'ഷാജഹാന്‍ ആരെന്നു നീയറിയും, നീ ആ ബേബീടെ കൂട്ടുകാരനല്ലേ'; കെ എം ഷാജഹാന്‍ പകയുടെ ഈശ്വരനെന്ന വിമര്‍ശനമുയര്‍ത്തി യുവജന ക്ഷേമബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറി

'മാധ്യമം' ഓണ്‍ലൈനില്‍ 'പകയുടെ ഈശ്വരന്‍ മഹത്വവത്ക്കരിക്കപ്പെടുമ്പോള്‍' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് യുവജനക്ഷേമ ബോര്‍ഡിന്റെ മുന്‍ മെമ്പര്‍ സെക്രട്ടറിയായ ഡോക്ടര്‍ മുഹമ്മദ് അഷ്‌റഫ് കെ എം ഷാജഹാനെതിരെ വിമര്‍ശനമുന്നയിക്കുന്നത്. 2007 ല്‍ മെമ്പര്‍ സെക്രട്ടറിയായ താന്‍ തൊഴില്‍ -വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് ആരംഭിക്കാന്‍ 29,000 രൂപയ്ക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ചു. കെ എം ഷാജഹാന്‍ അത് 1,29000 രൂപയാക്കി പരാതി നല്‍കുകയായിരുന്നു. സി-ഡിറ്റില്‍ കെ എം ഷാജഹാന് വിരോധമുണ്ടായിരുന്ന ജീവനക്കാരനെ ഈ സംഭവം സസ്‌പെന്‍ഷനിലേക്കെത്തിച്ചത് ഇന്നും അസ്വസ്ഥനാക്കുന്നുവെന്നും മുഹമ്മദ് അഷ്‌റഫ് തുറന്നെഴുതുന്നു.

ഷാജഹാന്‍ ആരെന്നു നീയറിയും, നീ ആ ബേബീടെ കൂട്ടുകാരനല്ലേ; കെ എം ഷാജഹാന്‍ പകയുടെ ഈശ്വരനെന്ന വിമര്‍ശനമുയര്‍ത്തി യുവജന ക്ഷേമബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറി

കെ എം ഷാജഹാന്റെ വ്യക്തിവൈരാഗ്യം മൂലം സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനെ പോലെ, ഇപ്പോള്‍ ചതിക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹവും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് യുവജനക്ഷേമബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് അഷ്‌റഫ്. 2007 ല്‍ മെമ്പര്‍ സെക്രട്ടറിയായി നിയമിതനായപ്പോള്‍ വെബ്‌സൈറ്റ് തയ്യാറാക്കാന്‍ തന്നെ സഹായിച്ച സി-ഡിറ്റിലെ ഉദ്യോഗസ്ഥനാണ് കെ എം ഷാജഹാന്റെ ശത്രുത കാരണം സസ്പന്‍ഷന്‍ നടപടി നേരിടേണ്ടി വന്നതെന്ന് മുഹമ്മദ് അഷ്‌റഫ് പറയുന്നു. കരാറിലെ തുക മാറ്റിയെഴുതിയാണ് ഷാജഹാന്‍ തനിക്കും ആ ഉദ്യോഗസ്ഥനെതിരെയും പരാതി ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'മാധ്യമം' ഓണ്‍ലൈനിലെഴുതിയ ലേഖനത്തിലാണ് പ്രശസ്ത കളിയെഴുത്തുകാരനും ജര്‍മനി ലൈപ്‌സിഷ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടുകയും ചെയ്ത മുഹമ്മദ് അഷ്‌റഫ് കെ എം ഷാജഹാനെതിരെ രംഗത്തെത്തിയത്. മെമ്പര്‍ സെക്രട്ടറിയായി നിയമിതനായപ്പോള്‍ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും തൊഴില്‍-വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ വെബ്‌സൈറ്റ് തുടങ്ങുന്നതിനുള്ള ശ്രമം നടത്തിയിരുന്നു. ഇതിനായി സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം സി-ഡിറ്റിനെ സമീപിച്ചെങ്കിലും ഇക്കാര്യം അടിയന്തരമായി ചെയ്യാനാകാത്തതിനാല്‍ സ്വകാര്യ ഏജന്‍സിയെ സമീപിക്കാനായിരുന്നു അവിടെ നിന്നുള്ള മറുപടി.

സി-ഡിറ്റിലെ ജീവനക്കാരന്റെ സഹായത്തോടെ 29000 രൂപ ചെലവില്‍ 'ജാലകം' എന്ന പേരില്‍ വെബ്‌സൈറ്റ് തയ്യാറാക്കാന്‍ ഏജന്‍സിക്കു കരാര്‍ നല്‍കാനായിരുന്നു തന്റെ നിര്‍ദ്ദേശമെന്ന് മുഹമ്മദ് അഷ്‌റഫ് പറയുന്നു. ഇതിന് സര്‍ക്കാര്‍ അനുമതി വേണമെന്നതിനാല്‍ അതിനപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗുരുതര സാമ്പത്തിക ആരോപണം ഉണ്ടായിരിക്കുന്നുവെന്നും നടപടി നേരിടേണ്ടി വരുമെന്നുമായിരുന്നു മുഹമ്മദ് അഷ്‌റഫിനെ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി വിളിച്ചു പറഞ്ഞത്. കെ എം ഷാജഹാനായിരുന്നു പരാതിക്കാരനെന്ന് മുഹമ്മദ് അഷ്‌റഫ് പിന്നീടാണറഞ്ഞത്.

ഷാജഹാനെ നേരില്‍ കണ്ടു കാര്യം ബോധ്യപ്പെടുത്താനായിരുന്നു മുഹമ്മദ് അഷ്‌റഫിന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. 'നീ ആ ബേബീടെ കൂട്ടുകാരനല്ലേ, കക്കാന്‍ വന്നവന്‍' എന്നായിരുന്നു കെ എം ഷാജഹാന്‍ ആദ്യമായി തന്നോട് ചോദിച്ചതെന്ന് മുഹമ്മദ് അഷ്‌റഫ് ഓര്‍ക്കുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഷാജഹാനെ കാണുന്നത്. മുഖം അടിച്ച് ഒന്നു കൊടുക്കുകയാണ് ശീലമെന്നും അന്ന് ശാന്തനായി കാര്യങ്ങള്‍ അവതരിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. ആകെ 29,000 രൂപയുടെ കരാര്‍ ഒരു 1,29000 ആക്കിയാണ് കെ എം ഷാജഹാന്‍ പരാതി നല്‍കിയത്. ഇക്കാര്യം ശരിയെല്ലെന്ന് ഫയലുകള്‍ ചൂണ്ടിക്കാണിച്ച് വിശദീകരിച്ചെങ്കിലും ഷാജഹാന്‍ സമ്മതിച്ചില്ല. തുരുതുരാ ബീഡിയും വലിച്ച് ആ പുകയും മുഖത്ത് ഊതി വിട്ടുകൊണ്ട് നീ തട്ടിപ്പുകാരനല്ലേ, ഫയല്‍ എഴുതിയുണ്ടാക്കാന്‍ നിന്നെ ആരെങ്കിലും പഠിപ്പിക്കണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചതെന്ന് മുഹമ്മദ് അഷ്‌റഫ് ലേഖനത്തില്‍ പറയുന്നു.

20 വര്‍ഷം പുറത്ത് ജോലി ചെയ്തയാളാണ് താനെന്നും ഇവിടുത്തെ സമ്പ്രദായങ്ങളെക്കുറിച്ച് അറിയില്ലെന്നുമൊക്കെ വിശദീകരിച്ചെങ്കിലും ഷാജഹാന്‍ തൃപ്തനായിരുന്നില്ല. ഷാജഹാന്‍ ആരെന്നു നീയറിയും നിന്റെയൊന്നും ഒരു തട്ടിപ്പും അനുവദിച്ചു തരില്ലെന്നുമായിരുന്നു പ്രതികരണം. സ്‌പോര്‍ട്‌സ് യുവജനവിഭാഗം സെക്രട്ടറി യു കെ എസ് ചൗഹാനെ സര്‍ക്കാര്‍ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ ഏജന്‍സിയെ പരിചയെപ്പെടുത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷനും തനിക്ക് താക്കീതും ലഭിച്ചെന്ന് മുഹമ്മദ് അഷ്‌റഫ് വിശദീകരിക്കുന്നുണ്ട്.

സി-ഡിറ്റിലെ ആ ഉദ്യോഗസ്ഥന്‍ കെ എം ഷാജഹാന്റെ ബദ്ധശത്രുവായിരുന്നെന്ന കാര്യം പിന്നീടാണ് അറിഞ്ഞത്. സസ്‌പെന്‍ഷനു ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് ഉദ്യോഗസ്ഥന്‍ തന്നെ കാണാന്‍ വന്നിരുന്നെന്നും അദ്ദേഹത്തിന്റെ കണ്ണീര്‍ ഇന്നും അസ്വസ്ഥനാക്കുന്നെന്നും മുഹമ്മദ് അഷ്‌റഫ് പറയുന്നു.

അന്ന് ഞാന്‍ രക്ഷപ്പെട്ടത് ഫയലില്‍ എല്ലാക്കാര്യങ്ങളും വ്യക്തമായി എഴുതിയതിനാലും കീഴുദ്യോഗസ്ഥരില്‍ നിന്ന് അതു സംബന്ധിച്ച് കിട്ടിയ എല്ലാ നിര്‍ദേശങ്ങളും അതേപടി പാലിച്ചതുകൊണ്ടുമായിരുന്നു. അല്ലായിരുന്നുവെങ്കില്‍ 29,000 രൂപയുടെ ജാലകത്തിലൂടെ ഞാനും പുറത്തുപോകുമായിരുന്നു. ജീവിതകാലം മുഴുവന്‍ കള്ളന്‍ എന്ന് പേരുമായി ജീവിക്കേണ്ടതായും വരുമായിരുന്നു. അതിനു മുമ്പും ശേഷവും ഷാജഹാനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ മുന്‍വിധിയോടെ അദ്ദേഹത്തിനെതിരെ എഴുതേണ്ട ഒരു കാര്യവും എനിക്കില്ല. ഇപ്പോള്‍ ടിവിയില്‍ കാണുമ്പോള്‍ പഴയ നടുങ്ങുന്ന ഓര്‍മ മനസിലൂടെ കടന്നുപോയി. കൂടെ പൊട്ടിക്കരഞ്ഞുകൊണ്ട് മുന്നില്‍നിന്ന സസ്പെന്‍ഷന്‍ നേരിട്ട ആ ചെറുപ്പക്കാരന്റെ രൂപവും. ഇന്ന് ഇതാ ഇപ്പോള്‍ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. ഏതാണ്ട് അതുപോലെ ചതിക്കപ്പെട്ട ഒരു സാഹചര്യത്തില്‍ ഷാജഹാനും സസ്പെന്റ് ചെയ്യപ്പെട്ടിരിക്കുന്നു... -ഡോക്ടർ മുഹമ്മദ് അഷ്റഫ്

Read More >>