"ഒന്നുകിൽ നിങ്ങൾ, അല്ലെങ്കിൽ ഞങ്ങൾ" ട്രാൻസ്‌ജെൻഡറുകളെ വിടാതെ പിന്തുടർന്ന് പൊലീസ്

ട്രാൻസുകൾക്ക് താമസിക്കാൻ സ്ഥലം നൽകരുത് എന്നും താമസിക്കുന്നവരെ ഉടൻ തന്നെ ഇറക്കി വിടണമെന്നും എസ്ഐ ലോഡ്ജ് ഉടമകളോട് പറഞ്ഞു എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞ വിവരം. എറണാകുളം സെൻട്രൽ പോലീസിന്റെ ട്രാൻസ് ഫോബിക് നടപടികൾ ഇതിനു മുമ്പും പല തവണ ഉണ്ടായിട്ടുണ്ട്.

ഒന്നുകിൽ നിങ്ങൾ, അല്ലെങ്കിൽ ഞങ്ങൾ ട്രാൻസ്‌ജെൻഡറുകളെ വിടാതെ പിന്തുടർന്ന് പൊലീസ്

എറണാകുളത്ത് താമസസ്ഥലങ്ങളിൽ നിന്നും ട്രാൻസ്ജെന്‍ഡേഴ്സിനെ കൂട്ടത്തോടെ ഇറക്കിവിടുന്നു. സ്ഥിരമായി താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ നിന്ന് അനാശാസ്യം ആരോപിച്ച് നാല് ട്രാൻസ്ജെൻഡേഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ സാജനാണ് ഇതിന്റെ പിന്നിൽ എന്ന് ഇറക്കി വിടപ്പെട്ട ട്രാൻസ്ജെൻഡേഴ്സ് പറയുന്നു.

''ഒന്നുകിൽ നിങ്ങൾ അല്ലെങ്കിൽ ഞങ്ങൾ'' എന്നാണ് ഇതിനു മുമ്പൊരിക്കൽ ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് പറഞ്ഞത് എന്ന് ട്രാൻസ്ജെൻഡറായ പാർവതി പറയുന്നു.

''എറണാകുളത്തെ ട്രാൻസ് വിമുക്തമാക്കുമെന്നും നിങ്ങളൊന്നും ഇവിടെ ജീവിക്കേണ്ടവരല്ലെന്നും അവർ ഞങ്ങളോട് വീണ്ടും വീണ്ടും പറയുന്നുണ്ട്. ഐഡന്റിറ്റി കാർഡ് പോലും എല്ലാവർക്കും ഇത് വരെ ലഭിച്ചിട്ടില്ല. പത്ത് ലക്ഷം രൂപയോ മറ്റോ ഫണ്ട് വന്നിട്ടുണ്ട് എന്ന് പറയുന്നു. ഇതൊക്കെ എവിടെ പോയി എന്ന് പോലും ഞങ്ങൾക്കറിയില്ല. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു ഒരുപാട് ദിവസമൊന്നും നിക്കാൻ പറ്റില്ല. തൽക്കാലത്തേക്ക് നിൽക്കുകയാണവിടെ. ഒരുപാട് റൂൾസും മറ്റും ഉണ്ട്. ഇവിടന്നു എനിക്ക് ജോലി സ്ഥലത്തേക്ക് പോയി വരാൻ ദിവസം ഇരുപത്തിനാലു രൂപ വേണം. പിന്നെ ആഹാരവും വേണം. ഇതിനൊക്കെയുള്ള പൈസ പോലും എന്റെ കയ്യിലില്ല. ഞങ്ങൾ എങ്ങനെ ജീവിക്കണം എന്നാണ് ഇവർ പറയുന്നത്?"

പാർവതി ചോദിക്കുന്നു.

ട്രാൻസ്ജെന്‍ഡേഴ്സിന് താമസിക്കാൻ സ്ഥലം നൽകരുത് എന്നും താമസിക്കുന്നവരെ ഉടൻ തന്നെ ഇറക്കിവിടണമെന്നും എസ്ഐ ലോഡ്ജ് ഉടമകളോട് പറഞ്ഞു എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. എറണാകുളം സെൻട്രൽ പോലീസിന്റെ ട്രാൻസ് ഫോബിക് നടപടികൾ ഇതിനു മുമ്പും പല തവണ ഉണ്ടായിട്ടുണ്ട്. തങ്ങളുടെ ട്രാൻസ് സ്വത്വം വെളിപ്പെടുത്തുന്നവരോടാണ് പൊലീസിൻറെ ഇത്തരം അതിക്രമങ്ങൾ അധികവും നടക്കുന്നത്.

പകൽ സമയങ്ങളിൽ പുരുഷ വേഷം ധരിക്കുകയും രാത്രി മാത്രം സ്ത്രീ വേഷങ്ങളിടുകയും ചെയ്യുന്നവർക്ക് മാത്രമാണ് നിലവിൽ ലോഡ്ജുകളിൽ താമസിക്കാൻ അനുവാദമുള്ളത്. മുഴുവൻ സമയവും സ്ത്രീ വേഷം ധരിക്കുന്നവരെ അതിക്രൂരമായ രീതിയിലാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്.

സർജറി കഴിഞ്ഞ ഒരു ട്രാൻസ് ജൻഡറിനെ ഇന്നലെ രാത്രിയിൽ താമസ സ്ഥലത്തു നിന്നും ഇറക്കി വിട്ടിരുന്നു. സർജറി കഴിഞ്ഞിരുന്നത് കൊണ്ട് ഇപ്പോൾ ഇറക്കി വിടരുത് എന്ന് അപേക്ഷിച്ചിട്ടും ഉടമസ്ഥർ അത് അവഗണിച്ച് ബാഗും മറ്റു സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ട് വീടൊഴിയാൻ നിർബന്ധിച്ചു എന്ന് അവർ പറയുന്നു.

ട്രാൻസ് ജൻഡറുകൾക്ക് സമാധാനപൂർണമായി ജീവിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നു മാത്രമല്ല,അവരെ പരമാവധി ദ്രോഹിക്കുക കൂടിയാണ് ഭരണകൂടം ചെയ്യുന്നത്. ട്രാൻസ്ഫ്രണ്ട്‌ലി ഗവണ്മെന്റാണ് തങ്ങളുടേത് എന്ന് അവർ അവകാശപ്പെടുമ്പോൾ തന്നെ ഈ സർക്കാർ ഭരണത്തിൽ വന്നതിനു ശേഷമാണ് തങ്ങൾക്ക് ഇത്രയധികം പീഡനങ്ങൾ സഹിക്കേണ്ടി വരാൻ തുടങ്ങിയത് എന്ന് ട്രാൻസ് സമൂഹം ഒരേ സ്വരത്തിൽ പറയുന്നുണ്ട്.


Read More >>