ഹലോ അഗ്നിശമന സേനയല്ലേ... അത്യാവശ്യമായി ഒരു ഉമ്മ തരട്ടേ ചേട്ടാ! പിറവത്ത് ചുംബന ബാധ

പിറവം അഗ്നിശമന സേനാംഗങ്ങള്‍ക്ക് ഫോണെടുക്കാന്‍ നാണം. ഫോണെടുത്താല്‍ ഉമ്മയാണ് മറുപുറത്ത്. ഉമ്മ ശല്യം സഹിക്കാതെ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. അടുത്ത പ്രദേശമായ കടുത്തുരുത്തിയിലും ഈ ചുംബനശല്യം ഉണ്ടായിരുന്നു

ഹലോ അഗ്നിശമന സേനയല്ലേ... അത്യാവശ്യമായി ഒരു ഉമ്മ തരട്ടേ ചേട്ടാ! പിറവത്ത് ചുംബന ബാധ

'ഹലോ... ഫയര്‍ഫോഴ്‌സല്ലേ'

ഫോണ്‍വിളിയെത്തുമ്പോള്‍ തീപിടുത്തമോ അപകടമോ ഉണ്ടായെന്നാണല്ലോ സ്വാഭാവികമായി കരുതുക. ഫയര്‍ഫോഴ്‌സാണെന്നു പറയുന്നതും അപ്പുറത്തു നിന്നും ഉമ്മയോടുള്ള... പലതരം ഉമ്മ...

'ഫാ... നിര്‍ത്തെടി' എന്നു പറയുന്നതോടെ തെറി തുടങ്ങുകയായി..

ജനങ്ങളുടെ സുരക്ഷക്കായി 24 മണിക്കൂറും ജാഗ്രതയോടെ ജോലി ചെയ്യുന്ന ഫയര്‍ഫോഴ്‌സ് കരുതിയിരുന്നില്ല തങ്ങള്‍ക്ക് വന്ന കോള്‍ ഉമ്മ തരുവാനും തെറിവിളിയ്ക്കാനും ആയിരുന്നെന്ന്. പിറവം അഗ്നിശമന സേന യൂണിറ്റിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു പുരുഷന്റെയോ സ്ത്രീയുടെയോ തിരിച്ചറിയാനാകാത്ത വിധം ശബ്ദത്തില്‍ ഫോണ്‍ വിളി എത്തിയത്.

എറണാകുളം ജില്ലയിലെ പ്രധാന അഗ്നിശമന യൂണിറ്റുകളില്‍ ഒന്നാണ് പിറവം ഫയര്‍‌സ്റ്റേഷന്‍. ഫയര്‍മാനാണ് ഇന്നലെ ഉച്ചകഴിഞ്ഞ് വന്ന കോള്‍ എടുത്തത് അപ്പോള്‍ തന്നെ ഉമ്മ തരട്ടെ എന്ന ചോദ്യമായിരുന്നു. ആരാണ് വിളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ തെറിവിളിയായിരുന്നു മറുപടി. ഉച്ചയ്ക്ക് ശേഷം നിരന്തരമായി ഇത്തരം അശ്ലീല ചുവയുള്ള വാക്കുകളും തെറിവിളികളും ഫയര്‍‌സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരുന്നു.ഇത് രാത്രിയിലും തുടര്‍ന്നുകൊണ്ടിരുന്നു.

ഓരോ കോള്‍ വരുന്തോറും ജാഗ്രതയോടെ എടുക്കുന്ന ഫയര്‍ഫോഴ്‌സിന് കേള്‍ക്കുന്നത് തെറിവിളികളും അശ്ലീല സംസാരങ്ങളുമാണ് പറയുന്നത്. സംഭവം രൂക്ഷമായി തുടങ്ങിയതോടെ മറ്റ് കോളുകള്‍ എന്‍ഗേജാകാന്‍ തുടങ്ങി. പിറവം ഫയര്‍ സ്റ്റേഷനിലേക്ക് വരുന്ന എമര്‍ജന്‍സി കോളുകള്‍ ഒന്നും തന്നെ അറ്റന്റ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലും എത്തി. ഡ്യുട്ടിക്ക് തടസ്സം ഉണ്ടാക്കുന്ന ഇത്തരം പ്രവൃത്തി തടയുവാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പിറവം പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്.

ഇതിന് സമാനമായ സംഭവം മാസങ്ങള്‍ക്ക് മുമ്പ് കടുത്തുരുത്തി സ്റ്റേഷനിലും ഉണ്ടായിട്ടുണ്ട് രാത്രികാലങ്ങളില്‍ ഫോണ്‍വഴി ഉമ്മ നല്‍കി ശല്യപ്പെടുത്തിയ ആളെ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് യുവതിയാണ് സൗജന്യമായി ഉമ്മ നല്‍കി ഫയര്‍ ഫോഴ്‌സിനെ വട്ടം ചുറ്റിച്ചത്.