ഈ 'കൂട്ടിൽ' നിങ്ങൾ സുരക്ഷിതരാണ്; തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്ക് രാത്രി താമസം സൗജന്യം

50 പേര്‍ക്കാണ് ഒരേ സമയം ഇവിടെ താമസിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക.

ഈ കൂട്ടിൽ നിങ്ങൾ സുരക്ഷിതരാണ്; തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്ക് രാത്രി താമസം സൗജന്യം

തലസ്ഥാനത്ത് രാത്രിയെത്തുന്ന നിർധന സ്ത്രീകൾക്ക് സുരക്ഷിതമായി തങ്ങാൻ ഇനി അലയേണ്ടതില്ല. തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ അവർക്കായി കൂടൊരുക്കിയിരിക്കുകയാണ് സാമൂഹികനീതി വകുപ്പ്. നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് അഞ്ചു മണി മുതല്‍ രാവിലെ ഏഴു മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. 50 പേര്‍ക്കാണ് ഒരേ സമയം ഇവിടെ താമസിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. സൗജന്യ ഭക്ഷണവും ടിവിയും മുഴുവന്‍ സമയ സെക്യൂരിറ്റിയും ഉള്‍പ്പെടെ താമസം പൂര്‍ണമായും സൗജന്യമാണ്.ഇതോടൊപ്പം അടുക്കളയും ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, പോലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടി ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡോർമിറ്ററി ആയാണ് താമസം ഒരുക്കിയിരിക്കുന്നത്.രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാർ, ഒരു സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറു പേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നത്. എന്റെ കൂട് പദ്ധതി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സാമൂഹ്യനീതി വകുപ്പിന്റെ തീരുമാനം. സാമൂഹിക നീതി വകുപ്പ് കൂടൊരുക്കിയതോടെ ഇനി തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്ക് താമസ സ്ഥലത്തിനായി ഹോട്ടലുകൾ കയറിയിറങ്ങേണ്ടതില്ല. വലിയൊരു ആശ്വസമാണ് ഇതിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്നത്.
Read More >>