'അന്തസ്സുള്ള' തീരുമാനങ്ങളുമായി പതിമൂന്നാം പഞ്ചവത്സര പദ്ധതി; കേരളത്തെ ജനങ്ങളിൽ നിക്ഷേപിച്ച് ആസൂത്രണ ബോർഡ്

അധ്വാനിക്കുന്ന ജനതയ്ക്കും ദരിദ്രർക്കും സാമൂഹികമായി കഷ്ടതകൾ അനുഭവിക്കുന്നവർക്കും പരിസ്ഥിതിക്കും വേണ്ടിയാണ് പഞ്ചവത്സര പദ്ധതി സമർപ്പിച്ചിരിക്കുന്നത്.

അന്തസ്സുള്ള തീരുമാനങ്ങളുമായി പതിമൂന്നാം പഞ്ചവത്സര പദ്ധതി; കേരളത്തെ ജനങ്ങളിൽ നിക്ഷേപിച്ച് ആസൂത്രണ ബോർഡ്

കേന്ദ്ര സർക്കാർ പഞ്ചവത്സര പദ്ധതികൾ ഉപേക്ഷിക്കുകയും ആസൂത്രണ കമ്മീഷൻ പിരിച്ച് വിടുകയും ചെയ്ത സാഹചര്യത്തിൽ ജനകീയ വികസന പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുമായി രംഗത്ത്. വിദ്യാഭ്യാസം മുതൽ തൊഴിൽ, പാർപ്പിടം, ദാരിദ്ര്യം എന്നീ വിഷയങ്ങൾ 'ജനങ്ങളിൽ നിക്ഷേപിക്കുന്ന കേരളം' എന്ന തലക്കെട്ടിലാണ് കരട് രേഖയിൽ അവതരിപ്പിച്ചിരിക്കുന്നത്. അധ്വാനിക്കുന്ന ജനതയ്ക്കും ദരിദ്രർക്കും സാമൂഹികമായി കഷ്ടതകൾ അനുഭവിക്കുന്നവർക്കും പരിസ്ഥിതിക്കും വേണ്ടിയാണ് പഞ്ചവത്സര പദ്ധതി സമർപ്പിച്ചിരിക്കുന്നത്.

കാലഘട്ടത്തിന്റെ അനിവാര്യതയ്ക്കൊത്തുള്ള പദ്ധതികളാണ് ആസൂത്രണ കമ്മീഷൻ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയിലെ പുതുമക്കൊപ്പം പുതിയ ചില പ്രയോഗങ്ങളും ഭാഷാപരമായി രേഖയിൽ ഉപയോഗിച്ചിട്ടുണ്ട്. പതിവ് രീതിയിൽ എല്ലാവർക്കും തൊഴിൽ - എല്ലാവർക്കും വീട് എന്ന് പറഞ്ഞു പോകുന്നതിനു പകരം, എല്ലാവർക്കും 'അന്തസ്സുള്ള തൊഴിൽ - അന്തസ്സുള്ള വീട്' എന്നാണ്. മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് വൃത്തിയുള്ള പരിസരം, വൃത്തിയുള്ള വീട് എന്നീ പ്രയോഗങ്ങളാണ് രേഖയിൽ ഉള്ളത്.

വികസന പരിപാടികളിൽ ഇടതുപക്ഷ അജണ്ട കാത്ത് സൂക്ഷിക്ഷിച്ചുകൊണ്ടുള്ള ആസൂത്രണമാണ് നടത്തിയിരിക്കുന്നത്. അധാനിക്കുന്ന ജനങ്ങളുടെ ചരിത്രപരമായ നേട്ടങ്ങളെ സംരക്ഷിക്കുകയും മതനിരപേക്ഷ, ജനാധിപത്യ, സാമ്പത്തിക, സാമൂഹിക വികസനത്തിന്റെ ഇടതുപക്ഷ ബദൽ നിർമ്മിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുമെന്ന് കരട് രേഖ പറയുന്നു.