഫിക്‌സഡ് ക്യാമറകളുമാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍, വൈറ്റില, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, നോര്‍ത്ത് റെയില്‍വേ, കലൂര്‍ ബസ് സ്റ്റാന്‍ഡ്, ഇന്‍ഫോ പാര്‍ക്ക്, കാക്കനാട് സിവില്‍ സ്റ്റേഷന്‍ എന്നീ സ്ഥലങ്ങളടക്കം ജനത്തിരക്കുള്ള സ്ഥലങ്ങളിലൊന്നും ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

ക്യാമറകള്‍ സ്ഥാപിക്കുന്നതിന് എത്ര പണം മുടക്കി എന്ന വിവരം ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയതടക്കമുള്ള കേസുകളില്‍ സിസിടിവി ദൃശ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിസിടിവി ക്യാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നുള്ളത് ഗൗരവതരമാണ്.

Read More >>