നാളെ ഇതൊരു ആശുപത്രിയായി മാറണം, അല്ലെങ്കില്‍ നിങ്ങള്‍ ജോലി മതിയാക്കണം; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആരോഗ്യമന്ത്രിയുടെ 'ശരിയാക്കല്‍' ദൃശ്യങ്ങള്‍ക്കു കൈയടി

'ആരോഗ്യ സംരക്ഷണവും പരിസര ശുചീരണവും' എന്ന ബോര്‍ഡിന്റെ കീഴെ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ കണ്ട മന്ത്രി ഞെട്ടി. ഞാന്‍ കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍ ഇവിടെ വൃത്തിയാക്കണമെന്നു പറഞ്ഞിരുന്നതല്ലേ എന്ന ചോദ്യത്തിനു 'ഇന്നു വൃത്തിയാക്കാന്‍ ആളുവരു'മെന്നു സൂപ്രണ്ടിന്റെ മറുപടിയും ദൃശ്യങ്ങളിലുണ്ട്....

നാളെ ഇതൊരു ആശുപത്രിയായി മാറണം, അല്ലെങ്കില്‍ നിങ്ങള്‍ ജോലി മതിയാക്കണം; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആരോഗ്യമന്ത്രിയുടെ ശരിയാക്കല്‍ ദൃശ്യങ്ങള്‍ക്കു കൈയടി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നടത്തിയ മിന്നല്‍ പരിശോധനയ്ക്കു സോഷ്യല്‍മീഡിയയുടെ നിറഞ്ഞ കൈയടി. ആശുപത്രിയില്‍ നടത്തിയ മിന്നല്‍ പരിശോധന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതിനുപിന്നാലെ ആരോഗ്യവകുപ്പ് മന്ത്രിയെ അഭിനന്ദിച്ചും വിമര്‍ശിച്ചുമുള്ള പ്രതികരണങ്ങളും എത്തിക്കഴിഞ്ഞു. എന്നിരുന്നാലും വിമര്‍ശനങ്ങളേക്കാള്‍ അധികം അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.


ഡോക്ടര്‍മാരും നഴ്‌സുമാരും സമയത്തിന് ജോലിക്കു ഹാജരാകുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മന്ത്രി നേരിട്ടു ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ കിട്ടിയ പരാതി 'വളരെ ചെറുത്' എന്ന നിലയിലുള്ള കാര്യങ്ങളാണ് മന്ത്രിക്കു അവിടെ കാണാന്‍ സാധിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഡ്യൂട്ടിക്കു കയറേണ്ട സമയം കഴിഞ്ഞെങ്കിലും എത്താത്ത ദ്യോഗസ്ഥരും വാരിവലിച്ചിട്ട നിലയിലുള്ള പരിശോധനാ റൂമും മദ്യം-ബിയര്‍ കുപ്പികളാല്‍ സമ്പുഷ്ടമായ ആശുപത്രിവളപ്പും മന്ത്രിയ്ക്കും കൂടെയുള്ളവര്‍ക്കും പുതിയ കാഴ്ചകളായിരുന്നു.

ആശുപത്രി സൂപ്രണ്ട് ഡ്യുട്ടിക്കു എത്തിയതുതന്നെ ഒത്തിരിവൈകി. കാരണം ട്രാഫിക് ബ്ലോക്കാണെന്നു മറുപടി. ഡ്യൂട്ടി ഡോക്ടര്‍മാരും ആശുപത്രിയില്‍ എത്തിയിട്ടില്ല. സൂപ്രണ്ടിന്റെ ഫോണില്‍ മന്ത്രി അവരെ ബന്ധപ്പെട്ടപ്പോള്‍ അവരും ട്രാഫിക് ബേ്‌ളാക്കിലാണെന്നു മറുപടി. ഇങ്ങനെ പോയാല്‍ ഇനിയുള്ള കാലം ബ്ലോക്കില്‍ത്തന്നെ കിടക്കേണ്ടി വരുമെന്നു മന്ത്രിയുടെ ശാസനയും. പരിശോധനാറൂമിലെ കാഴ്ചകള്‍ മനംമടുപ്പിക്കുന്നതാണെന്ന മന്ത്രിയുടെ തുറന്നു പറഞ്ഞു. മുറിയില്‍ ആവശ്യമില്ലാതെ കിടക്കുന്ന ബക്കറ്റിന്റെ അടപ്പു ഉയര്‍ത്തിക്കാട്ടി ഉതെന്താണെന്ന മന്ത്രിയുടെ ചോദ്യത്തിനു തങ്ങള്‍ ഇതുവരെ ഇങ്ങനെയൊരു സാധനം കണ്ടിട്ടില്ലെന്നപോലെയായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റം.

'പരസ്യമായി ശാസിക്കുന്നതിനോടു എനിക്കു യാതൊരുയോജിപ്പുമില്ല. പക്ഷേ ആളുകളെക്കൊണ്ടു പറയിപ്പിച്ചാലെ ജോലി ചെയ്യുകയുള്ളു എന്നു വന്നാല്‍ മോശമാണ്'- ഒടുവില്‍ മന്ത്രിക്കു അതും പറയേണ്ടിവന്നു. ആശുപത്രിവളപ്പിലെ പരിശോധനയിലാണ് രസകരമായ മറ്റു കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞത്. 'ആരോഗ്യ സംരക്ഷണവും പരിസര ശുചീരണവും' എന്ന ബോര്‍ഡിന്റെ കീഴെ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ കണ്ട മന്ത്രി ഞെട്ടി. ഞാന്‍ കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍ ഇവിടെ വൃത്തിയാക്കണമെന്നു പറഞ്ഞിരുന്നതല്ലേ എന്ന ചോദ്യത്തിനു 'ഇന്നു വൃത്തിയാക്കാന്‍ ആളുവരു'മെന്നു സൂപ്രണ്ടിന്റെ മറുപടിയും ദൃശ്യങ്ങളിലുണ്ട്.

പെയിന്റുചെയ്തിട്ടു ദിവസങ്ങളായെന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടുമ്പോഴാണ് ആശുപത്രിയുടെ മൂലയില്‍ കിടക്കുന്ന ബിയര്‍ കുപ്പി ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ പിന്നാലെ പോയ മന്ത്രിക്കു കാണാന്‍ കഴിഞ്ഞതു ഒരുപെട്ടിയില്‍ നിറയെ ഒഴിഞ്ഞ മദ്യം- ബിയര്‍ കുപ്പികളും. എന്താണിവിടെ സംഭവിക്കുന്നതെന്ന അമ്പരപ്പില്‍ മന്ത്രിയും കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്ന രീതിയില്‍ സൂപ്രണ്ടും. 'നാളെ ഞാന്‍ വരുമ്പോള്‍ ഇതെല്ലാം അടിച്ചു വാരി ഇവിടം ഒരുആശുപത്രിയാക്കി മാറ്റിയില്ലെങ്കില്‍ പണി കാണില്ല' എന്ന മുന്നറിയിപ്പും മന്ത്രി നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം.