കേരളം മാട്ടിറച്ചി കഴിക്കുന്നവരുടെ നാട്; കശാപ്പ് നിരോധനം ഭരണഘടനാ വിരുദ്ധം: കെഎം മാണി

ഉത്തരവ് പ്രഥമദൃഷ്ട്യാ അസാധുവാണ്. ഭരണഘടനാ വിരുദ്ധമായ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ തന്നെ പിന്‍വലിക്കുമെന്നാണ് കരുതുന്നത്- കെഎം മാണി പറഞ്ഞു.

കേരളം മാട്ടിറച്ചി കഴിക്കുന്നവരുടെ നാട്; കശാപ്പ് നിരോധനം ഭരണഘടനാ വിരുദ്ധം: കെഎം മാണി

കന്നുകാലികളെ കശാപ്പുചെയ്യുന്നത് തടയാനുള്ള കേന്ദ്രതീരുമാനം ഭരണഘടനാ വിരുദ്ധവും പ്രാകൃതവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ നടപടി. വനം വന്യജീവി പരിസ്ഥിതി എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പിന് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നും ഉത്തരവ് പ്രഥമദൃഷ്ട്യാ അസാധുവാണെന്നും കെഎം മാണി നാരദാന്യൂസിനോട് പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ തന്നെ പിന്‍വലിക്കുമെന്നാണ് കരുതുന്നതെന്നും കെഎം മാണി പറഞ്ഞു. നമ്മള്‍ കഴിക്കേണ്ട ആഹാരം എന്താണെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അത് ഓരോ പൗരന്റെയും മൗലികവും മാനവികവുമായ അവകാശമാണ്. കേരളത്തില്‍ ഭൂരിപക്ഷവും മാട്ടിറച്ചി കഴിക്കുന്നവരാണെന്ന കാര്യവും മറക്കരുത്.

കന്നുകാലികളെ വളര്‍ത്തുന്നവരുടെ മൗലികാവകാശം ധ്വംസിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മാണി പറഞ്ഞു. കന്നുകാലികളെ കശാപ്പുശാലകള്‍ക്ക് വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാള, പശു, പോത്ത്, ഒട്ടകം എന്നിവയുടെ വിപണനത്തിനാണ് നിരോധനം.