മലയാളി ട്രാൻസ് സമൂഹത്തിന്‍റെ മഹോത്സവം: ശ്രീക്കുട്ടിയുടെ ജൽസയ്ക്കൊരുങ്ങി കേരളം

39ദിവസത്തെ വൃതാനുഷ്ഠാനങ്ങൾക്കു ശേഷമാണ് ജൽസാ ചടങ്ങുകൾ നടക്കുന്നത്. സന്തോഷി മാതക്കു സമർപ്പിക്കുന്ന പൂജകൾക്ക് ശേഷം പാലഭിഷേകം നടത്തുകയും തുടർന്ന് ഈ പാൽ സൂര്യോദയത്തിനു മുൻപ് കടലിൽ ഒഴുക്കുകയും ചെയ്യുന്നു. അതോടു കൂടി പൂർവ്വ കാല ജീവിതം ഉപേക്ഷിച്ച് ശ്രീക്കുട്ടി പൂർണ്ണമായും സ്ത്രീയാകും.

മലയാളി ട്രാൻസ് സമൂഹത്തിന്‍റെ മഹോത്സവം: ശ്രീക്കുട്ടിയുടെ ജൽസയ്ക്കൊരുങ്ങി കേരളം

കേരളത്തിലെ ആദ്യത്തെ ജൽസാ ചടങ്ങുകൾ നാളെ തിരുവനന്തപുരത്ത് വെച്ച് നടക്കും. ലിംഗമാറ്റ ശസ്ത്രക്രീയക്ക് വിധേയായ ശ്രീക്കുട്ടിയുടെ ജൽസാ ചടങ്ങുകൾ ആണ് നാളെ തിരുവനന്തപുരം കല്ലാട്ടുമുക്കിലെ ഒയാസിസ് കൾച്ചറൽ സൊസൈറ്റിയിൽ വെച്ച് നടക്കുന്നത്. സാമൂഹ്യ പ്രവർത്തകയും ട്രാൻസ്‌ജെൻഡർ നേതാവുമായ നായ്ക് സർദാർ ഡോക്ടർ ലക്ഷ്‍മി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

39 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾക്കു ശേഷമാണ് ജൽസാ ചടങ്ങുകൾ നടക്കുന്നത്. സന്തോഷി മാതക്കു സമർപ്പിക്കുന്ന പൂജകൾക്ക് ശേഷം പാലഭിഷേകം നടത്തുകയും തുടർന്ന് ഈ പാൽ സൂര്യോദയത്തിനു മുൻപ് കടലിൽ ഒഴുക്കുകയും ചെയ്യുന്നു. അതോടു കൂടി പൂർവ്വ കാല ജീവിതം ഉപേക്ഷിച്ച് ശ്രീക്കുട്ടി പൂർണ്ണമായും സ്ത്രീയാകും.

കേരളത്തിന് പരിചിതമല്ലാത്ത ജൽസാ ചടങ്ങിനെക്കുറിച്ച് ശ്രീക്കുട്ടി "ഒരു സ്ത്രീ ഋതുമതി ആകുമ്പോൾ നമ്മുടെ നാട്ടിൽ നടത്തപെടുന്ന ചടങ്ങുകൾക്ക് സമാനമായാണ് ജൽസാ ചടങ്ങുകൾ. പ്രധാനമായും ഹൽദി മെഹന്തി ചടങ്ങാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. ശസ്ത്രക്രീയക്ക് ശേഷം 12, 21, 40 എന്നീ ദിവസങ്ങളിൽ ആണ് സാധാരണായായി കുളിക്കുവാൻ പാടുള്ളൂ. 40മത്തെ ദിവസം എല്ലാവരും വന്ന് മഞ്ഞൾ തേച്ച് കുളിപ്പിക്കും. മുറിവ് ഉണങ്ങുന്നതിനും പൂർണ്ണ ആരോഗ്യം കൈവരിക്കുന്നതിനും വേണ്ട കാര്യങ്ങൾ ഈ 40ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്യുന്നു. സാധാരണയായി നമ്മുടെ നാട്ടിൽ ഇത്തരം ചടങ്ങുകൾ നടത്താറില്ല. ലിംഗമാറ്റ ശസ്ത്രക്രീയ കഴിഞ്ഞവർ സാധാരണയായി ജൽസാ ചടങ്ങുകൾക്കായി വടക്കേ ഇന്ത്യയിലേക്കാണ് പോകാറ്. നമ്മുടെ നാട്ടിലും ഇത്തരം ചടങ്ങുകൾ ചെയ്യുവാൻ കഴിയുമെന്നും, അതിനുള്ള അവസരവും സാഹചര്യവും അവകാശവും നമുക്ക് ഇവിടെ ഉണ്ടെന്നു ബോധ്യപ്പെടുത്തുവാൻ കൂടിയാണ് തന്റെ ചടങ് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്" ശ്രീക്കുട്ടി പറഞ്ഞു.

ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയപ്പോൾ സർക്കാർ ലിംഗമാറ്റ ശസ്ത്രക്രീയ സൗജന്യമാക്കും എന്ന് പറഞ്ഞിരുന്നു. എന്നാൽ വിദഗ്ധ ഡോക്ടർമാർ ഇല്ലാത്തതിനാൽ രണ്ടര ലക്ഷത്തോളം രൂപ മുടക്കി കോയാമ്പൂത്തൂർ വെച്ചാണ് ശ്രീക്കുട്ടി ലിംഗമാറ്റ ശസ്ത്രക്രീയ ചെയ്തത്. കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷൻ ആയ ഒയാസിസ് കൾച്ചറൽ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങുകൾക്ക് ശേഷം ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തുടർന്ന് ഭക്ഷണവും ഉണ്ടായിരിക്കും. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെ അടുത്തറിയുവാൻ നാളത്തെ പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം എന്നാണ് ശ്രീക്കുട്ടി പറയുന്നത്.

അടുത്തയിടെ കേരളത്തിൽ വെച്ച് ട്രാൻസ്ജെൻഡറുകൾക്കായി സംസ്ഥാന സർക്കാർ നടത്തിയ സ്പോർട്സ് മീറ്റിന്‍റെ സംഘാടകാരായിരുന്ന സെക്ഷുല്‍ ജെൻഡർ മൈനോരിറ്റി ഫെഡറേഷന്‍റെ സംസ്ഥാന പ്രിസിഡന്റ് കൂടിയാണ് ശ്രീക്കുട്ടി.

Read More >>