ആക്രമണം കാണുന്ന ഇക്കിളിപ്പൊലീസ്‌: ശിവസേനയുടെ ചൂരലടിക്കു കൂട്ടുനിന്ന പൊലീസുകാരുടെ മനോവൈകൃതം പുറത്തായി

മറൈന്‍ ഡ്രൈവില്‍ യുവതീയുവാക്കള്‍ക്ക് നേരെ ശിവസേനക്കാരുടെ സദാചാര ചൂരല്‍ പ്രയോഗം നടക്കുമ്പോള്‍ നോക്കി നിന്ന പൊലീസുകാര്‍ തൊട്ടുപിന്നാലെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒന്നിച്ചു കാണുകയായിരുന്നു. തേജസ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഷിയാമി തൊടുപുഴ പകര്‍ത്തിയ ചിത്രം നവമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

ആക്രമണം കാണുന്ന ഇക്കിളിപ്പൊലീസ്‌: ശിവസേനയുടെ ചൂരലടിക്കു കൂട്ടുനിന്ന പൊലീസുകാരുടെ മനോവൈകൃതം പുറത്തായി

കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനിരയായ യുവതീ യുവാക്കളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ കണ്ടുചിരിക്കുന്ന പൊലീസുകാരുടെ ചിത്രം പുറത്തായി. ബുധനാഴ്ച വൈകീട്ട് യുവതീ യുവാക്കളെ ചൂരലെടുത്ത് ശിവസേനക്കാര്‍ ഓടിക്കുമ്പോള്‍ നോക്കിനിന്ന പൊലീസിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസ്ഥലത്ത് അല്‍പ്പസമയത്തിനകം കറുത്ത ടീഷര്‍ട്ട് ധരിച്ചയാളുടെ കൈയ്യിലുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ കൂടിനിന്ന് നോക്കിക്കാണുന്ന പൊലീസുകാരുടെ ചിത്രമാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ശിവസേനക്കാര്‍ യുവതീ യുവാക്കളെ ഓടിച്ചിട്ട് തല്ലുമ്പോള്‍ കറുത്ത ടീ ഷര്‍ട്ട് ധരിച്ച ഒരാള്‍ മൊബൈലില്‍ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ചാനലുകളുടെ ക്യാമറകളില്‍ പതിഞ്ഞിരുന്നു.

തേജസ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഷിയാമി തൊടുപുഴയാണ് പൊലീസുകാര്‍ ഒന്നിച്ചു കൂടി മൊബൈലിലെ ദൃശ്യങ്ങള്‍ കാണുന്ന ചിത്രം പകര്‍ത്തിയത്. മൊബൈലില്‍ നോക്കി പൊലീസുകാര്‍ ചിരിക്കുന്നതായാണ് തേജസ് പ്രസിദ്ധീകരിച്ച ചിത്രത്തില്‍ കാണാനാകുന്നത്. മൊബൈലില്‍ ചിത്രീകരിച്ച പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് പൊലീസുകാര്‍ നോക്കി കാണുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.

മൊബൈലില്‍ നോക്കിക്കാണുന്നത് പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണെങ്കില്‍ പൊലീസിന്റെ മനോനില മാറണമെന്ന അഭിപ്രായമാണ് ഉയരുന്നത്. അക്രമം തടയാതിരുന്ന പൊലീസ് ഇതിന് പിന്നാലെ മൊബൈല്‍ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്ന ചിത്രം പത്രം പ്രസിദ്ധീകരിച്ചതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ശിവസേനയുടെ സദാചാര ആക്രമണം നടന്നപ്പോള്‍ നോക്കിനിന്ന പൊലീസിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതോടെ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരും നിര്‍ബന്ധിതമാകുകയായിരുന്നു. ശിവസേനയുടെ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ട സെന്‍ട്രല്‍ എസ്‌ഐയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് പൊലീസുകാരെ എആര്‍ ക്യംപിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചിപ്പിച്ചതിനെ തുടര്‍ന്നാണ് പാലക്കാട് സ്വദേശിയായ അനീഷ് മാനഹാനിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ചാനലുകളും പത്രങ്ങളും ശിവസേനയുടെ ചൂരല്‍ പ്രയോഗമേറ്റ യുവതീയുവാക്കളുടെ ചിത്രം മുഖം മറച്ചാണ് പുറത്തുവിട്ടത്. ശിവസേനക്കാരടക്കം ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നതിനാല്‍ ദൃശ്യം പകര്‍ത്തിയത് ചോദ്യം ചെയ്യപ്പെട്ടുമില്ല. ഈ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് നശിപ്പിക്കണം എന്ന ആവശ്യം നിലനില്‍ക്കെയാണ് മനോവൈകൃതമുള്ളവരെ പോലെ ദൃശ്യങ്ങള്‍ വീക്ഷിക്കുന്ന പൊലീസ് സംഘത്തിന്റെ ചിത്രം പുറത്തുവന്നത്.