മലപ്പുറത്ത് ഇഫ്താര്‍ സദ്യയൊരുക്കി നരസിംഹമൂര്‍ത്തി ക്ഷേത്രം; നോമ്പെടുത്ത 400 പേര്‍ പങ്കെടുത്തു

പുനരുദ്ധാരണത്തിന് തയ്യാറെടുക്കുന്ന ഈ ക്ഷേത്രത്തിന് പ്രദേശത്തെ മുന്നൂറോളം മുസ്ലീം കുടുംബങ്ങള്‍ സംഭാവന ചെയ്തിരുന്നു. ക്ഷേത്രം പുനരുദ്ധാരണത്തിനായി പൊളിച്ചിട്ടതിനാല്‍ സമീപവാസിയായ മമ്മു മാസ്റ്ററുടെ വീട്ടിലാണ് വിരുന്നൊരുക്കിയത്

മലപ്പുറത്ത് ഇഫ്താര്‍ സദ്യയൊരുക്കി നരസിംഹമൂര്‍ത്തി ക്ഷേത്രം; നോമ്പെടുത്ത 400 പേര്‍ പങ്കെടുത്തു

മലപ്പുറത്ത് ഇഫ്താര്‍ സദ്യയൊരുക്കി ഹിന്ദുക്ഷേത്രം. മലപ്പുറം വെട്ടിച്ചിറ നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഇഫ്താര്‍ വിരുന്നൊരുക്കിയത്. നോമ്പെടുക്കുന്ന 400 പേര്‍ക്ക് പുറമേ മറ്റ് 100ഓളം പേരും പങ്കെടുത്തു. പുനരുദ്ധാരണത്തിന് തയ്യാറെടുക്കുന്ന ഈ ക്ഷേത്രത്തിന് പ്രദേശത്തെ മുന്നൂറോളം മുസ്ലീം കുടുംബങ്ങള്‍ സംഭാവന ചെയ്തിരുന്നു. ക്ഷേത്രം പുനരുദ്ധാരണത്തിനായി പൊളിച്ചിട്ടതിനാല്‍ സമീപവാസിയും ക്ഷേത്രത്തിലെ സാംസ്‌കാരിക സംഗമം ചെയര്‍മാനുമായിരുന്ന മമ്മു മാസ്റ്ററുടെ വീട്ടിലാണ് വിരുന്നൊരുക്കിയത്.

സദ്യയടക്കമുള്ള വെജിറ്റേറിയന്‍ വിഭവങ്ങളായിരുന്നു ഇഫ്താറിന്റെ മെനു. വിവിധയിനം പഴങ്ങള്‍, സ്‌നാക്‌സുകള്‍, എണ്ണപ്പലഹാരങ്ങള്‍ എന്നിവയും വിരുന്നിന്റെ ഭാഗമായി ഉണ്ടായിരുന്നതായി ക്ഷേത്രം പ്രസിഡന്റ് ചെറുശ്ശേരി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ''മതേതരമായ ചുറ്റുപാടിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. മതമല്ല, മാനുഷികതയാണ് ഞങ്ങളെ നയിക്കുന്ന വികാരം. എല്ലാവര്‍ക്കും അവരവുടെ മതം പിന്തുടരുനുള്ള അവകാശമുണ്ട്. അതിനര്‍ത്ഥം ഇതര മതത്തിലുള്ളവരോട് സൗഹൃദവും സ്‌നേഹവും പാടില്ലെന്നല്ല''-ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി ടി മോഹനന്‍ പറയുന്നു.

ഇത്തരം സമൂഹ സദ്യകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചെറുശ്ശേരി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ''മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടിക്കൊണ്ടിരിക്കുന്ന കാലമാണിത്. പണ്ടുമുതലേ മതസൗഹാര്‍ദ്ദത്തില്‍ കഴിയുന്നവരാണ് ഞങ്ങള്‍. വിവാഹങ്ങളിലടക്കം ഈ സഹകരണം കാണാം. എന്നാല്‍ ഇന്നുള്ള തലമുറയ്ക്ക് അതറിയില്ല. മറ്റുള്ളവരും ഈ മാതൃക തുടരണമെന്നാണ് ആഗ്രഹം''-ക്ഷേത്രം പ്രസിഡന്റ് പറഞ്ഞു. ആദ്യം മതസൗഹാര്‍ദ്ദത്തിനായി സദ്യയൊരുക്കാനായിരുന്നു പദ്ധതിയെങ്കിലും ഇഫ്താര്‍ കാലമായിരുന്നതിനാലാണ് ഇഫ്താര്‍ സദ്യയൊരുക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇഫ്താര്‍ സദ്യയുടെ വിജയത്തിന് പിന്നില്‍ മമ്മു മാസ്റ്റര്‍ക്ക് പ്രത്യേക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.