പഴയ വിദ്യാലയ തിരുമുറ്റത്തേയ്ക്ക് ട്രാന്‍സ്ജെന്‍ഡേഴ്സ്; എന്നോ മുടങ്ങിയ ക്ലാസുകള്‍ മടക്കി കൊടുക്കാന്‍ സാക്ഷരതാ മിഷന്‍

കേരളം വീണ്ടും രാജ്യത്തിന് മാതൃകയാകുന്നു. മുടങ്ങിയ പഠനം ട്രാന്‍സ്ജെന്‍ഡേഴ്സിനു മടക്കി കൊടുക്കാന്‍ സാക്ഷരതാ മിഷന്‍. ഏഴ്, പത്ത്, പ്ലസ് ടു തുല്യതാ പഠനം വിപ്ലവകരമായ ചുവടുവെയ്പാകും

പഴയ വിദ്യാലയ തിരുമുറ്റത്തേയ്ക്ക് ട്രാന്‍സ്ജെന്‍ഡേഴ്സ്; എന്നോ മുടങ്ങിയ ക്ലാസുകള്‍ മടക്കി കൊടുക്കാന്‍ സാക്ഷരതാ മിഷന്‍

മിക്കവാറും പഠനം നിന്നു പോകുന്നത് ഏഴാം ക്ലാസോടെയാണ്- സംസ്ഥാനത്തെ ട്രാന്‍സ് ജെന്‍ഡേഴ്സിനിടയില്‍ നടത്തുന്ന പഠനത്തില്‍ വ്യക്തമാകുന്ന വസ്തുതയാണ്. ആ പ്രായം എത്തുമ്പോഴാണ് ലൈംഗിക വ്യക്തിത്വം ഏതെന്ന വ്യക്തമാകുന്നതും പ്രകടമാകുന്നതും. മറ്റുള്ളവര്‍ക്ക് തിരിച്ചറിയുന്നതോടെ പരിഹാസവും അവഹേളനവും ഭീഷണികളും ഉയരും. വീട്ടിലും വിദ്യാലയത്തിലും ഒറ്റപ്പെടും. അതോടെ എല്ലായിടത്തു നിന്നുമുള്ള ഒളിച്ചോട്ടമായിരിക്കും. ഏറെപ്പേരുടേയും വിദ്യാഭ്യാസം നിലയ്ക്കും. ചിലരെ ചികിത്സയ്ക്കും മന്ത്രവാദത്തിനും വിധേയരാക്കും.


പീഡനം സഹിക്കാതെ പലരും ഒളിച്ചോടും. ട്രാന്‍സ് ജെന്‍ഡേഴ്സില്‍ ഏതാണ്ട് 60 ശതമാനം പേരുടേയും വിദ്യാഭ്യാസം നിലച്ചത് സമാനമായ സാഹചര്യത്തിലാണ്.സംസ്ഥാനത്ത് ഭിന്നലിംഗ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി മുടങ്ങിപ്പോയ വിദ്യാഭ്യാസം ട്രാന്‍സിന് മടക്കി കിട്ടുകയാണ്. സംസ്ഥാന സാക്ഷരതാ മിഷനാണ് ഏറെ വിപ്ലവകരമായ തീരുമാനമെടുത്തത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രത്യേകമായി തുടര്‍വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സാക്ഷരതാ മിഷന്‍ രംഗത്ത്. പല കാരണങ്ങളാല്‍ വിദ്യാഭ്യാസം മുടങ്ങിയ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രത്യേകമായി ക്ലാസുകള്‍ നല്‍കാനാണ് സാക്ഷരതാ മിഷന്‍ തീരുമാനിച്ചിട്ടുള്ളത്. പരിപാടിയുടെ സംസ്ഥാന തലത്തിലുള്ള ഉദ്ഘാടനം നടന്നു.സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യം സര്‍വേ നടത്തും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി നടത്തുന്ന സര്‍വേയില്‍ അവര്‍ നേടിയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.

ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ നാല്, ഏഴ്, 10, 12 ക്ലാസുകളിലേക്കാണ് പ്രവേശനം നടത്തുക. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമായാണ് ക്ലാസുകള്‍ നടത്തുക. നിലവില്‍ സാക്ഷരതാ മിഷന് കീഴില്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ തുല്യതാ ക്ലാസുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തില്‍ നേരിടുന്ന അവഗണന ഇവിടങ്ങളിലും നേരിടുന്നതുകൊണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് പഠനം നടത്താനാകാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമായി തുടര്‍വിദ്യാഭ്യാസം നല്‍കാന്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ രംഗത്തുവന്നിട്ടുള്ളത്. സ്‌കൂള്‍ കാലഘട്ടത്തില്‍ നേരിട്ട അവഗണനയെത്തുടര്‍ന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ ശ്രീ പറഞ്ഞു. സ്‌കൂള്‍ കാലഘട്ടത്തില്‍ അധ്യാപകരില്‍ നിന്നുള്ള ചൂഷണവും പഠനം ഉപേക്ഷിക്കുന്നതിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാക്ഷരതാ മിഷന്റെ പദ്ധതി ശരിയായ ദിശയിലുള്ളതാണ്- ശ്രീ പറഞ്ഞു.നിലവില്‍ തുല്യതാ പഠന ക്ലാസുകളിലുള്ളവര്‍ക്കൊപ്പമിരുത്തി ട്രാന്‍സ് ജെന്‍ഡേഴ്സിനും ക്ലാസെടുക്കാം എന്നായിരുന്നു ആദ്യ തീരുമാനം.

എന്നാല്‍, പണ്ട് വിദ്യാഭ്യാസ കാലത്ത് നേരിട്ട് അവഗണന ആവര്‍ത്തിക്കുമോ എന്ന ഭയം ട്രാന്‍സിനുണ്ട്. തുല്യത ക്ലാസിലുള്ളവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കി ട്രാന്‍സിനെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നവരാക്കുന്നതാകും മികച്ച സന്ദേശമെന്ന അഭിപ്രായവുമുണ്ട്.സാക്ഷരതാ മിഷന്റെ തുടര്‍ പഠനത്തിലൂടെ പ്ലസ് ടു പാസായ ശേഷം ഡിഗ്രിയും മറ്റും നേടിയ ധാരാളം പഠിതാക്കളുണ്ട്. ട്രാന്‍സിനും ആ അവസരമാണ് ലഭിക്കുന്നത്

Read More >>