നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ മാതൃകയാക്കി സംസ്ഥാനത്തെ 1000 വിദ്യാലയങ്ങള്‍ സമാര്‍ട്ടാകുന്നു; കയ്യടിക്കേണ്ടത് എ പ്രദീപ്‌കുമാര്‍ എംഎല്‍എയ്ക്ക്

സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലത്തിലും ഇത്തരത്തില്‍ ഓരോ സ്‌കൂള്‍ എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനായി കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപ നീക്കി വച്ചിരുന്നു. അനുബന്ധ വികസനത്തിന് എംപി, എംഎല്‍എ, പിടിഎ ഫണ്ടുകള്‍ തേടാനാണ് തീരുമാനം. നടക്കാവ് മാതൃകയില്‍ സര്‍ക്കാറുമായി സഹകരിക്കാന്‍ ചില ഫൗണ്ടേഷനുകള്‍ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു. അഞ്ചു വര്‍ഷത്തിനകമാണ് ഇപ്രകാരം 1000 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കാന്‍ ഉദ്ദേശിക്കുന്നത്.

നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ മാതൃകയാക്കി സംസ്ഥാനത്തെ 1000 വിദ്യാലയങ്ങള്‍ സമാര്‍ട്ടാകുന്നു; കയ്യടിക്കേണ്ടത് എ പ്രദീപ്‌കുമാര്‍   എംഎല്‍എയ്ക്ക്

കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മാതൃകയില്‍ സംസ്ഥാനത്തെ 1000 സ്കൂളുകള്‍ 'സ്മാര്‍ട്ടാ'കാനൊരുങ്ങുമ്പോള്‍ ഏറെ അഭിമാനംകൊള്ളുന്നതു കോഴിക്കോട് നോര്‍ത്ത് എംഎല്‍എയായ എ പ്രദീപ്‌കുമാറാണ്. 2008ല്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന വേളയിലാണ് പ്രദീപ്‌കുമാറിന്റെ നേതൃത്വത്തില്‍ നടക്കാവ് ഗവ. സ്കൂള്‍ ഹൈടെക്ക് ആക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എംഎല്‍ എ ഫണ്ടില്‍ നിന്നും വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയും സ്വകാര്യ വ്യക്തികളുടെയും ഏജന്‍സികളുടെയും സഹായത്തോടെയും 22 കോടി രൂപ ചെലവഴിച്ചാണു നടക്കാവ് സ്കൂള്‍ ഹൈടെക്ക് സംവിധാനത്തിലേക്കു കുതിച്ചത്. 12 ക്ലാസ് മുറികള്‍ ഇപ്പോള്‍ 'സ്മാര്‍ട്ടാ'ണ്.


ശാസ്ത്ര സാങ്കേതിക വകുപ്പ്, ഐഎസ്ആര്‍ഒ, മെഡിക്കല്‍ കോളജ് തുടങ്ങിയവയുടെ സാങ്കേതിക സഹായത്തോടെ രാജ്യത്തെ തന്നെ ഏക സര്‍ക്കാര്‍ ഹൈടെക് സ്കൂളായി ഇതു മാറി. ഫുട്‌ബോള്‍, ബോക്‌സിംഗ്, വെയ്റ്റ് ലിഫ്റ്റിംങ്ങ് എന്നീ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. സ്റ്റാര്‍ ഹോട്ടല്‍ മാതൃകയിലാണ് ഇവിടുത്തെ കാന്റീന്‍. മൂന്ന് ഏക്കര്‍ 42 സെന്റ് ഭൂമിയിലാണു നടക്കാവ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ചു കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ക്ക് മൂന്നു കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്‌ബോള്‍, ഹോക്കി ടീമുകളെ വളര്‍ത്തിയെടുക്കുന്നതിനായി ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രത്യേകപരിശീലന പരിപാടി സംഘടിപ്പിച്ചുവരുന്നു.

ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണു സ്കൂളിനു കൂടുതല്‍ സാമ്പത്തിക സഹായം നല്‍കിയത്. സ്കൂള്‍ സന്ദര്‍ശിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ ഇവിടെയൊരു മ്യൂസിക് അക്കാദമിയ്ക്കായുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ധനസഹായവും സ്കൂളിന്റെ സാങ്കേതികമായ പുരോഗതിയ്ക്കു മുതല്‍കൂട്ടായി. സാങ്കേതികമായ പുരോഗതിയ്ക്കൊപ്പം അക്കാദമി തലത്തിലും നടക്കാവ് ഗവ.സ്‌കൂള്‍ മികച്ച മുന്നേറ്റമാണ് കഴിഞ്ഞകാലങ്ങളില്‍ കാഴ്ച്ച വച്ചതെന്ന് എ പ്രദീപ്‌കുമാര്‍ എംഎല്‍എ നാരദാന്യൂസിനോട് പറഞ്ഞു.

എംഎല്‍എ ഫണ്ടില്‍ നിന്നു മാത്രം മൂന്നുകോടി രൂപ ഈ സ്കൂളിനു വേണ്ടി ചെലവഴിച്ചിട്ടുണ്ട്. പ്രിസം എന്ന പേരിലാണു സ്കൂള്‍ വികസന പദ്ധതികള്‍ നടപ്പാക്കിയത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഹൈടെക്കായതോടെ ഇവിടെ ചേരാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ക്യൂവിലാണ്. നടക്കാവ് മാതൃകയില്‍ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് സ്കൂള്‍, മെഡിക്കല്‍ കോളജ് സ്കൂള്‍, കാരപ്പറമ്പ് സ്കൂള്‍ തുടങ്ങിയവയും ഹൈടെക് ആക്കാന്‍ പ്രദീപ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായിത്തന്നെ നടക്കുന്നുണ്ട്.

സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലത്തിലും ഇത്തരത്തില്‍ ഓരോ സ്‌കൂള്‍ എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനായി കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപ നീക്കി വച്ചിരുന്നു. അനുബന്ധ വികസനത്തിന് എംപി, എംഎല്‍എ, പിടിഎ ഫണ്ടുകള്‍ തേടാനാണു തീരുമാനം. നടക്കാവ് മാതൃകയില്‍ സര്‍ക്കാറുമായി സഹകരിക്കാന്‍ ചില ഫൗണ്ടേഷനുകള്‍ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു. അഞ്ച് വര്‍ഷത്തിനകം ഇപ്രകാരം 1000 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കാനാണ് ഉദ്ദേശിക്കുന്നത്. പന്ത്രണ്ടാം തരം വരെയുള്ള എയ്ഡഡ് സ്കൂളുകളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനുള്ള ശ്രമങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.