കെവിൻ കൊലപാതകം: നീനുവിന് മനോരോഗമില്ലെന്ന് ഡോക്ടറുടെ നിർണായക മൊഴി

നീനുവിന് മനോരോഗമുണ്ടെന്ന് തെളിയിക്കാൻ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു

കെവിൻ കൊലപാതകം: നീനുവിന് മനോരോഗമില്ലെന്ന് ഡോക്ടറുടെ നിർണായക മൊഴി

കെവിൻ കൊലപാതകകേസിൽ‌ നീനുവിന്റെ മാതാപിതാക്കൾക്ക് തിരിച്ചടി. കെവിന്‍റെ മരണശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി വരാന്‍ തയ്യാറാകാതിരുന്ന നീനുവിനെ തിരികെ കൊണ്ടുവരാന്‍ നീനുവിന് മാനസിക രോഗമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പിതാവ് ചാക്കോയുടേയും സഹോദരന്‍ ഷാനുവിന്‍റേയും നീക്കത്തിനാണ് കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയത്.

നീനുവിന് മാനസിക രോഗമില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കെവിന്‍റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമാണ് നീനു ഇപ്പോള്‍ കഴിയുന്നത്. നീനുവിന് മാനസിക രോഗമുണ്ടെന്നു തുടര്‍ ചികിത്സക്കായി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണം എന്നും ആവശ്യപ്പെട്ടാണ് ചാക്കോ കോടതിയിൽ അപേഷ സമർ‌പ്പിച്ചത്. നീനുവിനും അമ്മ രഹനയ്ക്കും മാനസിക രോഗമുണ്ട് എന്നായിരുന്നു ചാക്കോ കോടതിയെ അറിയിച്ചത്. ഇക്കാര്യം തെളിയിക്കാനുള്ള രേഖകകള്‍ തന്‍റെ പക്കലുണ്ടെന്നും . തിരുവനന്തപുരം അനന്തപുരിയിലെ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത് എന്നും ചാക്കോ കോടതിയില്‍ പറഞ്ഞു.

ഒരുതരത്തിലുള്ള മാനസിക രോഗങ്ങളും ഇല്ലെന്ന് നീനുവിനെ ചികിത്സിച്ച തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ വൃന്ദ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടിയില്‍ മൊഴി നൽകി. നീനു മൂന്ന് തവണ തന്നെ കണ്‍സള്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് വെറും കൗണ്‍സിലിങ്ങിന് മാത്രമായിരുന്നുവെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചത്. അതേസമയം നീനുവിന് മനോരോഗമുണ്ടെന്ന് തെളിയിക്കാൻ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. നീനുവിന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്താനും കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു. കേസില്‍ രഹ്നയെ ചോദ്യം ചെയ്യുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പൊലീസ് കോടതിയെ അറിയിച്ചു.

Read More >>