സമുദായ നേതാവിന് മകളെ കെട്ടിച്ചുകൊടുക്കാത്ത ബന്ധുവിനെ വീട്ടില്‍ കയറ്റി; വാണിയംകുളത്ത് വ്യാപാരി വ്യവസായി നേതാവിനും കുടുംബത്തിനും നാലു വര്‍ഷമായി ഊരു വിലക്ക്

സമുദായാംഗങ്ങള്‍ക്കിടയിലോ ബന്ധുക്കൾക്കിടയിലോ ഉള്ള ആരുടെയെങ്കിലും വിവാഹത്തിനോ മരണത്തിനോ പോകാന്‍ പറ്റാത്ത സ്ഥിതിയായി. അടുത്ത ബന്ധുക്കളുടെ വീട്ടിൽ വരെ പോകാന്‍ പറ്റാത്ത അവസ്ഥ. വെങ്കിടാചലമോ കുടുംബമോ വന്നാല്‍ സമുദായത്തിന്റെ നടപടികള്‍ ഉണ്ടാകും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഊരു വിലക്ക് നടത്തുന്നത്.

സമുദായ നേതാവിന് മകളെ കെട്ടിച്ചുകൊടുക്കാത്ത ബന്ധുവിനെ വീട്ടില്‍ കയറ്റി; വാണിയംകുളത്ത് വ്യാപാരി വ്യവസായി നേതാവിനും കുടുംബത്തിനും നാലു വര്‍ഷമായി ഊരു വിലക്ക്

ഒരു മതിലിന് അപ്പുറം അയല്‍വക്കത്ത് ബന്ധു മുരുകൻ ചെട്ടിയാര്‍ മരിച്ചു കിടക്കുന്നതറിഞ്ഞിട്ടും വാണിയംകുളത്തെ ഡി വെങ്കിടാചലത്തിനും കുടുംബത്തിനും ഇന്ന് അങ്ങോട്ടു ഒന്നുപോയി നോക്കാനായില്ല. വെങ്കിടാചലവും കുടുംബവും വന്ന് മരിച്ചയാളെ കണ്ടെന്നറിഞ്ഞാല്‍ മരണപ്പെട്ട കുടുംബത്തിനും സമുദായത്തിന്റെ ഊരു വിലക്ക് വീഴും.

മരണവീട്ടില്‍ വച്ചുതന്നെ വെങ്കിടാചലത്തേയും കുടുംബത്തേയും സമുദായ നേതാക്കളാരെങ്കിലും വന്ന് ഇറക്കിവിട്ടെന്നും വരും. സമുദായ നേതാക്കളെ ധിക്കരിച്ച് വെങ്കിടാചലത്തിന്റെ കുടുംബത്തെ സ്വീകരിച്ചാല്‍ പിന്നെ വെങ്കിടാചലത്തിന്റെ കുടുംബത്തിനെന്ന പോലെ ആ കുടുംബത്തിനും ഊരു വിലക്ക് വരും. ഊരു വിലക്ക് വന്നാല്‍ പിന്നെ ബന്ധുക്കാരുടേയും മറ്റും വിവാഹത്തിനോ, മരണത്തിനോ, മറ്റു ചടങ്ങുകള്‍ക്കോ പങ്കെടുക്കാന്‍ കഴിയില്ല. സ്വന്തം വീട്ടില്‍ മരണം നടന്നാല്‍ ആരും തിരിഞ്ഞു നോക്കില്ല. വീട്ടിലെ പെണ്‍ക്കുട്ടികളുടെ അടക്കം വിവാഹം നടത്താനും കഴിയില്ല.

വ്യാപാരി വ്യവസായി നേതാവും ഒറ്റപ്പാലം നഗരത്തിലെ വസ്ത്ര വില്‍പ്പനശാല ഉടമയുമായ വാണിയംകുളത്തെ ഡി വെങ്കിടാചലവും കുടുംബവുമാണ് നാലു വര്‍ഷമായി സമുദായത്തിന്റെ ഊരു വിലക്ക് അനുഭവിക്കുന്നത്. സമുദായം ഊരുവിലക്കിയ 2013 ല്‍ തന്നെ ഇതിനെതിരെ അന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കും എസ്പി, ഡിജിപി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഒന്നുമായില്ല.

'സമുദായം ഊരു വിലക്കുന്നതില്‍ പൊലീസിന് എന്താണ് ചെയ്യുക കഴിയുക'യെന്ന് അന്ന് ഡിജിപിയായിരുന്ന സെന്‍കുമാര്‍ പറഞ്ഞതായി വെങ്കിടാചലം നാരദാ ന്യൂസിനോട് പറഞ്ഞു. 'പറ്റുമെങ്കില്‍ സിവില്‍ കോടതിയില്‍ കേസ് കൊടുക്കൂ' എന്നായിരുന്നുവത്രെ അന്നത്തെ ജില്ലാ പൊലീസ് മേധാവി വിജയകുമാറിന്റെ ഉപദേശം. പരാതികള്‍ക്കും മറ്റും കാര്യമില്ലാതായതോടെ ഇതിനെതിരെ അധികാരികളെ സമീപിക്കുന്നത് നിര്‍ത്തി. നാട്ടിലെ ചില രാഷ്ട്രീയക്കാരും സമുദായ നേതൃത്വത്തിന് അനുകൂലമായ നിലപ്പാട് എടുത്തതോടെ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടു.

സമുദായത്തിന്റെ ഊരു വിലക്ക് ഉണ്ടാകാനുള്ള കാര്യത്തെ പറ്റി വെങ്കിടാചലം നാരദാ ന്യൂസിനോട് വിശദീകരിച്ചു.

"ഇരുപത്തിനാലു മന തെലുങ്ക് ചെട്ടിയാര്‍ സമുദായമാണ് ഞങ്ങളുടേത്. 2012 ഒക്ടോബര്‍ 27ന് പിതാവ് ദണ്ഡപാണി മരിച്ചു. മരിച്ച അച്ഛനെ കാണാന്‍ ചേലക്കരയിലുള്ള എന്റെ അമ്മായിയുടെ മകന്‍ ശെല്‍വരാജ് വന്നു. ശെല്‍വരാജ് വീട്ടില്‍ എത്തിയപ്പോള്‍ അവനെ വീട്ടില്‍ നിന്നിറക്കി വിടണമെന്ന് ചില സമുദായ നേതാക്കള്‍ വന്നു പറഞ്ഞു. മരിച്ച അച്ഛനെ കാണാന്‍ വന്ന ബന്ധുവിനെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ഞാന്‍ തയ്യാറായില്ല.


തുടര്‍ന്ന് അച്ഛന്റെ അടിയന്തിര ചടങ്ങിന് അവനെ വിളിക്കരുതെന്നായി നേതാക്കള്‍. പക്ഷെ അടുത്ത ബന്ധമായാല്‍ അവനെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലായിരുന്നു. പിന്നെ എന്റെ വീട്ടില്‍ ആരെല്ലാം വരണമെന്ന് തീരുമാനിക്കുന്നത് ഞാനാണല്ലോ. അച്ഛന്റെ അടിയന്തിര ചടങ്ങുകള്‍ക്ക് സമുദായ നേതാക്കളുടെ സഹകരണം ഉണ്ടായില്ല. ഞാന്‍ ക്ഷണിച്ച ശെല്‍വരാജിന്റെ മകളെ വാണിയംകുളത്തെ സമുദായ നേതാവിന്റെ മകനെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ഒരു ആലോചന നടന്നിരുന്നു.


എന്നാല്‍ വാണിയംകുളത്തുള്ളവര്‍ക്ക് മകളെ കെട്ടിച്ചുകൊടുക്കില്ലെന്ന് ശെല്‍വരാജ് പറഞ്ഞത്രെ. വാണിയംകുളത്തുകാരെ അപമാനിച്ച ശെല്‍വരാജിനെ വാണിയംകുളത്ത് അടുപ്പിക്കരുതെന്നായിരുന്നു സമുദായ നേതാക്കളുടെ തീരുമാനം. ഞാന്‍ അതിന് എതിരു നിന്നതുകൊണ്ട് അച്ഛന്റെ അടിയന്തിരം നടന്ന ദിവസം തന്നെ എന്റെ കുടുംബത്തിനെതിരെ ഊരു വിലക്ക് പ്രഖ്യാപിച്ചു.


പിന്നീട് സമുദായ അംഗങ്ങള്‍ക്കിടയിലോ ബന്ധുക്കാരുടേയോ വീട്ടില്‍ ആരെങ്കിലും മരിച്ചാലോ വിവാഹത്തിനോ പോകാന്‍ പറ്റാത്ത സ്ഥിതിയായി. അടുത്ത ബന്ധുക്കളുടെ വീട്ടിലും വരെ പോകാന്‍ പറ്റാത്ത അവസ്ഥ. വെങ്കിടാചലമോ കുടുംബമോ വന്നാല്‍ സമുദായത്തിന്റെ നടപടികള്‍ ഉണ്ടാകും എന്നാണ് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അവര്‍ ഊരു വിലക്ക് നടത്തുന്നത്.


ഞാനും അമ്മയും അനിയന്‍മാരും അവരുടെ മക്കളുമാണ് വീട്ടിലുള്ളത്. എനിക്ക് മക്കളില്ല. അനിയന് മൂന്നു പെണ്‍മക്കളുണ്ട്. 22, 20. 18 എന്നിങ്ങനെയാണ് അവരുടെ പ്രായം. അവര്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ വന്ന കല്യാണലോചനകള്‍ എല്ലാം മുടക്കുന്നു. കോഴിക്കോട് നിന്നൊരു ടീം ആലോചനയുമായി വന്നിരുന്നു. വാണിയംകുളത്തെ ചില സമുദായ നേതാക്കള്‍ അവിടേയും പോയി കല്യാണം മുടക്കി."

തീണ്ടലും അയിത്തവും ഊരു വിലക്കുമെല്ലാം കാലഹരണപ്പെട്ടുവെന്ന് കരുതുന്ന നാടല്ലെ നമ്മുടേത്. നാലു വര്‍ഷമായി ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന ഈ ദുരിതം മാറാന്‍ ഞങ്ങള്‍ ഇനിയെന്ത് ചെയ്യണം?" വികാരധീനനായി വെങ്കിടാചലം ചോദിച്ചു. ഒറ്റപ്പാലം നഗരത്തില്‍ വസ്ത്ര വ്യാപാര കടയുള്ള വെങ്കിടാചലം വ്യാപാരി വ്യവസായി സമിതി നേതാവും കൂടിയാണ്. പക്ഷെ സമുദായത്തിന്റെ ഊരു വിലക്കിനെതിരെ പ്രതികരിക്കാന്‍ ആരും തയ്യാറായിട്ടില്ലെന്ന് വെങ്കിടാചലം പറയുന്നു.

Read More >>