ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞു; 16 മലയാളികള്‍ക്ക് പരിക്ക്

പരിക്കേറ്റവരെല്ലാം നിലമ്പൂർ, കോട്ടയ്ക്കൽ സ്വദേശികളാണ്. ആർക്കും സാരമായ പരിക്കില്ലെന്ന് സംഘത്തിലുണ്ടായിരുന്ന മൻസൂർ നാരദ ന്യൂസിനോട് പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞു; 16 മലയാളികള്‍ക്ക് പരിക്ക്

ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ് മലപ്പുറം സ്വദേശികളായ 16 പേര്‍ക്കു പരിക്ക്. ആർക്കും സാരമുള്ള പരിക്കില്ലെന്നും ഇന്നു തന്നെ ആശുപത്രി വിടാനാകുമെന്നും മണ്ഡി നേതാജി സുഭാഷ് ചന്ദ്രബോസ് സോണല്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍ ശര്‍മ്മ നാരദ ന്യൂസിനോട് പറഞ്ഞു.


നിലമ്പൂർ, കോട്ടയ്ക്കൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ആറു സ്ത്രീകളും അഞ്ച് കുട്ടികളും അഞ്ച് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ കൈയ്ക്ക് പൊട്ടലുണ്ട്. ഒരാളുടെ വാരിയെല്ലിനു ചതവുണ്ടായിട്ടുണ്ട്. ചിലരുടെ തലയ്ക്കും മുഖത്തും മുറിവു പറ്റിയിട്ടുണ്ടെന്ന് സംഘത്തിലുണ്ടായിരുന്ന മൻസൂർ നാരദ ന്യൂസിനോട് പറഞ്ഞു.


ഇന്നലെ ഡൽഹിയിൽ നിന്നാണ് മിനി ബസിൽ ഇവർ കുളുവിലേക്കു തിരിച്ചത്. യാത്രയുടെ തുടക്കം മുതലേ ഡ്രൈവർ വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്ന് മൻസൂർ പറയുന്നു. പല തവണ വേഗത കുറക്കാൻ ആവശ്യപ്പെട്ടിരുന്നു. രാവിലെ വളവിൽ റോഡിന്റെ സുരക്ഷാഭിത്തിയിലിടിച്ചാണ് വാഹനം മറിഞ്ഞത്. ഈ സമയത്ത് ഡ്രൈവർ ഉറങ്ങിപോയെന്നാണ് കരുതുന്നതെന്നും മൻസൂർ പറഞ്ഞു.

മുഴുവനാളുകളേയും ഇന്നു തന്നെ ഡിസ്ചാർജ് ചെയ്യാനാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.