ടെക്‌നോപാര്‍ക്കില്‍ തിരുനങ്കയ്ക്കു ജോലി; കേരളം വീണ്ടും മാതൃകയാകുന്നു

അബുദാബിയിലായിരുന്നു മുമ്പു സാറ ജോലി ചെയ്തിരുന്നത്. 2016 ല്‍ അവര്‍ക്കു ജോലി നഷ്ടപ്പെട്ടു. അതിനു ശേഷം മറ്റൊരു ജോലിയ്ക്കു ശ്രമിച്ചെങ്കിലും തിരുനങ്ക ആണെന്ന കാരണം കൊണ്ട് ആരും ജോലിയ്‌ക്കെടുക്കാന്‍ തയ്യാറായില്ല.

ടെക്‌നോപാര്‍ക്കില്‍ തിരുനങ്കയ്ക്കു ജോലി; കേരളം വീണ്ടും മാതൃകയാകുന്നു

തിരുനങ്കകള്‍ക്കു ജോലി ചെയ്യാനും ജീവിക്കാനും ഏറ്റവും അനുകൂലമായ ഇടം ആയി മാറുന്നു കേരളം. കൊച്ചി മേട്രോയില്‍ 23 തിരുനങ്കകള്‍ക്കു ജോലി നല്‍കിയത് അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഒരു തിരുനങ്കയ്ക്കു ജോലി നല്‍കി വീണ്ടും മാതൃകയാകുകയാണു കേരളം. സാറ ഷെയ്ക്ക എന്ന തിരുനങ്കയ്ക്കാണു ടെക്‌നോപാര്‍ക്കിലെ യുഎസ്‌ടി ഗ്ലോബല്‍ എന്ന കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡിപാര്‍ട്ട്‌മെന്റില്‍ ജോലി കിട്ടിയത്.

അബുദാബിയിലായിരുന്നു മുമ്പു സാറ ജോലി ചെയ്തിരുന്നത്. 2016 ല്‍ അവര്‍ക്കു ജോലി നഷ്ടപ്പെട്ടു. അതിനു ശേഷം മറ്റൊരു ജോലിയ്ക്കു ശ്രമിച്ചെങ്കിലും തിരുനങ്ക ആണെന്ന കാരണം കൊണ്ട് ആരും ജോലിയ്‌ക്കെടുക്കാന്‍ തയ്യാറായില്ല.

'ആഗസ്റ്റ് 2016 ല്‍ അബുദാബിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം പല കമ്പനികളിലും ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തു. ഇന്റർവ്യൂകളില്‍ വിജയിച്ചെങ്കിലും ഒരു തിരുനങ്കയെ ജോലിയ്‌ക്കെടുക്കാന്‍ ആരും തയ്യാറായില്ല. ആണായി അഭിനയിച്ചു മതിയായിരുന്നു എനിക്ക്. എന്നെ ഞാനായിത്തന്നെ കാണുന്ന ഒരിടത്തു ജോലി ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ സുഹൃത്ത് പ്രജിത് യുഎസ്‌ടിയില്‍ ജോലി നേടാന്‍ സഹായിക്കുകയായിരുന്നു. മൂന്നു റൗണ്ട് ഇന്റര്‍വ്യൂ ജയിക്കുകയാണെങ്കില്‍ ജോലി തരാമെന്നു യുഎസ്ടി പറഞ്ഞു,' സാറ പറയുന്നു.

തന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ്, ഈ ജോലിയെന്നു സാറ. കമ്പനി തിരുനങ്ക എന്ന നിലയില്‍ത്തന്നെ ജോലി നല്‍കാന്‍ തയ്യാറാകുകയായിരുന്നു. സഹപ്രവര്‍ത്തകരാണു തന്നെ അത്ഭുതപ്പെടുത്തിയതെന്നും സാറ പറഞ്ഞു. ഓഫീസിലെ ആദ്യത്തെ ദിവസം മറ്റുള്ളവര്‍ തന്നെ എങ്ങിനെ കാണുമെന്ന് ആശങ്കയുണ്ടായിരുന്നു. മുന്‍ വിധികളെ തട്ടിത്തെറിപ്പിച്ച് എല്ലാവരും തന്റെ വ്യക്തിത്വത്തിനെ ബഹുമാനിക്കുന്ന രീതിയിലായിരുന്നു പെരുമാറിയതെന്നും സാറ ആഹ്ലാദത്തോടെ ഓര്‍ക്കുന്നു. സ്ത്രീകളുടെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ കമ്പനി അനുവാദം നല്‍കുകയും ചെയ്തു.

കേരളത്തിലെ മാറ്റങ്ങളില്‍ സന്തോഷിക്കുന്ന തിരുനങ്കകള്‍ക്കു കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു കേരളം എന്നും സാറ പറഞ്ഞു.

'തിരുനങ്ക പൊലീസ്, ഞങ്ങള്‍ക്കു വേണ്ടി സ്‌കൂളുകള്‍, മെട്രോ റെയില്‍ നിയമനങ്ങള്‍, എല്ലാ പുതിയ നീക്കങ്ങളും ഞങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നു. എന്റെ ജോലി മറ്റുള്ള കമ്പനികള്‍ക്ക് ഉദാഹരണമായിരിക്കട്ടെ, അവരും തിരുനങ്കകള്‍ക്കു ജോലി നല്‍കാന്‍ തുടങ്ങട്ടെ. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരുനര്‍ സമൂഹം മുഖ്യധാരയിലേയ്ക്കു വരുമെന്ന് എനിക്കുറപ്പാണ്, കുറഞ്ഞതു കേരളത്തിലെങ്കിലും,' സാറ പ്രതീക്ഷയോടെ പറയുന്നു.

65 പേരാണ് യുഎസ്‌ടിയിലെ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിലുള്ളത്. അവരിലൊരാളായിട്ടാണു സാറ തന്റെ പുതിയ ജോലി ചെയ്യുന്നത്. യുഎസ്ടി എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ജോലി നല്‍കണമെന്ന കാഴ്ചപ്പാടുള്ള കമ്പനിയായിരുന്നു. തിരുനരേയും ഉള്‍പ്പെടുത്താന്‍ അവര്‍ തീരുമാനിച്ചിരുന്നു. അങ്ങിനെയാണു സാറയ്ക്കും അവസരം ലഭിച്ചത്. തൊഴില്‍ പരിചയം ഉണ്ടായതിനാല്‍ സാറയ്ക്കു കാര്യങ്ങള്‍ എളുപ്പമായി.

തിരുനരുടെ കഴിവുകള്‍ തിരിച്ചറിയേണ്ടതു പ്രധാനമാണ്. തന്റെ തിരുനര്‍ സൃഹൃത്തുക്കളില്‍ ഒട്ടേറെ പേര്‍ തൊഴിലന്വേഷിക്കുകയാണ്. സ്‌കൂള്‍ തലത്തില്‍ നിന്നും തിരുനരെക്കുറിച്ചും അവരുടെ ജീവിതത്തിനെക്കുറിച്ചും അറിവു നല്‍കണമെന്നും സാറ അഭിപ്രായപ്പെടുന്നു.

'സര്‍ക്കാര്‍ തിരുനരേയും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളേയും കുറിച്ചു ബോധവത്ക്കരിക്കാനുള്ള പരിശീലനം അദ്ധ്യാപകര്‍ക്കു നല്‍കണം. ഞങ്ങളും മനുഷ്യരാണെന്നു ജനങ്ങള്‍ തിരിച്ചറിയേണ്ടതു പ്രധാനമാണ്. അവരുടെ അതേ അവകാശങ്ങളാണു ഞങ്ങള്‍ക്കുമുള്ളതെന്ന് അറിയണം,' സാറ പറഞ്ഞു.